വിശാഖപട്ടണം։ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റിൽ ഉണ്ടായ വാതക ചോര്‍ച്ചയില്‍ ഏഴ് മരണം. വിഷവാതകം ശ്വസിച്ച് എട്ട് വയസുകാരി ഉൾപ്പെടെ ഏഴ് പേർ മരിച്ചതായാണ് റിപ്പോർട്ട്. ആർ.ആർ വെങ്കടപുരം ഗ്രാമത്തിന് സമീപത്തുള്ള എല്‍ജി പോളിമേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്ലാന്റിലാണു വാതക ചോർച്ചയുണ്ടായത്. ശ്വസിക്കാൻ ബുദ്ധിമുട്ടിയ ജനങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തര യോഗം വിളിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ അടിയന്തര യോഗം രാവിലെ 11 മണിയ്ക്കാണ് അദ്ദേഹം വിളിച്ചിരിക്കുന്നത്. അതേസമയം വിഷവാതക ദുരന്തം അറിഞ്ഞ് ഞെട്ടിത്തരിച്ചു എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ദുരന്തബാധിത മേഖലയിൽ ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നൽകാൻ കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും അഭ്യർത്ഥിച്ച അദ്ദേഹം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും രാഹുൽ ട്വീറ്റ് ചെയ്തു.
കമ്പനിയിൽ ഉണ്ടായ വാതക ചോർച്ച കണ്ടുപിടിച്ച് അടച്ചുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എന്നാൽ രണ്ടു മണിക്കൂർ കൂടി അന്തരീക്ഷത്തിൽ വാതകം നിലനിൽക്കും. രക്ഷാ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി വൈ.എസ് ജഗമോഹൻ റെഡ്ഡി സംഭവ സ്ഥലം സന്ദർശിക്കും.
ഇരുനൂറോളം പേർ വീടുകളിൽ കുടുങ്ങിപ്പോയിട്ടുണ്ട്. അഞ്ച് കിലോമീറ്റർ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ട്. ഇരുപതോളം ഗ്രാമങ്ങൾ ഒഴിപ്പിച്ചുവെന്നാണ് ഒടുവിലത്തെ വിവരം. ഇരുനൂറോളം പേർ വീടുകളിൽ കുടുങ്ങിപ്പോയിട്ടുണ്ട്. അഞ്ച് കിലോമീറ്റർ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ട്. ഇരുപതോളം ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണെന്നാണ് ഒടുവിലത്തെ വിവരം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് എൽ.ജി പോളിമര്‍ പ്ലാന്‍റിൽ രാസവാതക ചോര്‍ച്ച ഉണ്ടായത്. ഗ്രാമങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് തുടര്‍ച്ചയായ അറിയിപ്പ് പൊലീസ് നടത്തുണ്ടെങ്കിലും വീടുകളിൽ പലതിൽ നിന്നും പ്രതികരണമില്ലെന്നാണ് പ്രാഥമിക വിവരം.
പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ലോക്ക്ഡൗണിനെ തുടര്‍ന്ന് പൂട്ടിയിരുന്ന കമ്പനി ഇന്ന് പുലര്‍ച്ചയോടെ തൊഴിലാളികളെത്തി തുറന്നു. ഉടന്‍ തന്നെ ഗ്യാസ് ചേംബറുകള്‍ക്കുള്ളില്‍ അനിയന്ത്രിതമായ പൊട്ടിത്തെറിയുണ്ടാകുകയും ചോര്‍ച്ച സംഭവിക്കുകയുമായിരുന്നു. സ്പ്രേ ചെയ്ത് വാതകം നിയന്ത്രിക്കാനുള്ള പ്രാരംഭ ശ്രമങ്ങള്‍ ഫലമുണ്ടായില്ലെന്ന് ജില്ലാ കളക്ടർ വി.വിനയ് ചന്ദ് പറഞ്ഞു.
വാതകം ശ്വസിച്ചാണ് ഗ്രാമങ്ങളിലെ പലരും ഉറക്കം ഉണർന്നത്. വീടിന് പുറത്തേക്കിറങ്ങിയപ്പോള്‍ മുഴുവന്‍ പുക നിറഞ്ഞിരിക്കുന്നുവെന്ന് ഗ്രാമീണര്‍ പറഞ്ഞു. കണ്ണുകള്‍ തുറക്കാന്‍ പറ്റാത്ത എരിച്ചിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
ചോര്‍ച്ച വെങ്കടപുരത്തും ഗോപാലപട്ടണത്തെ മറ്റ് അഞ്ച് ഗ്രാമങ്ങളിലും പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. നിന്ന നില്‍പ്പിലാണ് ആളുകള്‍ വിഷവാതകം ശ്വസിച്ച് കുഴഞ്ഞ് വീഴുന്നത്. കുഞ്ഞുങ്ങളേയും കൊണ്ട് അമ്മമാര്‍ നിലവിളിച്ചോടി. സമീപത്തെ പശുക്കളും നായകളും വായില്‍ നിന്ന് നുരവന്ന് ചത്തു. പുലര്‍ച്ച തന്നെ തലവേദന ഛര്‍ദ്ദി, ശ്വസന പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഗ്രാമീണര്‍ക്ക് അനുഭവപ്പെട്ടിരുന്നു.ആളുകളെ ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത് ബസുകളും മറ്റും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
കിലോമീറ്ററുകൾ നടന്ന് ഗ്രാമങ്ങളിൽ നിന്ന് പുറത്തെത്തുന്ന പലരും ബോധരഹിതരായി വീഴുന്ന കാഴ്ചയും ഉണ്ട്. വിഷവാതക ചോര്‍ച്ച ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. വീടുകളിൽ നിന്ന് പുറത്തിറങ്ങി വന്ന ആളുകളെ ആശുപത്രിയിലെത്തിക്കുന്നുണ്ട്. ഞെട്ടിക്കുന്ന കാഴ്ചകളാണ് ഗോപാൽപുരത്തെ തെരുവുകളിൽ കാണുന്നതെന്നാണ് അവിടെ നിന്നുള്ള വിവരം.
തെരുവുകളിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ബോധരഹിതരായി കിടക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് വന്ന ലോക്ക് ഡൗണിന് ശേഷം ഇന്നാണ് കമ്പനി തുറക്കാനിരുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങൾ അടക്കം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടെയാണ് വിഷവാതക ചോര്‍ച്ച ഉണ്ടായത്.