ഫുട്ബാൾ താരം ഹിയാനിക് കാംബെയുടെ മരണവാർത്ത ഇൻഷ്വറൻസ് തട്ടിപ്പിനെന്ന് സംശയം
ബെർലിൻ: നാലുവർഷം മുമ്പ് വാഹനാപകടത്തിൽ ‘മരിച്ച’ ഫുട്ബാൾ താരം ജീവനോടെ തിരിച്ചെത്തിയതോടെ അദ്ദേഹത്തിന്റെ പേരിലുള്ള ഇൻഷ്വറൻസ് തുക കൈപ്പറ്റിയ മുൻഭാര്യ സംശയ നിഴലിൽ . ജർമ്മനിയിലെ ബുണ്ടസ് ലിഗ മുൻനിര ക്ലബ് ഷാൽകെയുടെ മുൻ യൂത്ത് ടീം അംഗവും, എട്ടാം ഡിവിഷൻ ക്ലബ് വി.എഫ്.ബി ഹൾസ് താരവുമായിരുന്ന ഹിയാനിക് കാംബയാണ് വാഹനാപകടത്തിൽ ‘മരിച്ച്’ നാലുവർഷത്തിനു ശേഷം ജീവനോടെ പ്രത്യക്ഷപ്പെട്ടത്. ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ കാംബയുടെ മുൻ ഭാര്യ മെനഞ്ഞ കഥയാണ് വാഹനാപകട മരണമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
2016 ജനുവരി ഒമ്പതിനാണ് മാതൃരാജ്യമായ കോംഗോയിലേക്ക് കൂട്ടുകാർക്കൊപ്പം യാത്രപോയ കാംബ വാഹനാപകടത്തിൽ മരിച്ചുവെന്ന വാർത്ത ജർമ്മനിയിൽ എത്തിയത്. കോംഗോയിലെ ആഭ്യന്തര സംഘർഷത്തെത്തുടർന്ന് 1980കളിൽ ജർമ്മനിയിലേക്ക് കുടിയേറിയതായിരുന്നു കാംബയുടെ കുടുംബം. 2005ൽ അവരെ കോംഗോയിലേക്ക് നാടുകടത്തിയെങ്കിലും 19കാരനായ കാംബയെ ഷാൽകെ ക്ലബുമായുള്ള കരാർ പരിഗണിച്ച് ജർമ്മനിയിൽ തുടരാൻ അനുവദിച്ചു. അവിടെ, മാനുവൽ നൂയർ ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം കളിച്ച കാംബെക്ക് ക്ലബ് സീനിയർ ടീമിലേക്ക് കരാർ ഓഫർ ചെയ്തെങ്കിലും ധാരണയായില്ല. പിന്നീട് ഹൾസിനായി കളിച്ച താരം വൈകാതെ നാട്ടിലേക്ക് മടങ്ങി. ഇതിനിടെയാണ് 2016ൽ മരണവാർത്തയെത്തുന്നത്.
പിന്നാലെ, കാംബയുടെ മരണ സർട്ടിഫിക്കറ്റും സംസ്കാര വിവരങ്ങളും സമർപ്പിച്ച് ആദ്യ ഭാര്യ ലക്ഷക്കണക്കിന് ഡോളർ ഇൻഷ്വറൻസ് തുക ജർമ്മനിയിൽ നിന്ന് സ്വന്തമാക്കി. എന്നാൽ കാംബെ ജീവനോടെയുണ്ടെന്ന വാർത്തകൾ ഇപ്പോഴാണ് പുറത്തുവരുന്നത്. അന്വേഷണത്തിൽ രണ്ട് വർഷത്തോളമായി ഇദ്ദേഹം ജർമ്മനിയിലെ ഗെൽസൻ കിർചനിൽ കെമിക്കൽ ടെക്നീഷ്യനായി ജോലി ചെയ്യുന്നതായും കണ്ടെത്തി. താൻ മരിച്ചതായ വാർത്ത പ്രചരിച്ചതായി അറിഞ്ഞിരുന്നില്ലെന്നാണ് കാംബെ പറയുന്നത്. കോംഗോയിൽ ഒരു യാത്രക്കിടെ കൂട്ടുകാരിൽ നിന്നും ഒറ്റപ്പെട്ട് രേഖകളും പണവും മൊബൈൽ നമ്പറുകളും നഷ്ടപ്പെട്ട് വഴിതെറ്റിപ്പോയി. ആരുമായും ബന്ധപ്പെടാൻ കഴിയാതെ നീണ്ടകാലം അലഞ്ഞുതിരിഞ്ഞു.
പിന്നീട് കോംഗോയിലെ ജർമ്മൻ എംബസിയെ സമീപിച്ചാണ് 2018 ജർമനിയിൽ തിരിച്ചെത്തിയത്. അതേസമയം കാംബെയുടെ മുൻഭാര്യ കോംഗോയിൽ നിന്ന് വ്യാജ മരണസർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഇൻഷ്വറൻസ് തുക തട്ടിയതെന്ന് കരുതുന്നു. ഇതിൽ കാംബെയ്ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.