who

ജനീവ: കൊവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലോകരാജ്യങ്ങൾ നീക്കിവരുന്നതിനിടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.

രോഗ വ്യാപനം പരിശോധിക്കാൻ രാജ്യങ്ങൾ മതിയായ ട്രാക്കിംഗ് സംവിധാനങ്ങളും ക്വാറൻ്റൈൻ വ്യവസ്ഥകളും ഏർപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം പറഞ്ഞു. ലോക്ക്ഡൗണിൽ നിന്നുള്ള പരിവർത്തനം രാജ്യങ്ങൾ ശ്രദ്ധാപൂർവം കൈകാര്യം ചെയ്തില്ലെങ്കിൽ അത് ഗുരുതരമായ സ്ഥിതിയുണ്ടാക്കും.യാത്രാ നിയന്ത്രണങ്ങളും മറ്റ് വൈറസ് നിയന്ത്രണ നടപടികളും നീക്കം ചെയ്യുന്നതിനുമുമ്പ് രാജ്യങ്ങൾ നിരീക്ഷണ നിയന്ത്രണ പരിപാടികൾ നടത്തുകയും ആരോഗ്യ സംവിധാനത്തിൻ്റെ കാര്യക്ഷമത ഉറപ്പാക്കുകയും വേണം. ശക്തമായ ആരോഗ്യസുരക്ഷ സംവിധാനങ്ങളില്ലാതെ പകര്‍ച്ചവ്യാധി ക്ഷയിച്ചതിന് ശേഷം സാധാരണ നിലയിലേക്ക് മടങ്ങുന്നത് രാജ്യങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ടെഡ്രോസ് കൂട്ടിച്ചേർത്തു.

ലോകാരോഗ്യ സംഘടനയുടെ എപ്പിഡെമിയോളജിസ്റ്റ് മരിയ വാൻ കെർകോവ് ടെഡ്രോസിൻ്റെ ആശങ്കകളെ പിന്തുണച്ചു. ലോക്ക്ഡൗൺ നടപടികൾ വളരെ വേഗത്തിൽ എടുത്തുകളഞ്ഞാൽ വൈറസ്‌ വ്യാപനം കുതിച്ചുയരുമെന്ന് അവർ പറഞ്ഞു.