selvan

തിരുവനന്തപുരം: കായിക രംഗത്തും ഒൗദ്യോഗികവൃത്തിയിലും ഒരുമിച്ചുണ്ടായിരുന്ന കുടുംബത്തിന്റെ നാഥനാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയ അത്‌ലറ്റ് ജെ.സെൽവൻ.റെയിൽവേയുടെ അത്‌ലറ്റിക്‌സ് താരമായിരുന്നു സെൽവൻ.റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽ ചീഫ് റിസർവേഷൻ സൂപ്പർവൈസറായ ഭാര്യ പത്മിനി തോമസ് അർജുന അവാർഡ് നേടിയ മദ്ധ്യദൂര ഒാട്ടക്കാരിയാണ്. മക്കളും കായിക രംഗത്തുതന്നെ. മകൾ ഡയാന ഇന്റർ യൂണിവേഴ്സിറ്റി മെഡൽ നേടിയ ഒാട്ടക്കാരി.മകൻ ഡാനിക്ക് ഫെൻസിംഗിനോടായിരുന്നു താത്പര്യം. ഡയാനയ്ക്ക് വരനെകണ്ടെത്തിയതും കായികരംഗത്തുനിന്നുതന്നെ. അതും റെയിൽവേ ജോലിക്കാരൻ കൂടിയായ ക്ളിന്റൺ.ജെ പെരേരയെ.ഡാനി മാത്രമാണ് റെയിൽവേ വിട്ട് എയർലൈൻസിലെ ജോലി തിരഞ്ഞെടുത്തത്.

പത്മിനി തോമസിനൊപ്പം കായികഭരണരംഗത്തും സജീവമായിരുന്നു സെൽവൻ. ദീർഘകാലം ഹാൻഡ്ബാൾ അസോസിയേഷന്റെ ഭാരവാഹിയായിരുന്നു. ഇപ്പോൾ സൈക്ളിംഗ് അസോസിയേഷന്റെ സ്പോർട്സ് കൺസിൽ പ്രതിനിധിയും. പത്മനി തോമസ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്നപ്പോൾ എല്ലാറ്റിനും തുണയായി സെൽവൻ ഒപ്പമുണ്ടായിരുന്നു.

ഭാര്യയ്ക്കും മക്കൾക്കും മരുമക്കൾക്കുമൊപ്പം എന്നും രാവിലെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ പരിശീലനം നടത്താനും പഴയ സുഹൃത്തുക്കൾക്കൊപ്പം ഹാൻഡ്ബാൾ കളിക്കാനും സന്തോഷവാനായി എത്തുമായിരുന്നു. ഇൗ മാസം 30ന് പത്മിനി തോമസ് റെയിൽവേയിൽ നിന്ന് വിരമിക്കാനിരിക്കേയാണ് ഭർത്താവിന്റെ വിയോഗം. സെൽവന്റെ സഹോദരൻ അടുത്തിടെയാണ് മരിച്ചത്.