kaumudy-news-headlines

1. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്ക് ഡിജിറ്റല്‍ പാസ് അനുവദിക്കുന്നത് താല്‍ക്കാലികം ആയി നിറുത്തി. നിലവില്‍ പാസ് ലഭിച്ച ആളുകളെ കടത്തി വിടുകയും ക്വാറന്റൈനില്‍ ആക്കുകയും ചെയ്ത ശേഷമേ പുതിയ പാസുകള്‍ അനുവദിക്കൂ. ക്വാറന്റൈനില്‍ ആക്കുന്നതും പരിശോധനകളുടെ കാലതാമസവും ആണ് പുതിയ പാസ് അനുവദിക്കുന്നതിന് തടസ്സം ആകുന്നത് എന്നാണ് സൂചന. ഇതിന്റെ ഏകോപന ചുമതലയുള്ള മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ബിശ്വനാഥ് സിന്‍ഹയാണ് പാസുകള്‍ തത്കാലത്തേക്ക് നിറുത്തിവെക്കാന്‍ നിര്‍ദേശിച്ചത്. വിദേശത്ത് നിന്ന് വരുന്ന പ്രവാസികളെ നിരീക്ഷണത്തില്‍ ആക്കുന്നതിന്റെ ചുമതലയും ഇതേ ഉദ്യോഗസ്ഥര്‍ക്ക് തന്നെയാണ്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് തീരുമാനം. അതേ സമയം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വരേണ്ടവര്‍ക്ക് കൊവിഡ് ജാഗ്രത എന്ന വെബ്‌സൈറ്റ് വഴി പാസിന് ഇപ്പോഴും അപേക്ഷിക്കാം. എന്നാല്‍ തമിഴ്നാട്ടില്‍ നിന്നും മറ്റും വരുന്നവര്‍ക്ക് ഇന്നലെ വൈകീട്ട് മുതല്‍ വാളായാര്‍ ചെക്‌പോസ്റ്റ് ഓപ്ഷന്‍ നല്‍കാന്‍ സാധിച്ചിരുന്നില്ല. വാളായറിലെ വന്‍തിരക്ക് കണക്കില്‍ എടുത്താണ് ഇതെന്നാണ് സൂചന.


2. മടങ്ങി എത്തുന്ന പ്രവാസികളെ ക്വാറന്റൈനില്‍ പ്രവേശിക്കുന്നതും ആയി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഒന്നും ഇല്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് കേരളം മുന്നോട്ട് പോകുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത് 14 ദിവസത്തെ ക്വാറന്റൈന്‍ ആണ്. പുറത്തുനിന്ന് വരുന്ന എല്ലാ ആളുകളേയും കോവിഡ് 19 ടെസ്റ്റ് ചെയ്തതിന് ശേഷം മാത്രമേ വിമാനത്തില്‍ കയറാന്‍ അനുവദിക്കുക ഉള്ളൂ. അങ്ങനെ ആണെങ്കില്‍ കോവിഡ് 19 നെഗറ്റീവ് ആയവര്‍ മാത്രമേ സംസ്ഥാനത്ത് എത്തുകയുള്ളൂ. അവര്‍ ഏഴു ദിവസത്തെ ഇന്‍സ്റ്റ്യൂഷണല്‍ ക്വാറന്റൈനില്‍ പ്രവേശിക്കും. ആ ഏഴുദിവസത്തിന് ഉള്ളില്‍ അവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ലെങ്കില്‍ ബാക്കി ഏഴുദിവസത്തെ ക്വാറന്റൈന്‍ വീട്ടില്‍ തുടരാം. ഇക്കാര്യം ആഭ്യന്തര മന്ത്രാലയവുമായി സംസാരിച്ച് വ്യക്തത വരുത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും ഹോം ക്വാറന്റൈനും ഉണ്ട്. അത് ആ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ നോക്കി സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുക ആണ് ചെയ്യുന്നത്. മടങ്ങി എത്തുന്ന ഗര്‍ഭിണികളെ നേരിട്ട് ഹോം ക്വാറന്റൈനില്‍ അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
3. ബുദ്ധ പൂര്‍ണിമ ദിനത്തില്‍ രാജ്യത്തെ അഭി സംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ സമയത്ത് മാനവ സേവനത്തിനായി മുന്നിട്ട് ഇറങ്ങിയവരെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിക്ക് എതിരെ നമ്മുക്ക് ഒന്നിച്ചു പോരാടാം എന്നും നിര്‍ണായകമായ ഈ ഘട്ടത്തില്‍ നമ്മുക്ക് കൊവിഡ് പോരാളികള്‍ക്ക് നന്ദി പറയാം എന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മോശം സമയത്തും ഇന്ത്യ പല രാജ്യങ്ങളേയും ആവും പോലെ സഹായിച്ചെന്നും പല രാജ്യങ്ങളും തിരിച്ച് ഇന്ത്യയ്ക്കും സഹായങ്ങള്‍ ലഭ്യമാക്കിയെന്നും പ്രധാമന്ത്രി കൂട്ടിച്ചേര്‍ത്തു
4. രാജ്യത്ത് മൂന്നാം ഘട്ട ലോക്ഡൗണ്‍ നാലാം ദിവസത്തേക്ക് കടക്കുമ്പോഴും കൊവിഡ് രോഗവ്യാപന തോത് ഉയരുക ആണ്. കേസുകള്‍ ഇരട്ടിക്കുന്നത് 12 ദിവസത്തില്‍ നിന്ന് 11 ദിവസത്തില്‍ ഒരിക്കലായി എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊവിഡ് ബാധിതര്‍ അരലക്ഷം കടന്നു. 52,952 പേര്‍ക്കാണ് വിവിധ സംസ്ഥാനങ്ങളില്‍ ആയി രോഗം ബാധിച്ചത്. ഇതില്‍ 1,783 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ 15,266 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 35,902 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 89 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. ഗുജറാത്ത്, ഡല്‍ഹി, തമിനാട് എന്നീ സംസ്ഥാനങ്ങളാണ് രോഗ ബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടു പിന്നിലുള്ളത്.
5. ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലുള്ള പ്രവാസികളെ മടക്കി കൊണ്ടു വരുന്നതിനുള്ള വന്ദേ ഭാരത് ദൗത്യത്തിന് ഇന്ന് തുടക്കം. ലോക്ക് ഡൗണിനെ തുടര്‍ന്നു വിദേശത്തു കുടുങ്ങിയ മലയാളികളും ആയുള്ള ആദ്യ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാന താവളത്തില്‍ ഇന്ന് രാത്രി 9.40ന് എത്തും. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനത്തില്‍ 179 യാത്രക്കാര്‍ ഉണ്ടാകും. കൊച്ചിയില്‍നിന്ന് ഇന്ന് ഉച്ചയ്ക്കു 12ന് അബുദാബിയിലേക്കു പുറപ്പെടുന്ന വിമാനം വൈകിട്ട് അഞ്ചരയ്ക്ക് ആണ് അവിടെനിന്നു മടങ്ങി രാത്രി ഇവിടെ എത്തുക. യാത്രക്കാര്‍ നല്‍കേണ്ട സത്യവാങ്മൂലമുള്‍പ്പെടെയുള്ള ഫോറങ്ങള്‍ വിമാനത്തിന്റെ അങ്ങോട്ടുള്ള യാത്രയില്‍ കൊടുത്തുവിടും
6. ദുബായിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം രാത്രി 10.30ന് എത്തും. ഇവയുള്‍പ്പെടെ എട്ട് വിമാനങ്ങളാണ് ആദ്യദിനം വിദേശത്തു നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ എത്തുന്നത്. അതിനിടെ ഇന്ന് വരേണ്ട മറ്റൊരു വിമാനമായ ദോഹ-കൊച്ചി സര്‍വീസ് ശനിയാഴ്ചത്തേക്കു മാറ്റി. പ്രവാസികളെ സ്വീകരിക്കാന്‍ വിമാന താവളം സജ്ജമായതായി സിയാല്‍ അധികൃതര്‍ അറിയിച്ചു. വിമാനവും ബാഗേജുകളും അള്‍ട്രാവയലറ്റ് ഉപകരണം ഉപയോഗിച്ച് അണു നശീകരണം നടത്തും. വിമാനത്തിനു പ്രത്യേക പാര്‍ക്കിംഗ് ബേ, എയറോ ബ്രിഡ്ജുകള്‍ എന്നിവ ലഭ്യമാക്കും
7. ടെര്‍മിനലിലേക്കു പ്രവേശിക്കുമ്പോള്‍ തന്നെ ടെമ്പറേച്ചര്‍ ഗണ്‍, തെര്‍മല്‍ സ്‌കാനര്‍ ഇവ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗ ലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലന്‍സിലേക്കു മാറ്റും. അവിടെ നിന്ന് ആലുവ ആശുപത്രിയിലേക്കു കൊണ്ടു പോകും. രോഗലക്ഷണം ഇല്ലാത്തവരെ ഹെല്‍ത്ത് കൗണ്ടറുകളില്‍ വീണ്ടും ആരോഗ്യ പരിശോധന നടത്തി ഇമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിക്കും. പിന്നീടു ബാഗേജ് ഏരിയയിലേക്കു കൊണ്ടുപോകും. ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ക്കു മുമ്പിലും കണ്‍വെയര്‍ ബെല്‍റ്റിന് വശങ്ങളിലും സാമൂഹിക അകലം പാലിച്ച് നില്‍ക്കാനുള്ള പ്രത്യേക അടയാളങ്ങള്‍ ഉണ്ടാകും. അഞ്ചാം നമ്പര്‍ ബെല്‍റ്റാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.