bing-liu

വാഷിംഗ്ടൺ: കൊവിഡുമായി ബന്ധപ്പെട്ട ഗവേഷണത്തിലായിരുന്ന ചൈനീസ് പ്രഫസറെ യു.എസിലെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പിറ്റ്സ്ബർഗ് മെഡിക്കൽ സെന്റർ സർവകലാശാല കംപ്യൂട്ടേഷണൽ ആൻഡ് സിസ്റ്റംസ് ബയോളജി വിഭാഗം റിസർച്ച് അസിസ്റ്റൻറ്​ പ്രഫഫസർ ബിങ് ലിയു (37) ആണ് വീട്ടിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്.

ലിയുവിനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നയാളെ വീടിന് നൂറ് വാര അകലെ കാറിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിലും കണ്ടെത്തി. ഹാവോ ഗു (46) എന്ന ഇയാൾ ബിങ് ലിയുവിനെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ച് ജീവനൊടുക്കിയെന്നാണ് പൊലീസി​ന്റെ നിഗമനം. പെൻസിൽവാനിയ റോസ് ടൗൺഷിപ്പിലെ ലിയുവി​​ന്റെ വസതിയിലാണ് കൊലപാതകം നടന്നത്. വീട്ടിൽ ബലപ്രയോഗം നടന്നതി​​ന്റെ ലക്ഷണങ്ങളില്ല. ഒന്നും മോഷണം പോയിട്ടുമില്ല.അതിനാൽ കൊലപാതകിയും ലിയുവും തമ്മിൽ നേരത്തെ പരിചയമുണ്ടായിരിക്കണമെന്നാണ് പൊലീസ് കരുതുന്നത്. സംഭവസമയത്ത് ലിയുവി​​ന്റെ ഭാര്യ വീട്ടിലില്ലായിരുന്നു. പ്രഫസറുടെ തലയിലും കഴുത്തിലും വയറിലുമാണ് വെടിയേറ്റിരിക്കുന്നത്.

കൊവിഡ് 19മായി ബന്ധപ്പെട്ട ഗവേഷണം പുരോഗമിക്കുന്നതിനിടെയാണ് ബിങ് ലിയുവി​​ന്റെ ദാരുണാന്ത്യമെന്ന് സർവകലാശാല അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു. കൊറോണ വൈറസി​​ന്റെ സെല്ലുല്ലാർ മെക്കാനിസവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ലിയു ഗവേഷണം നടത്തിയിരുന്നത്. അതുമായി ബന്ധപ്പെട്ട ചില നിർണായക കണ്ടെത്തലുകളുടെ അടുത്തെത്തിയിരുന്നു അദ്ദേഹമെന്നും സർവകലാശാല അധികൃതർ ചൂണ്ടിക്കാട്ടി.