വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് എൽ ജി പോളിമർ പ്ലാന്റിലുണ്ടായ വിഷവാതക ചോർച്ചയിൽ മരിച്ചവരുടെ എണ്ണം 13 ആയി. 200റോളം പേർ ചികിത്സയിലാണ്. ഇതിൽ 15 പേരുടെ നില ഗുരുതരമാണ്. സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു. ചോർച്ച അടച്ചെങ്കിലും വാതകച്ചോർച്ചയുടെ കാരണം വെളിവായിട്ടില്ല.
വിശാഖപട്ടണത്തെ ആർ ആർ വെങ്കിടപുരത്തെ എൽ ജി പോളിമർ പ്ലാന്റിൽ നിന്നാണ് ഇന്ന് പുലർച്ചെ 2:30നാണ് വാതകചോർച്ച ഉണ്ടായത്. പി വി സി വാതകമായ സ്റ്റിറീനാണ് ചോർന്നത്. പ്ളാന്റിന് തൊട്ടടുത്ത പ്രദേശങ്ങൾ ജനവാസ കേന്ദ്രങ്ങളാണ്.ആളുകൾ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നത് ദുരന്തത്തിന്റെ ആക്കം കൂട്ടി.രക്ഷപെടാൻ വീടുകളിൽ നിന്ന് ഇറങ്ങിയോടിയവർ വഴിയിൽ കുഴഞ്ഞു വീണു.രണ്ടായിരത്തോളം പേർ വാതകം ശ്വസിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പ്ലാന്റിന് സമീപത്തെ അഞ്ചു ഗ്രാമങ്ങളിലുള്ള ആളുകളെ ഒഴിപ്പിച്ചു.
മലയാളികളെല്ലാം സുരക്ഷിതരാണ് റിപ്പോർട്ട്.
ചോർച്ചയടച്ചതിനു പിന്നാലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ലോക്ക് ഡൗണിനു ശേഷം ഇന്നലെ പ്രവർത്തനമാരംഭിച്ച പ്ലാന്റിൽ അറ്റകുറ്റപണികൾ നടക്കുകയായിരുന്നു. ഇവിടെ വൻതോതിൽ രാസവസ്തുക്കൾ ശേഖരിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. വാതകം ശ്വസിച്ചവരിൽ ലക്ഷണങ്ങൾ പ്രകടമാകാത്തവർക്ക് പിന്നീട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തൽ. ദുരന്തത്തിൽ പെട്ടവരുടെ ചികിത്സചെലവ് വഹിക്കുമെന്ന് എൽ ജി പോളിമേഴ്‌സ് അറിയിച്ചു.