1. 'കൈയിൽ ചോക്കുപൊടി പുരണ്ടില്ലെങ്കിൽ
എനിക്കു പഠിപ്പിച്ചെന്നു തോന്നുകയില്ല"
2. 'പിന്നേ, മൊബൈൽഫോൺ വഴി കോഴ്സ്
നടത്താമെന്നാണ് ഇയാള് പറയുന്നത് ".
2012-13 ൽചുമതലയുണ്ടായിരുന്ന സർവകലാശാലയിൽ സാങ്കേതികവിദ്യ മുഖേന വിദൂര പഠനത്തിനുള്ള ഒരു പിടി കോഴ്സുകൾ ആരംഭിച്ചപ്പോൾ യാഥാസ്ഥിതികരായ ചില അദ്ധ്യാപകർ പറഞ്ഞ പ്രതികരണങ്ങളാണിവ.
നാലുക്ലാസ് മുറികൾ സ്മാർട്ടാക്കുക, അദ്ധ്യാപകർ കുറവുള്ള കാമ്പസുകളിൽ വിദൂര ഇന്ററാക്ടീവ് ക്ലാസുകൾ എത്തിക്കുക, ലോകത്തിന്റെ ഏതു കോണിൽ നിന്നും ഒരു വിദഗ്ദ്ധ പ്രഭാഷണം ഇലക്ട്രോണിക്കായി എത്തിക്കാനുള്ള ശേഷി കൈവരിക്കുക, നമ്മുടെ ബൗദ്ധികശേഷി ലോകത്തെങ്ങും വ്യാപിപ്പിക്കാനുള്ള ശ്രമം എന്നതൊക്കെ അവിടെ നടപ്പാക്കിയ സംവിധാനത്തിനുണ്ടായിരുന്നു. എന്നാൽ ഒരു വർഷത്തിനുശേഷവും പാഠ്യക്രമത്തിന്റെ 10% പോലും ഇലക്ട്രോണിക്കായി കൈകാര്യം ചെയ്യാനായില്ല. 'ഓൺലൈനാകാൻ" അദ്ധ്യാപകരും സംഘടനകളും വിസമ്മതിക്കുകയായിരുന്നു. പിന്നീടത് പൂർണമായും ഉപേക്ഷിച്ചു എന്നാണറിഞ്ഞത്.
ലോകത്തിലെ മികച്ച സർവകലാശാലകളാകെ വിവിധ ഓൺലൈൻ കോഴ്സുകൾ സ്വായത്തക്കമാക്കിക്കൊണ്ടിരുന്ന സമയത്താണ് കേരളത്തിലെ സർവ്വകലാശാല അദ്ധ്യാപകർ ഇങ്ങനെ മുഖം തിരിച്ചത്. ഒരേ സമയം വിദ്യാർത്ഥി സംഖ്യ പല ഇരട്ടിയാക്കാനുതകുന്നതും പഠനച്ചെലവ് തുലോം കുറയ്ക്കുന്നതും മികച്ച ക്ലാസ് റൂം പ്രകടനശേഷിയുള്ള അദ്ധ്യാപകർക്ക് തിളങ്ങാൻ കഴിയുന്നതുമാണ് ഓൺലൈൻ പഠനസംവിധാനങ്ങൾ. വിദ്യാർത്ഥിക്ക് എവിടെ നിന്നും പഠനത്തിൽ പങ്കാളിയാവാം എന്നു മാത്രമല്ല, ക്ലാസിൽ ദൃശ്യ ശ്രവ്യ പങ്കാളിത്തം വഹിക്കാനുമാവും.
BITS പിലാനി പോലെയുള്ള വിദ്യാഭ്യാസ ്ഥാപനങ്ങൾ എൻജിനിയറിംഗിൽ നിരവധി പി.ജി. കോഴ്സുകൾ ഓൺലൈൻ ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചു നടത്തുന്നു. ക്ലാസ് മുറിയിലെ മുറയും ചോക്കും ചോക്കുകൊണ്ട് അശ്രദ്ധനെ എറിയലും എല്ലാം ശീലിച്ചുപോയ ഒരദ്ധ്യാപകന് സ്ക്രീനിലും കാമറയിലും ശ്രദ്ധിച്ചുള്ള പഠിപ്പിക്കൽ ആദ്യമല്പം ശ്രമകരമാവും എന്നതിൽ സംശയമില്ല. എന്നാൽ മാധ്യമ-ഡിജിറ്റൽ ലോകത്തിന് നമ്മുടെ അദ്ധ്യാപകരെ ആറുമാസം കൊണ്ട് ഓൺലൈൻ മാതൃകകളിലേക്ക് മാറ്റുവാൻ കഴിയും. അതിനുള്ള ശ്രമം സ്കൂൾ - കോളേജ് വിദ്യാഭ്യാസ വകുപ്പുകളും സർവകലാശാലകളും തകൃതിയായി നടത്തണമെന്നും കുട്ടികൾക്ക് ഏറ്റവും കുറഞ്ഞ ചെലവുള്ള ഓണ്ലൈൻ പഠനസഹായി (ലാപ് ടോപ്പ് ) ലഭ്യമാക്കണം എന്നുമാത്രം. ഇന്ന് ലാപ് ടോപ്പ് മിക്ക പഠന പദ്ധതികളുടെയും സ്വാഭാവിക ഭാഗമാകയാൽ വേഗതയുള്ള ഇന്റർനെറ്റ് ശൃംഖല ലഭ്യമാക്കൽ മാത്രമാണ് പശ്ചാത്തല