aiims

ഡൽഹി: ആരോഗ്യ മേഖലയുടെയും സാമ്പത്തിക മേഖലയുടെയും കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ചർച്ച ചെയ്ത് രാജ്യത്ത് ലോക്ക് ഡൗൺ നീട്ടണമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. നാല്പത് ദിവസത്തിലേറെയായി രാജ്യത്ത് ലോക്ക്‌ ഡൗൺ തുടരുകയാണ് എങ്കിലും കൊവിഡ് രോഗം പടർന്നു പിടിച്ച ഇറ്റലിയിലെയോ ചൈനയിലെയോ പോലെ രോഗബാധിതരുടെ എണ്ണം കുറയുന്ന പ്രവണതയല്ല മറിച്ച് രോഗവ്യാപനമേറുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ജൂൺ, ജൂലായ് മാസങ്ങളിൽ രോഗബാധ രാജ്യത്ത് വർദ്ധിക്കാനാണ് നിലവിലെ സാധ്യത.

രോഗാധ സ്ഥിരീകരിക്കുന്നതിൽ ഇതുവരെ ക്രമാനുഗതമായ ഉയർച്ചയാണ് രാജ്യത്ത് കാണുന്നത്. ഇതിന് കാരണം പ്രധാനമായും മുൻപുള്ളതിനെക്കാൾ ഏറെ ആളുകളെ ഇപ്പോൾ ടെസ്റ്റിന് വിധേയനാക്കുന്നുണ്ട് എന്നതാണ്. ഇതിൽ 4 മുതൽ 4.5 ശതമാനം വരെ ജനങ്ങൾക്ക് രോഗം പൊസിറ്റീവ് ആകുന്നുണ്ട്. മറ്റ് മുൻനിര രാജ്യങ്ങളിൽ ഇപ്പോൾ രോഗബാധിതരുടെ എണ്ണം കുറയുന്നതാണ് ട്രെൻഡ്.

രോഗികളുടെ എണ്ണം കുറയാത്ത സ്ഥിതിക്ക് രോഗമുള്ള മേഖലകളിൽ കർശനമായ നിബന്ധനകൾ നടപ്പാക്കണം. റെഡ്സോണുകളിലും ഹോട്ട്സ്പോട്ടുകളിലും രാജ്യത്തിന്റെ സാമ്പത്തിക,ആരോഗ്യ മേഖലാ അവസ്ഥകളെ മനസ്സിൽ വച്ച് ശരിയായ പ്രവർത്തനം തന്നെ വേണം. ആളുകൾ കൂടിച്ചേർന്നതും തിങ്ങിപ്പാർക്കുന്നതുമായ മേഖലകളെ കൂടുതൽ ശ്രദ്ധിക്കണം. ഹോട്സ്പോട്ടുകളെ നിയന്ത്രണത്തിലാക്കിയാൽ മഹാനഗരങ്ങളെ രോഗമുക്തമാക്കാം. 80 ശതമാനത്തോളം രോഗസാധ്യത ഇവിടെയാണ്.

ഇത്തരം കാര്യങ്ങളിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും കേരളവും ദേശീയ ശരാശരിയെക്കാളും നല്ല പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഏറ്റവും താഴെ തട്ടിൽ പോലും മികച്ച പ്ളാനിങ്ങും പ്രാദേശിക നേതാക്കളുൾപ്പടെ ഇതിനായി നല്ല അധ്വാനം കാഴ്ചവെച്ചാൽ മാത്രമേ രോഗത്തെ രാജ്യത്ത് നിയന്ത്രണവിധേയമാക്കാൻ കഴിയൂ എന്ന് ഡോ: രൺദീപ് ഗുലേറിയ അഭിപ്രായപ്പെടുന്നു.