peacock-

തിരുവനന്തപുരം : മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ.രാജുവിന്റെ കവടിയാറിലുള്ള വസതിയിൽ മയിൽ സന്ദർശനം തുടരുന്നു.ലോക്ക് ഡൗൺ കാലമായതിനാൽ സ്വതന്ത്രമായ അന്തരീക്ഷം ആസ്വദിച്ച് കവടിയാറിൽ കറങ്ങി നടക്കുന്നതിനിടയിലാണ് മയിൽ മന്ത്രി മന്ദിരത്തിലും ഒന്ന് കയറിയിറങ്ങിയത്.

ഇന്നലെ രാവിലെ മന്ത്രിയുടെ ഒൗദ്യോഗിക വസതിയായ അജന്തയിൽ എത്തിയ മയിലിന് മന്ത്രിയെ കാണാൻ കഴിഞ്ഞിരുന്നില്ല.അതിനാലാകും ഇന്നു രാവിലെ വീണ്ടും എത്തിയത്."തന്റെ വകുപ്പ് മന്ത്രിയെ കാണാൻ എത്തിയതാകും" എന്നായിരുന്നു ഇതേക്കുറിച്ച് മന്ത്രി പത്നി ഷീബയുടെ കമന്റ് .എന്നാൽ മണ്ഡലത്തിലേക്ക് പോയതിനാൽ മന്ത്രി അപ്പോൾ അജന്തയിൽ ഉണ്ടായിരുന്നില്ല.അതിനാൽ മയിൽ നാളെയും എത്തിയേക്കുമെന്നാണ് ഷീബ പറയുന്നത്.കവടിയാറിലുള്ള വ്യവസായ പ്രമുഖൻ ജി.മോഹൻദാസിന്റെ വസതിയിലും ഇന്നലെ മയിൽ എത്തിയിരുന്നു.വി.വി.ഐ.പി കളുടെ വീടുകൾ തിരഞ്ഞു പിടിച്ചാണ് എന്തായാലും മയിലിന്റെ സഞ്ചാരവും സന്ദർശനവും.