ലണ്ടൻ: ബ്രിട്ടനിൽ കൊവിഡ് അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 649 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 30,000ത്തിന് മുകളിലെത്തുന്ന യൂറോപ്പിലെ ആദ്യത്തെ രാജ്യമായി ബ്രിട്ടൻ. രോഗവ്യാപനം പാരമ്യാവസ്ഥ കടന്നുവെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും പ്രതിദിനം 6000ത്തിലധികം ആളുകൾക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. രണ്ട് ലക്ഷത്തിലധികം പേർ ചികിത്സയിലാണ്.
അതിനിടെ ദിവസേന ഒരുലക്ഷം പേരെ പരിശോധനയ്ക്ക് വിധേയരാക്കുക എന്നതിൽ തുടർച്ചയായ നാലാം ദിവസവും സർക്കാർ പരാജയപ്പെട്ടു. ഇന്നലെ 69,463 പേരെ മാത്രമാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. മെയ് അവസാനത്തോടെ ദിവസേന രണ്ടുലക്ഷം പരിശോധനകളാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ വ്യക്തമാക്കി.
ലോകത്താകെ 265076 പേർ മരിച്ചു. 38.2 ലക്ഷത്തിലേറെ രോഗികൾ
ഇളവുകൾ അടുത്തയാഴ്ച
അടുത്തയാഴ്ച നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ബുധനാഴ്ച പാർലമെന്റിൽ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് രോഗവ്യാപനം വീണ്ടും രൂക്ഷമാകാന് ഇടയാക്കുന്ന തരത്തിലുള്ള ഒരു ഇളവും പ്രഖ്യാപിക്കില്ലെന്ന് ജോൺസൺ വ്യക്തമാക്കി.
'ഓരോ മരണവും ഓരോ ദുരന്തമാണ്. ഇത്രയും നാൾ രാജ്യം അടച്ചിടുന്നത് സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകും. എന്നാൽ, പെട്ടെന്ന് ലോക്ക്ഡൗൺ പിൻവലിച്ചാൽ അത് വലിയ ദുരന്തത്തിലേക്കാണ് നയിക്കുക. രോഗവ്യാപനം കുറയാതെ ലോക്ക്ഡൗൺ പിൻവലിച്ചാൽ ഇതിലും രൂക്ഷമായ രണ്ടാംഘട്ട വ്യാപനത്തിന് സാദ്ധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ സാമ്പത്തികരംഗത്തിന് കൂടുതൽ കടുത്ത ആഘാതമായിരിക്കും സംഭവിക്കുക'. - ജോൺസൻ പറഞ്ഞു.
ആശങ്കയുയർത്തി കാവാസാക്കി
ബ്രിട്ടനെ കൂടുതൽ ആശങ്കപ്പെടുത്തിക്കണ്ട് കാവാസാക്കി രോഗം കുട്ടികളിൽ പടരുന്നു. കുട്ടികളിൽ ഹൃദയാഘാതത്തിന് കാരണമാവുന്ന രോഗമാണ് കാവാസാക്കി.കടുത്തപനി, തടിച്ചുചുവന്ന പാടുകൾ, വയറിളക്കം എന്നിവയാണ് ഈ രോഗഹത്തിന്റെ ലക്ഷണങ്ങൾ. ഈ രോഗം റിപ്പോർട്ട് ചെയ്ത പല കുട്ടികൾക്കും കൊവിഡ് പിടിപെടുന്നത് ആശങ്കയുയർത്തുന്നുണ്ട്. അമേരിക്കയിലും കാവാസാക്കി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് വൈറസ് കാവാസാക്കി രോഗത്തിന് കാരണമാവുന്നുണ്ടോ എന്ന സംശയത്തിലാണ് ആരോഗ്യവിദഗ്ദ്ധർ.
അമേരിക്ക, റഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലും പ്രതിസന്ധി തുടരുന്നു. അമേരിക്കയിൽ മരണം 70000 ഉം രോഗബാധിതരുടെ എണ്ണം 12 ലക്ഷവും കവിഞ്ഞു. റഷ്യയിൽ ഇന്നലെ മാത്രം 11000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ മരണം 1625, രോഗബാധിതർ 177,160. ബ്രസീലിൽ ഇത് യഥാക്രമം, 8,588 ഉം 126,611 ഉം ആണ്.
റഷ്യയിലെ സാംസ്കാരിക മന്ത്രി ഓൾഗ ല്യൂബിമോവയ്ക്കും ബ്രസീൽ പ്രധാനമന്ത്രി ജയർ ബൊൽസൊനാരോയുടെ ഔദ്യോഗിക വക്താവ് ഒട്ടാവിയോ റീഗോ ബറോസിനും കൊവിഡ്.
ഇറ്റലി, സ്പെയിൻ, ജർമ്മനി എന്നീ രാജ്യങ്ങളിൽ പ്രതിദിന മരണം 100 നകത്ത് തന്നെ. ജർമ്മനിയിൽ രണ്ടാം ഘട്ട വ്യാപനം സാദ്ധ്യമെന്ന് വിലയിരുത്തൽ
പോളിഷ് പാർലമെൻ്റിൽ പോസ്റ്റൽ ബാലറ്റ് വഴി തെരഞ്ഞെടുപ്പ് നടത്താമെന്ന നിയമത്തിന് അംഗീകാരം. രാജ്യത്ത് 10 ന് നടക്കേണ്ടിയിരുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് മാറ്റി വച്ചു.
ജപ്പാനിലെ ചില മേഖലകളിലെ അടിയന്തിരാവസ്ഥ നീക്കിയേക്കും.
ദക്ഷിണ കൊറിയയിൽ ജൂൺ മുതൽ വിമാന സേവനങ്ങൾ ആരംഭിക്കും.
ചൈനയിൽ പുതിയ രണ്ട് കേസുകൾ..