ഒരു തട്ടുകടയാണ് രംഗം. പൊറോട്ട, ചപ്പാത്തി, ചിക്കൻ, ബീഫ് തുടങ്ങി മലയാളികളുടെ ഇഷ്ടവിഭവങ്ങൾ അവിടെയുണ്ട്. കാഷ്യറും സപ്ലൈയറും കുക്കും ക്ലീനറുമൊക്കെയായി രണ്ടുപേർ മാത്രം. പൊറോട്ട ഉണ്ടാക്കിക്കൊണ്ടിരുന്ന ആൾ കസ്റ്റമറുടെ കൈയിൽ നിന്ന് കറൻസി നോട്ടു വാങ്ങി പെട്ടിയിലിട്ടു. അയാൾ തുപ്പൽ തൊട്ട് നോട്ട് എണ്ണിത്തിട്ടപ്പെടുത്തിയശേഷം ബാലൻസ് തുകയും നൽകി. ഉടൻതന്നെ കൈ കഴുകാതെ പൊറോട്ട അടി തുടരുകയും ചെയ്തു. ഇത് ശ്രദ്ധിച്ചുകൊണ്ടിരുന്ന ഞാൻ കറൻസി നോട്ടിൽ അഴുക്കും പൊടിയും മാത്രമല്ല വിവിധ രോഗാണുക്കളുമുണ്ടെന്ന് അത് കൈയിലൂടെ ഭക്ഷണത്തിലേക്കും പകരുമെന്ന് പറഞ്ഞപ്പോൾ അയാൾക്ക് അത് പുതിയ അറിവായിരുന്നു. ഓരോ തവണ നോട്ട് എണ്ണിയശേഷം കൈകഴുകുന്നതിനുള്ള പ്രായോഗികബുദ്ധിമുട്ട് അയാൾ പറഞ്ഞു. എങ്കിൽ സപ്ലൈ ചെയ്യുന്ന ആൾ തന്നെ കാഷ് കൈകാര്യം ചെയ്യാനും ഓരോ തവണ ടിഷ്യൂപേപ്പർ ഉപയോഗിച്ച് ഭക്ഷണപദാർത്ഥങ്ങൾ എടുക്കാനും നിർദ്ദേശിച്ചു. അയാൾ സമ്മതിക്കുകയും ചെയ്തു.
ആരുടെയൊക്കെ കൈയിലാണ് എത്തിപ്പെടുന്നതെന്നോ എങ്ങനെയൊക്കെയാണ് കൈകാര്യം ചെയ്യുന്നതെന്നോ എവിടെയാണ് സൂക്ഷിക്കുന്നതെന്നോ അറിയാത്ത രോഗാണുവാഹകരാണ് കറൻസി നോട്ടുകൾ. വിവിധ സാംക്രമിക രോഗങ്ങളുള്ളവർ, മാരകരോഗമുളളവർ, യാചകർ, നാടോടികൾ തുടങ്ങിയവരിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന നോട്ടുകളിൽ ഈ രോഗങ്ങളുടെ സ്രവങ്ങൾ പറ്റിപ്പിടിച്ചിരിക്കാനുള്ള സാദ്ധ്യതയുണ്ട്. അണുബാധയുള്ള പ്രതലത്തിലായിരിക്കും ഈ നോട്ടുകൾ സൂക്ഷിച്ചിട്ടുള്ളതും. നോട്ടുകൾ കടിച്ചുപിടിക്കുക, അടിവസ്ത്രത്തിനുള്ളിൽ സൂക്ഷിക്കുക, തുപ്പൽ തൊട്ട് എണ്ണുക, നോട്ട് കൈയിൽ വച്ചുകൊണ്ട് ചുമയ്ക്കുകയും തുമ്മുകയും ചെയ്യുക. മൂക്കിലെ സ്രവം, വിയർപ്പ്, കഫം, രക്തം, പഴുപ്പ് തുടങ്ങിയ ശരീരദ്രവങ്ങളുമായി നോട്ടിന് സമ്പർക്കമുണ്ടാവുക എന്നിങ്ങനെ വിവിധ മാർഗങ്ങളിലൂടെയാണ് കറൻസിനോട്ട് അണുവിതരണ മാദ്ധ്യമമായി മാറുന്നത്. നോട്ടുകൾ കൈകാര്യം ചെയ്യുന്ന പലർക്കും ഇതേക്കുറിച്ച് അവബോധമില്ല.