സൗകര്യ വെല്ലുവിളി. എല്ലാ പഠിതാവിന്റെ വീട്ടിലും വിദ്യാഭ്യാസ സ്ഥാപനത്തിലും 50 ശതമാനം സമയമെങ്കിലും നല്ല വേഗതയുള്ള ഇന്റർനെറ്റ് വേണം. ഇതിനു ക്രമീകരണമായാൽ ഒരു രണ്ടു വർഷം കൊണ്ട് പാഠ്യ വിഷയങ്ങൾ ഡിജിറ്റലായി നെറ്റിലെത്തണം. പാഠ്യക്രമം ഇതനുസരിച്ച് പുനഃക്രമീകരിച്ച് പാഠപുസ്തകമടക്കം ഡിജിറ്റൽ മാതൃകയിൽ ലഭ്യമാവുകയും വേണം. ഇതൊന്നും പുതിയ കാര്യമല്ല. MIT Open Course Ware ൽ രജിസ്റ്റർ ചെയ്യുന്ന ഒരു വിദ്യാർത്ഥിക്കും ഒരു കടലാസ് പോലും അയച്ചു നൽകാതെയാണ് ആ സർവകലാശാല കോഴ്സ് നടത്തുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ചുമതലപ്പെട്ട ചിലരുടെ ശങ്കകളും ആശങ്കകളും അദ്ധ്യാപകർ ഭയക്കുന്നതു പോലെ വേണ്ടതിലും അധികമാവില്ല. 30% പേരെങ്കിലും തൊഴിൽ രഹിതരാവും എന്ന മട്ടിലുള്ള ചില പ്രതികരണങ്ങൾ കണ്ടു. എല്ലാ സാങ്കേതിക വിദ്യാ വിപ്ലവത്തിലും തൊഴിൽരംഗം പുനഃക്രമീകരിക്കപ്പെടും. ചില അദ്ധ്യാപകർക്ക് ഗവേഷണത്തിലേക്കു മാറാം. ഒട്ടേറെ പേർക്ക് കോഴ്സ് ഡിസൈനിലും നവീകരണത്തിലും അവസരം ലഭിക്കും. ഇങ്ങനെ പുനക്രമീകരണം ആലോചിക്കുന്നതിനു പകരം കഴിഞ്ഞ നിരവധി വർഷങ്ങളായി ഉന്നത വിദ്യാഭ്യാസ കൗൺസിലടക്കം പുലർത്തുന്ന സമീപനം കാര്യങ്ങൾ ഇനിയും വൈകിപ്പിക്കില്ല എന്നുറപ്പാക്കേണ്ടതുണ്ട്.
ഓൺലൈനിൽ സാദ്ധ്യമല്ലാത്ത സാംസ്കാരിക- നൈതിക പെരുമാറ്റ വശങ്ങൾ വിദ്യാഭ്യാസത്തിനുണ്ട് എന്നതു ശരിയാണ്. എന്നാൽ സമ്മേളനം തീരെ സാദ്ധ്യമല്ലാത്ത സാഹചര്യത്തിലും സംഘം ചേരുന്നത് പങ്കെടുക്കുന്നവർക്ക് തന്നെ അപകടമായതിനാലും ഈ അവസരം ഓൺലൈനായി പരമാവധി പഠനം ക്രമീകരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ വികസനം, ഗ്രാഫിക്കൽ പഠന സഹായികൾ, ഓൺലൈൻ ക്ലാസുകൾ തയ്യാറാക്കൽ, അദ്ധ്യാപക-വിദ്യാർത്ഥി പരിശീലനം എന്നിങ്ങനെ വിപുലമായി സാങ്കേതിക - വ്യവസായ ലോകത്തിന് കേരളത്തിന് നല്ല സംഭാവന ചെയ്യാൻകഴിയുന്ന ഒരു മേഖലയാണിത്. അങ്ങനെ ശ്രമിച്ചാൽ രാജ്യത്തിന്റെ ഓൺലൈൻ പഠനത്തിന്റെ തലസ്ഥാനമായി തന്നെ കേരളത്തിനു മാറാം.
ഇതിൽ വീഴ്ചയുണ്ടായാൽ പുത്തൻ തൊഴിൽ മേഖലകളിൽ സംസ്ഥാനം പിന്നാക്കം പോവുകയും സ്ഥായിയായ വികസനം സാദ്ധ്യമാവാതെയും വരും.
ചോക്ക്പൊടിയുടെ അനലോഗ് വ്യവസ്ഥയിൽ നിന്ന് പിക്സലുകളും ബൈറ്റുകളും പ്രചോദിപ്പിക്കുന്ന പുതിയ തരത്തിലേക്ക് മനുഷ്യന്റെ തലച്ചോർ തന്നെ മാറിക്കൊണ്ടിരിക്കുന്നു. ഒരു പുതിയ തരം നിർമ്മിത ബുദ്ധി തന്നെ മനുഷ്യർക്കു ലഭിച്ചാലും അദ്്ഭുതപ്പെടാനില്ല. അതിൽ നിന്ന് പുറം തിരിഞ്ഞു നില്ക്കുന്നത് ബുദ്ധിയാവില്ല.
(അഭിപ്രായം വ്യക്തിപരം)