ഈ വർഷം ആദ്യമാണ് ഹ്യുണ്ടായ് പുതുതലമുറ ഐ 20യുടെ ചില വിവരങ്ങൾ പുറത്ത് വിട്ടത്. എന്നാൽ ഇപ്പോൾ ആദ്യമായി പൊതുറോഡുകളിൽ എത്തിയ ഐ 20യുടെ ചിത്രങ്ങളും പുറത്ത് വന്നിരിക്കുകയാണ്. സോണാറ്റ പോലെ മറ്റ് പുതിയ മോഡലുകളിൽ കാണുന്ന 'സെൻസസ് സ്പോർട്ടിനെസ്' ഡിസൈനിലാണ് ഐ 20 എത്തുന്നത്.
'കാസ്കേഡിംഗ് ഗ്രിൽ' തന്നെയാണ് ഐ 20യിലും മറ്റുള്ളവരെ ആകർഷിക്കുന്ന പ്രധാന ഘടകം.ലാർജ് ആംഗുലർ ഹെഡ്ലാമ്പ്, എൽ.ഇ.ഡി ഇൻസേർട്ടോട് കൂടിയ ടെയിൽ ലാമ്പ് എന്നിവയാണ് മറ്റ് പ്രത്യേകതകൾ. പുതിയ ഐ 20യുടെ നീളവും വീതിയും വീൽബേസും വർധിച്ചിട്ടുണ്ട്. ക്യാബിൻ പുതിയതും നിരവധി സവിശേഷതകൾ നിറഞ്ഞതുമാണ്. പുതിയ എലാൻട്രയുമായി ഡാഷ്ബോർഡിന് സാമ്യമുണ്ട്. സ്റ്റിയറിംഗ് വീലിന് ഈ വർഷം ആദ്യം ഇന്ത്യയിൽ ആരംഭിച്ച പുതിയ സെക്കൻഡ് - ജെൻ ക്രെറ്റയുമായിയും സാമ്യമുണ്ട്.
ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ ക്ലസ്റ്ററിനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായി 10.25 ഇഞ്ച് വലിപ്പമുള്ള ഇരട്ട ഡിസ്പ്ലേകൾ നൽകിയിട്ടുണ്ട്. വയർലെസ്സ് ചാർജിംഗ്, ബ്ളൂ ലിങ്ക് കണക്റ്റഡ് - കാർ ടെക്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ,ആംബിയന്റ് ലൈറ്റിംഗ്, ബോസ് ഓഡിയോ സിസ്റ്റം എന്നിവയും ഐ 20യുടെ സവിശേഷതകളിൽ പെടുന്നു.
1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനിലും 1.2 ലിറ്റർ എൻജിനിലുമാണ് ഐ 20 വിൽപ്പനയ്ക്ക് എത്തുക. ഗിയർബോക്സ് ഓപ്ഷനുകളിൽ മാനുവലിനൊപ്പം ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉൾപ്പെടുന്നു. ഇവയുൾപ്പെടെ ഇന്ത്യയിൽ 1.5 ലിറ്റർ ഡീസൽ എൻജിനുമുണ്ടാകും. ഈ വർഷാവസാനം ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഐ 20 ഇന്ത്യയുടെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ മാരുതി സുസുക്കി ബലേനോ, ഹോണ്ട ജാസ്, ടൊയോട്ട ഗ്ളാൻസ് എന്നിവയ്ക്ക് വെല്ലുവിളി ഉയർത്തും.