ദുബായ്:- കൊവിഡ്-19 രോഗം സൃഷ്ടിച്ച ആഗോള പ്രതിസന്ധി മൂലം നാട്ടിലേക്ക് പുറപ്പെടുന്ന പ്രവാസികളിൽ ആദ്യ രണ്ട് വിമാനങ്ങളിൽ എത്തുന്നത് 354 പേരാണ്. അബുദാബിയിൽ നിന്നും 4.15ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനമാണ് ആദ്യത്തെത്. 5.10ന് ദുബായിൽ നിന്ന് കോഴിക്കോടേക്ക് വരുന്ന വിമാനം രണ്ടാമത്തേതും. യുഎഇയിലെ ഇതിനായി നിയോഗിച്ച സംഘം യാത്രക്കാർക്ക് മുൻഗണന ക്രമം നിശ്ചയിച്ച് ലിസ്റ്റ് തയ്യാറാക്കി.
ഗർഭിണികൾ,ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നവർ, ജോലി നഷ്ടമായ ആളുകൾ, വിസ റദ്ദാക്കപ്പെട്ടവർ, ബന്ധുക്കളുടെ സംസ്കാര ചടങ്ങിന് എത്താനാകാത്തവർ, വിദ്യാർത്ഥികൾ, സന്ദർശനത്തിനെത്തി കുടുങ്ങിപ്പോയവർ, 50 ദിവസത്തോളമായി എയർ പോർട്ടിൽ കുടുങ്ങിയ രണ്ട് സഹോദരന്മാർ എന്നിങ്ങനെയാണത്. രണ്ട് ലക്ഷത്തോളം അപേക്ഷകരിൽ നിന്ന് നിശ്ചയിച്ച മുൻഗണനക്രമം നോക്കി ഭഗീരഥ പ്രയത്നത്തിലൂടെയാണ് ലിസ്റ്റ് ഉണ്ടാക്കിയതെന്ന് ഇന്ത്യൻ കോൺസുലേറ്റിലെ മാദ്ധ്യമ, വിവര സാംസ്കാരിക വിഭാഗം മേധാവി നീരജ് അഗർവാൾ പറഞ്ഞു.
6500യാത്രക്കാർ ഗർഭിണികളാണ്. ഇവരിൽ 11 പേർ ദുബായ്- കോഴിക്കോട് വിമാനത്തിൽ നാട്ടിലെത്തും. കേരള മുസ്ളീം സംസ്കാരിക കേന്ദ്രം, ഇന്ത്യൻ അസോസിയേഷൻ അജ്മാൻ, എ.കെ.സി.എ.എഫ് ടാസ്ക് ഫോഴ്സ്, ബി.എ.പി.എസ് മന്ദിർ, ഇന്ത്യൻ പീപ്പിൾസ് ഫോറം, തമിഴ് ലേഡീസ് സംഗം എന്നിങ്ങനെ സംഘടനകളും ഇതിനായി സഹായിച്ചു.
പലവിധ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കെല്ലാം കഴിവതും മടക്കയാത്രാ ലിസ്റ്റിൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. ദുബായ് കോൺസൽ ജനറൽ വിപുലിനാണ് മുഴുവൻ പ്രവർത്തനങ്ങളുടെയും മേൽനോട്ടം. കോൺസുലേറ്റിലെ വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്ന പങ്കജ് ബോധ്കെ ആണ് ദുബായ് വിമാനത്തിന്റെ മേൽനോട്ടം. ദുബായിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് മേയ്12 ന് ഒരു വിമാനം പുറപ്പെടുന്നുണ്ട്. ഇന്ന് വിമാനം പുറപ്പെടുന്നതിന് അഞ്ച്മണിക്കൂർ മുൻപ് തന്നെ എല്ലാ യാത്രക്കാരോടും മെഡിക്കൽ സ്ക്രീനിങ്ങിനായി ഹാജരാകാൻ അറിയിപ്പ് നൽകിയിട്ടുണ്ട്.