ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അൻപതിനായിരം കടക്കുകയും മരണം രണ്ടായിരത്തോട് അടുക്കുകയും ചെയ്തതോടെ രോഗവ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ നിരയിലേക്ക് മെല്ലെയാണെങ്കിലും ഇന്ത്യയും എത്തുകയാണ്. ഇന്നലെ വരെ മരണം 1800 കവിഞ്ഞു. രണ്ട് മൂന്ന് ദിവസത്തിനകം മരണം രണ്ടായിരം കടക്കും. അതോടെ മരണത്തിലും ഇന്ത്യ ആദ്യത്തെ പതിനഞ്ച് രാജ്യങ്ങളുടെ കൂട്ടത്തിൽ വരും.
മൊത്തം 212 രാജ്യങ്ങളിലാണ് രോഗം പടർന്നിട്ടുള്ളത്. രോഗികളുടെ എണ്ണം പതിനായിരം കടന്നത് 40 രാജ്യങ്ങളിലാണ്. അതിൽ ഇന്ത്യ ഉൾപ്പെടെ പതിനഞ്ച് രാജ്യങ്ങളിൽ മാത്രമാണ് രോഗികളുടെ എണ്ണം അര ലക്ഷം കടന്നത്. ഇന്ത്യ 14ാം സ്ഥാനത്താണ്. മൂന്ന് രാജ്യങ്ങൾ മാത്രമാണ് രോഗികളുടെ എണ്ണം 50,000 കടക്കാൻ ഇന്ത്യയേക്കാൾ കൂടുതൽ ദിവസങ്ങൾ എടുത്തത്. ബെൽജിയം ( 13 ദിവസം ), കാനഡ ( 6 ദിവസം ), പെറു ( 4 ദിവസം ).
ഇന്ത്യയിൽ അവസാനത്തെ പതിനായിരം പേർക്ക് രോഗം ബാധിച്ചത് മൂന്ന് ദിവസത്തിനകമാണ്. അതായത് രോഗികളുടെ എണ്ണം 40,000ൽ നിന്ന് മൂന്ന് ദിവസം കൊണ്ട് 50,000 ആയി. മേയ് 4, 5, 6 തീയതികളിൽ. 3,932, 2,963, 3,587 എന്നിങ്ങനെയായിരുന്നു ഈ മൂന്ന് ദിവസങ്ങളിൽ പുതിയ രോഗികളുടെ എണ്ണം.
മേയ് 1 മുതലാണ് ഇന്ത്യയിൽ പ്രതിദിനം പുതിയ രോഗികളുടെ എണ്ണം 2,000 കവിഞ്ഞത്. പിന്നീടുള്ള ദിവസങ്ങളിൽ രണ്ടായിരത്തിൽ കുറഞ്ഞിട്ടില്ല.
ഫെബ്രുവരി 15ന് മൂന്ന് രോഗികളായിരുന്നു ഇന്ത്യയിൽ. അന്നുമുതലുള്ള കണക്കെടുത്താൽ മേയ് 6 വരെ 81 ദിവസം കൊണ്ടാണ് രോഗികൾ അരലക്ഷം കടന്നത്. കഴിഞ്ഞ ഒറ്റ മാസം കൊണ്ടാണ് രോഗികൾ കുത്തനെ വർദ്ധിച്ചത്.
ഫെബ്രുവരി 15 മുതൽ മാർച്ച് 1 വരെ മൂന്ന് രോഗികളേ ഉണ്ടായിരുന്നുള്ളൂ. മാർച്ച് 2ന് ആറ് പേരായി. പിന്നീട് കൂടിയതല്ലാതെ കുറഞ്ഞില്ല.
മരണം
ഇന്ത്യയിൽ കൊവിഡ് മരണം 2000ത്തിലേക്ക് അടുക്കുകയാണ്. മേയ് 6ലെ കണക്കു പ്രകാരം മൊത്തം മരണം 1,771 ആണ്. ഇന്ത്യ ഉൾപ്പെടെ പതിനേഴ് രാജ്യങ്ങളിൽ മാത്രമാണ് മരണം 1700 കടന്നിട്ടുള്ളത്.
മാർച്ച് 12നായിരുന്നു ആദ്യ കൊവിഡ് മരണം. ഏപ്രിൽ 4ന് മരണം 99 ആയി. ഏപ്രിൽ 9 ന് 227 ആയി വർദ്ധിച്ചു. പിന്നീട് രണ്ടും മൂന്നും ദിവസങ്ങളുടെ ഇടവേളയിൽ മരണം നൂറ് വീതം കൂടിക്കൊണ്ടിരുന്നു. ഏപ്രിൽ 28നാണ് മരണം ആയിരം കടന്നത്. ( 1008 ) തുടർന്നുള്ള ദിവസങ്ങളിൽ ശരാശരി നൂറ് പേർ വീതം മരിച്ചു.
സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയിലാണ് രോഗവ്യാപനം അതീവ രൂക്ഷമായിട്ടുള്ളത്. പതിനേഴായിരത്തോളം രോഗികളുള്ള അവിടെ മരണം 700 അടുക്കുന്നു. ഗുജറാത്താണ് രണ്ടാം സ്ഥാനത്ത്. ഏഴായിരത്തോളം രോഗികളും നാനൂറിലേറെ മരണവും.തമിഴ്നാട്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗവ്യാപനം ശക്തമാണ്.