തിരുവനന്തപുരം : സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റും റെയിൽവേ ചീഫ് റിസർവേഷൻ സൂപ്പർവൈസറുമായ മുൻ കായികതാരം പത്മിനി തോമസിന്റെ ഭർത്താവ് ജെ.സെൽവൻ (64) വീടിന്റെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു.
സ്പോർട്സ് കൗൺസിലിൽ സൈക്ളിംഗ് അസോസിയേഷൻ പ്രതിനിധിയായ സെൽവൻ, മുൻ അത്‌ലറ്റിക്സ് താരവും റെയിൽവേ ജീവനക്കാരനുമായിരുന്നു.
ഇന്നലെ വൈകുന്നേരം അഞ്ചേമുക്കാലോടെ പി.ടി.പി നഗറിന് സമീപം വേട്ടമുക്കിലെ മരുമകൻ ക്ളിന്റണിന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം. പേരക്കുട്ടിയെ കളിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് മുറ്റത്തേയ്ക്ക് വീണത്. മെഡിക്കൽ കോളേജ് ആശുപത്രയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉയർന്ന രക്തസമ്മർദ്ദത്തിനും പാർക്കിൻസൺ രോഗത്തിനും ചികിത്സയിലായിരുന്നുവെന്ന് ക്ളിന്റൺ പറഞ്ഞു. അപകടസമയത്ത് പത്മിനി തോമസും വീട്ടിലുണ്ടായിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് വഴുതക്കാട് രാജീവ് നഗറിലെ വീട്ടിലെത്തിക്കും. സ്പെൻസർ ജംഗ്ഷനിലെ ഒാർത്തഡോക്സ് പള്ളി സെമിത്തേരിയിൽ വൈകുന്നേരത്തോടെ സംസ്‌ക്കരിക്കും. റെയിൽവേ ജീവനക്കാരിയും മുൻ അത്‌ലറ്റുമായ ഡയാന സെൽവൻ, മുൻ ഫെൻസിംഗ് താരവും എയർലൈൻ കാബിൻ ക്രൂവുമായ ഡാനി സെൽവൻ എന്നിവരാണ് മക്കൾ. മരുമകൾ : നിമ്മി.