ആറ്റിങ്ങൽ: കൊവിഡ് ഭീതിയിൽ വിദേശത്ത് കഴിയുന്ന ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ പ്രവാസികൾക്ക് സാന്ത്വനം നൽകുന്നതിനായി അടൂർ പ്രകാശ് എം.പിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കെയർ പദ്ധതി. ആയിരങ്ങൾക്കാണ് ഈ പദ്ധതി ആശ്വാസമാകുന്നത്. ലോകമെമ്പാടും കൊവിഡ് പടരുന്ന സാഹചര്യത്തിൽ സ്വന്തം വീടിനെക്കുറിച്ചും നാടിനെക്കുറിച്ചും ആശങ്കയോടെ മറുനാട്ടിൽ ജീവിതം തള്ളിനീക്കുന്ന വർക്കാണ് സൗജന്യമായി ഭക്ഷണം നൽകിയും ചികിത്സാ സൗകര്യം ഒരുക്കിയും എം.പി മാതൃകയാകുന്നത്.
ലോകമെങ്ങും കൊവിഡ് ഭീതിയുടെ നിഴലിൽ ആയ സാഹചര്യത്തിൽ ഏപ്രിൽ പതിനെട്ടു മുതലാണ് ആറ്റിങ്ങൽ മണ്ഡലത്തിലെ പ്രവാസികൾക്കായി എം.പി മുന്നിട്ടിറങ്ങിയത് ഇതിന്റെ ആദ്യപടിയായി പ്രശ്നങ്ങൾ നേരിടുന്നവരെ കണ്ടെത്തുന്നതിനും സഹായം നൽകുന്നതിനുമായി അതാതിടങ്ങളിലുള്ള പ്രവാസികളുടെ നേതൃത്വത്തിൽ ഒരു വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചു.
യു എ ഇ, സൗദി അറേബ്യ ,ഖത്തർ, ദുബായ് തുടങ്ങിയ വിവിധ രാജ്യങ്ങളിലുള്ള ആയിരങ്ങൾ അംഗങ്ങളായി
തുടർന്ന് ഈ കൂട്ടായ്മയുടെ രൂപീകരണവും പ്രവർത്തനവും അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു. ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന വർക്കായി അടിയന്തര വൈദ്യ സഹായം എത്തിക്കുകയാണ് ആദ്യം ചെയ്തത് വിവിധരാജ്യങ്ങളിൽ പതിനഞ്ചോളം ആശുപത്രികളുമായി ബന്ധപ്പെടുകയും ഇതിനായി സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു.
തൊഴിൽ നഷ്ടമായവർക്കും ആലംബമറ്റ് ലേബർ ക്യാമ്പുകളിൽ കഴിയുന്ന നിരവധി പേർക്കും ഇതിന്റെ പ്രയോജനം ലഭിച്ചു മുറിക്ക് പുറത്തിറങ്ങാനാവാത്തതു മൂലം ഭക്ഷണം കിട്ടാതെ വിശപ്പുമായി കഴിഞ്ഞിരുന്ന നൂറുകണക്കിന് പേർക്ക് ആറ്റിങ്ങൽ കെയർ വഴി അന്നമെത്തിച്ചു. രോഗ ഭീതിയിൽ ദുരന്തമുഖത്ത് നിന്നവർക്കായി നേരിട്ട് സംശയങ്ങൾ തീർക്കുന്നതിനും ടെൻഷൻ ഒഴിവാക്കുന്നതിനും ഹെൽപ്പ് ലൈൻ സജ്ജമാക്കി വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹി ഡോക്ടർ സുൽഫി നൂഹു ഉൾപ്പെടെയുള്ളവർ ഇതിന് നേതൃത്വം നൽകി. മാനസികമായി പ്രയാസം നേരിടുന്ന വർക്ക് ആശ്വാസം പകരുന്നതിനും ആത്മവിശ്വാസം നൽകുന്നതിനുമായി ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോക്ടർ നജീബിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘത്തെയും പ്രവാസികൾക്ക് തുണയേകാൻ അടൂർപ്രകാശ് എംപിയുടെ നേതൃത്വത്തിൽ അണിനിരത്തി.
ആറ്റിങ്ങൽ മണ്ഡലത്തിൽ ഉള്ളവർക്കായിട്ടാണ് ഈ ആറ്റിങ്ങൽ കെയർ നടപ്പാക്കിയതെങ്കിലും സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിൽ ഉള്ളവർക്കും പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. മന്ത്രി എന്ന നിലയിൽ ഉള്ള മുൻപരിചയവും രാഷ്ട്രീയത്തിനപ്പുറമുള്ള സൗഹൃദങ്ങളും ആറ്റിങ്ങലിലെ പ്രവാസികൾക്ക് രക്ഷയൊരുക്കാൻ എം.പിക്ക് കരുത്തായി. ഇപ്പോഴും സഹായങ്ങൾ തേടി ആയിരങ്ങളാണ് വാട്സ്ആപ്പ് കൂട്ടായ്മയിൽ സന്ദേശങ്ങളുമായി ദിനവും എത്തുന്നത് തിരക്കുകൾക്കിടയിലും ഓരോ സന്ദേശവും അറിയാനും പ്രശ്നങ്ങൾ മനസ്സിലാക്കി അടിയന്തരമായി പരിഹരിക്കാനും കൃത്യമായ ഇടപെടൽ ആണ് നടത്തുന്നത്.
ഇതിനൊക്കെ നന്ദി അറിയിച്ചുകൊണ്ട് എം പിക്ക് മറുനാട്ടിൽ നിന്നും മറ്റുമായി ലഭിക്കുന്ന വിളികൾ ആ കരുതലിന്റെയും സ്നേഹത്തിന്റെയും അടയാളമായി മാറുന്നു. ഒപ്പം ആറ്റിങ്ങൽ കെയർ എന്ന പദ്ധതിയുടെ വലിയ വിജയത്തിൻറെ സൂചനയും കൂടിയാകുന്നു ഇത്. കേന്ദ്ര ഗവൺമെന്റ് പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിന് ഏഴാം തീയതി മുതൽ നടപടി സ്വീകരിക്കുന്നു. നിർഭാഗ്യകരമെന്ന് പറയേണ്ടി ഇരിക്കുന്നു തിരുവനന്തപുരത്തുള്ള ഇൻറർനാഷണൽ എയർപോർട്ട് പാടെ അവഗണിച്ച് സ്ഥിതിയാണ് കണ്ടത്.
ഈ കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രി എന്ന നിലയിൽ ശ്രീ.ഹർദീപ് സിംഗ് പുരി യെ തിരുവനന്തപുരം എയർപോർട്ട് കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കത്ത് ഇന്നലെ തന്നെ നൽകുകയും ചെയ്തു. കേരളത്തിലെ തെക്കൻ ജില്ലകൾ ആയ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ പ്രവാസികൾക്ക് മടങ്ങി വരുവാൻ നടപടിയാണ് ഉണ്ടാകേണ്ടത്. അടിയന്തിരമായി ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകണമെന്ന് അടൂർപ്രകാശ് എം.പി ആവശ്യപ്പെട്ടു.