കൊച്ചി: കൊവിഡ് ഭീതിയും ലോക്ക്ഡൗണും മൂലം രണ്ടുമാസത്തിലേറെയായി കടുത്ത ദുരിതമനുഭവിക്കുന്ന 100ഓളം സർക്കസ് കലാകാരന്മാർക്കും 40ഓളം പക്ഷിമൃഗാദികൾക്കും സഹായമെത്തിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. തിരൂർ കോട്ടയ്ക്കലിൽ ആരംഭിച്ച ജംബോ സർക്കസ് ആണ് കൊവിഡ് ഭീതിമൂലം ഫെബ്രുവരി അവസാനം നിറുത്തിവച്ചത്. ഇതോടെ, കലാകാരന്മാരും പക്ഷിമൃഗാദികളും ആവശ്യത്തിന് ഭക്ഷണം പോലും കിട്ടാതെ ദുരിതത്തിലാകുകയായിരുന്നു.

ദുരവസ്ഥയറിഞ്ഞ എം.എ. യൂസഫലി, അബുദാബിയിൽ നിന്ന് കേരളത്തിലെ ലുലു ഗ്രൂപ്പ് മാനേജർമാരെ വിളിച്ച് സഹായമെത്തിക്കാൻ നിർദേശിച്ചു. കൊച്ചിയിൽ നിന്ന് രണ്ടുലക്ഷം രൂപയുടെ ഭക്ഷണസാമഗ്രികൾ ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജിന്റെ നേതൃത്വത്തിലുള്ള സംഘം സർക്കസ് ക്യാമ്പിലെത്തിച്ചു. പുറമേ, സർക്കസ് ജീവനക്കാർക്ക് മൂന്നുലക്ഷം രൂപയും കൈമാറി. ഒരുമാസത്തേക്കുള്ള ഭക്ഷണമാണ് എത്തിച്ചത്.

വിലപിടിപ്പുള്ള അപൂർവയിനം പക്ഷികൾക്കും മൃഗങ്ങൾക്കുമുള്ള പ്രത്യേക ഭക്ഷണവും ഇതിലുണ്ട്. കേരളത്തിന് പുറമേ അന്യ സംസ്ഥാനങ്ങളിൽ നിന്നും എതോപ്യ, ടാൻസാനിയ എന്നിവിടങ്ങളിൽ നിന്നുമുള്ള കലാകാരന്മാരാണ് ക്യാമ്പിലുള്ളത്.