ടോയ ്ലറ്റിൽ പോയശേഷം സോപ്പ് ഉപയോഗിച്ച് കൈ കഴുകാത്തവരിൽ നിന്നും കറൻസി നോട്ടിലേക്ക് സൂക്ഷ്മാണുജീവികൾ കടക്കാം. ഇൻഫ്ളുവൻസ് പടരുന്നതിൽ നോട്ടുകൾ ഒരു വലിയ പങ്കുവഹിക്കുന്നുണ്ട്. നോട്ടുകൾ രോഗാണുവാഹകരാണെന്നത് ഈ കൊറോണക്കാലത്തും ആളുകൾ മറക്കുന്നു. കറൻസിനോട്ടും നാണയങ്ങളും കൈകാര്യം ചെയ്തശേഷം കൈകഴുകുന്നത് ഒരു ശീലമാക്കിയേ പറ്റൂ. കറൻസിയുടെ മൂല്യം കുറയുന്നതിനനുസരിച്ച് അണുസംക്രമണം കൂടുമെന്നാണ് നിരീക്ഷണം. 2000 രൂപയുടെ നോട്ടിനേക്കാൾ കൂടുതൽ പേർ കൈകാര്യം ചെയ്യുന്നത് 100 രൂപനോട്ട് ആയിരിക്കുമല്ലോ. താഴ്ന്ന സാമൂഹിക, സാമ്പത്തിക അവസ്ഥയിൽ ഉള്ളവരുടെ ശുചിത്വബോധവും ശുചീകരണ സാഹചര്യങ്ങളും ആരോഗ്യാവബോധവും കുറവായതിനാൽ അവർ കൈകാര്യം ചെയ്യുന്ന നോട്ടുകളിൽ അണുക്കൾ കൂടാനുള്ള സാദ്ധ്യതയുണ്ട്. നോട്ട് നിർമ്മിക്കാനുപയോഗിക്കുന്ന വസ്തു, നോട്ടിന്റെ പഴക്കം, ആരുടെയൊക്കെ കൈയിലൂടെ നോട്ട് കടന്നുപോയി, നോട്ടുകൾ സൂക്ഷിക്കുന്ന സ്ഥലത്തിന്റെ ശുചിത്വം,കൈകാര്യം ചെയ്യുന്നവരുടെ വ്യക്തിശുചിത്വം, സാംക്രമിക രോഗാണുക്കളുടെ സാന്നിദ്ധ്യം എന്നിവയൊക്കെ ഈ അണുവ്യാപനത്തെ സ്വാധീനിക്കും. ചില രോഗങ്ങൾ 72 മണിക്കൂർ മുതൽ രണ്ടാഴ്ചവരെ നോട്ടിൽ അധിവസിക്കുന്നുണ്ടത്രേ! ന്യൂയോർക്കിൽ നടന്ന ഒരു പഠനത്തിൽ ഒരു കറൻസി നോട്ടിൽ ഒരുലക്ഷത്തിൽപരം സൂക്ഷ്മാണുക്കൾ വരെ കണ്ടെത്തിയിട്ടുണ്ട്. 1997ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഗവേഷണം സൂചിപ്പിക്കുന്നത് 90 ശതമാനം നോട്ടുകളും ബാക്ടീരിയയോ ഫംഗസോ ബാധിച്ചവയാണ് എന്നാണ്. നോട്ടുകളുടെ പഴക്കം കൂടുന്തോറും അണുബാധാനിരക്കും കൂടും. ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നവരിൽ നിന്നും ഭക്ഷണാവശിഷ്ടങ്ങൾ നോട്ടിൽ പറ്റിപിടിക്കാം. ഇത് അണുബാധ സാദ്ധ്യത വർദ്ധിപ്പിക്കുന്നു പഴയനോട്ടുകൾ ഇടയ്ക്കിടെ പിൻവലിച്ച് അതിനുപകരം പുതിയനോട്ടുകൾ ലഭ്യമാക്കാനുള്ള സംവിധാനം വേണം. ഇക്കാര്യത്തിൽ ജപ്പാനിൽ ഒരു പ്രത്യേക സംവിധാനമാണുള്ളത്. അവിടത്തെ എ.ടി.എം മെഷീനുകളിൽ നിന്നും അണുവിമുക്തമായ നോട്ടുകളാണ് ലഭിക്കുന്നത്. ജനങ്ങൾക്ക് അവരുടെ കൈയിലുള്ള എ.ടി.എം മെഷീനിലെ സംവിധാനം ഉപയോഗിച്ച് അണുവിമുക്തമാക്കാനും കഴിയും. നോട്ടുകൾ എ.ടി.എമ്മിന്റെ പ്രത്യേക ചേംബറിലൂടെ കടന്നുപോകുമ്പോൾ കറൻസിക്ക് കേടുവരാതെ തന്നെ ഉയർന്ന ഊഷ്മാവിൽ ചൂടാക്കുന്നു. ഇങ്ങനെയാണ് അണുക്കളെ നശിപ്പിക്കുന്നത്. ഈ ആശയം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വിവിധ സങ്കേതങ്ങൾ നമുക്കും സജ്ജീകരിക്കാവുന്നതേയുള്ളൂ. കൊവിഡ് കാലത്ത് മാത്രമല്ല, അതിനുശേഷവും കറൻസിനോട്ട് കൈകാര്യം ചെയ്താൽ ഉടനെ കൈകൾ സോപ്പിട്ട് കഴുകുന്നത് ഒരു ശീലമാക്കുക. അല്ലെങ്കിൽ ഒരു ചെറിയ കുപ്പിയിൽ സാനിറ്റൈസർ കരുതുക. ഇതിനൊക്കെപ്പുറമേ വെടിപ്പും വൃത്തിയുമുള്ള ഒരു ജീവിതശൈലി സ്വായത്തമാക്കുകയെന്നതും പ്രധാനം തന്നെ. ഓർക്കുക! കറൻസി നോട്ട് വെറുമൊരു നോട്ടല്ല, അവൻ ഒരു വില്ലൻ തന്നെയാണ്.
(ആർ.സി.സിയിലെ പി.ആർ.ഒ ആണ്
ലേഖകൻ: 94479 58153)