അഹമ്മദാബാദ്: സംസ്ഥാനത്തെ ബിജെപി ഗവണ്മെന്റ് ഫെബ്രുവരി 24ന് മോട്ടേരാ സ്റ്റേഡിയത്തിൽ നടത്തിയ 'നമസ്തേ ട്രംപ് ' പരിപാടി ഗുജറാത്തിലാകെ കൊവിഡ് പടർന്ന് പിടിക്കാൻ കാരണമായെന്ന ആരോപണവുമായി ഗുജറാത്ത് പ്രദേശ് കോൺഗ്രസ്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്ത ഈ വലിയ പരിപാടിയെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തെ വച്ച് അന്വേഷിക്കണമെന്ന് ഗുജറാത്ത് കോൺഗ്രസ് പ്രസിഡന്റ് അമിത് ചവ്ഡ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ കുറ്റകരമായ അനാസ്ഥക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചടങ്ങിനു മുൻപ് നേതാക്കളെ അഭിവാദ്യം ചെയ്യാൻ സ്റ്റേഡിയത്തിൽ തോളോട് തോൾ ചേർന്ന് നിരവധി ജനങ്ങളെ ഏർപ്പാടാക്കിയിരുന്നു. മാത്രമല്ല ആയിരക്കണക്കിന് വിദേശികൾ ചടങ്ങിനെത്തിയിരുന്നു ഇവർ ഒത്തുചേർന്നതാകാം രോഗം പടരാനുള്ള കാരണം. ജനുവരിയിൽ തന്നെ ലോകാരോഗ്യ സംഘടന കൊവിഡ്-19നെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും ചവ്ഡ പറഞ്ഞു.
എന്നാൽ ചവ്ഡയുടെ ആരോപണങ്ങളെ സംസ്ഥാന ബിജെപി നേതൃത്വം തള്ളി.ലോകാരോഗ്യ സംഘടന കൊവിഡിനെ മഹാമാരിയായി പ്രഖ്യാപിക്കുന്നതിന് വളരെ മുൻപാണ് ചടങ്ങ് സംഘടപ്പിച്ചതെന്ന് ബിജെപി സംസ്ഥാന വക്താവ് പ്രശാന്ത് വാലാ തിരിച്ചടിച്ചു. 'നമസ്തേ ട്രംപ്' നടന്നത് ഫെബ്രുവരി 24നാണ്. എന്നാൽ കൊവിഡ് മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതാകട്ടെ മാർച്ച് 11നും. മാത്രമല്ല ട്രംപിന്റെ സന്ദർശനത്തിനുമുൻപ് സ്റ്റേഡിയത്തിൽ അമേരിക്കയിലെ പ്രത്യേക സുരക്ഷാ സംഘം പരിശോധനയും നടത്തിയിരുന്നു. ഇത്തരം വസ്തുതകളൊന്നും പരിശോധിക്കാതെയാണ് ചാവ്ഡ ആരോപണങ്ങൾ ഉന്നയിക്കുന്നത്." പ്രശാന്ത് വാലാ പറഞ്ഞു. കൊവിഡ്-19 രോഗബാധ വളരെയധികം വലച്ചു കൊണ്ടിരിക്കുന്ന ഗുജറാത്തിൽ 368 പേർ മരിച്ചു. 6245പേർ രോഗബാധിതരായി ചികിത്സതേടി.