ചന്ദ്രൻസാർ നല്ല കറുപ്പാണ്. ആ കറുപ്പിന് കറുപ്പുണ്ടെന്ന് തോന്നാറില്ല. കാരണം വാക്കുകൾക്കുള്ളിൽ നല്ല വെളുപ്പാണ്. ചിലർ പുറമേ നല്ല വെളുത്തിട്ടാകും. ആ വെളുപ്പ് സംസാരശൈലികൊണ്ട് കറുത്തപോലെ തോന്നും. മനുഷ്യന്റെ നിറവും വാക്കുകളുടെ നിറവും തമ്മിലുള്ള ബന്ധം വിചിത്രമാണ്. അമ്പലത്തിൽ രാമായണ വായന കേട്ടപ്പോൾ വീണ്ടും ചന്ദ്രൻ സാറിനെ ഓർത്തുപോയി. വാല്മീകിയെപ്പോലെ മഹത്വമുണ്ട് അദ്ദേഹത്തിന്റെ ഭാര്യയ്ക്കും എന്ന ചന്ദ്രൻ സാറിന്റെ നിരീക്ഷണവും ഓർത്തുപോയി.
വാല്മീകിമഹർഷിയുടെ പൂർവ്വാശ്രമം അത്ര പന്തിയുള്ളതല്ല. പേര് രത്നാകരൻ. കർമ്മം പിടിച്ചുപറി. അതിനെ ന്യായീകരിക്കുന്നതോ ഭാര്യയ്ക്കും മക്കൾക്കും വേണ്ടിയാണ് താൻ ഈ നീചവൃത്തികൾ ചെയ്യുന്നതെന്ന മനോഭാവത്തിലും. എന്തായാലും മഹർഷിമാരുടെ വരവും അവരുടെ കൈയിലുള്ളത് പിടിച്ചുപറിക്കുന്നതും ഒരു വഴിത്തിരിവായി. കർമ്മഫലം ആര് അനുഭവിക്കുമെന്ന് വീട്ടിൽപോയി ചോദിച്ചിട്ടുവരാനാണല്ലോ മുനിമാരുടെ ഉപദേശം. അവിടെയാണ് രത്നാകരന്റെ ഭാര്യയുടെ മഹത്വം. താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങളുടെ ഫലം താൻതാൻ തന്നെ അനുവിക്കേണ്ടിവരുമെന്ന ഭാര്യയുടെ അർത്ഥശങ്കയ്ക്കിടയില്ലാത്ത വാക്കുകൾ. അങ്ങനെ മുഖത്തുനോക്കി അവർ പറയാതിരുന്നെങ്കിൽ നമുക്ക് വാല്മീകിയെ ലഭിക്കുമായിരുന്നില്ല. രാമായണം ഉണ്ടാകുമായിരുന്നില്ല.
ജീവിതപങ്കാളികളിൽ പലരും പലപ്പോഴും വാല്മീകിയുടെ ഭാര്യയുടെ നാലയലത്ത് എത്താറില്ല. വാല്മീകിയുടെ ഭാര്യ പണ്ഡിതയല്ല, സമ്പന്നയല്ല, ഭർത്താവിന് അപ്രീതിയുണ്ടാകുമോ എന്ന് ചിന്തിച്ചില്ല. സാരമില്ല, പാപഫലം ഞങ്ങളും കൂടി പങ്കിട്ടെടുക്കാം എന്ന് രത്നാകരന്റെ ഭാര്യ പറഞ്ഞിരുന്നെങ്കിൽ മോക്ഷമാർഗം തെളിയുമായിരുന്നില്ല. 'രാമ"ശബ്ദത്തിന്റെ കവാടം തുറന്നുകൊടുത്ത മുനിമാരെപോലെ പുണ്യവതിയാണ് പാവം ആ ഭാര്യയും. അത്തരം ഭാര്യമാരും അതേപോലെ ഉള്ള തുറന്നുപറയുന്ന ഭർത്താക്കന്മാരും ഉണ്ടെങ്കിൽ ദാമ്പത്യജീവിതത്തിന്റെ ശോഭ കെട്ടുപോകില്ല.
ജീവിതപങ്കാളിക്ക് അല്പം നുണയും ഏഷണിയുമുണ്ടെങ്കിൽ അത് തക്ക സമയത്തെ ഒരു തിരുത്തൽ വാക്കുകൊണ്ട് ശരിയാക്കാവുന്നതേയുള്ളൂ. പങ്കാളിയുടെ ധൂർത്ത്, പിശുക്ക്, അനാവശ്യമായ കോപം, പൊങ്ങച്ചം പറച്ചിൽ എന്നിവയും തിരുത്തിയെടുക്കാം. അന്യരിലെ ഒരു ചെറുതരി കുറ്റം കൈലാസമാക്കാൻ പങ്കാളി ശ്രമിക്കുമ്പോൾ പങ്കാളിക്ക് പിന്തിരിപ്പിക്കാവുന്നതേയുള്ളൂ. അതിരുകവിഞ്ഞ ആത്മപ്രശംസയിലേക്ക് ജീവിതപങ്കാളി വഴുതിവീഴാൻ തുടങ്ങുമ്പോൾ മറ്റേയാളിന് വേണമെങ്കിൽ കരയ്ക്കു കയറ്റാം.
ജീവിതയാത്രയിൽ നിഴലുപോലെയാണ് പങ്കാളി. നിഴൽ നേരെയാകണമെങ്കിൽ നാം വളഞ്ഞു നിൽക്കാതിരിക്കണം. വാല്മീകിയുടെ ഭാര്യയുടെ ആർജ്ജവവും ഉള്ളത് ഉള്ളതുപോലെ പറയാനുള്ള തന്റേടവും ഏവർക്കും മാതൃകയാകണമെന്ന ചന്ദ്രൻസാറിന്റെ വാക്കുകൾക്ക് എന്നും ഒരേ നിറമാണ്. സത്യത്തിന്റെ വെണ്മ. കാരണം വാക്കുകൾക്ക് ജരാനര ബാധിക്കാറില്ലല്ലോ.
(ഫോൺ : 9946108220)