ദുബായ് : കൊവിഡ് ബാധയെത്തുടർന്ന് സാമ്പത്തിക,സാമൂഹിക രംഗങ്ങളിൽ വലിയ പ്രതിസന്ധിയുമായി ഗൾഫ് രാജ്യങ്ങൾ. യുഎഇയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം അതിവേഗം ഉയരുന്നതായാണ് റിപ്പോർട്ട്. 24 മണിക്കൂറിനുള്ളിൽ 502 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 16,240 ആയി. എട്ടുമരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 165ഉം ആയി.
സൗദി അറേബ്യയിലും സ്ഥിതി രൂക്ഷമാകുകയാണ്. 31,938 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 209 പേർക്ക് ജീവൻ നഷടമായി. ഇതിൽ 21 പേർ ഇന്ത്യാക്കാരാണ്. ഇന്ത്യാക്കാർ ഏറ്റവുമധികമുള്ള ഗൾഫ് രാജ്യമാണ് സൗദി. 2788 ഇന്ത്യാക്കാർക്കാണ് സൗദിയിൽ കൊവിഡ് ബാധിച്ചതെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് അറിയിച്ചു.
അതേസമയം, കൊവിഡ് പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലാകെ വലിയ സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുന്നതായാണ് സൂചന. യുഎഇയിലെ ഒട്ടുമിക്ക റസ്റ്ററന്റുകളും വില്പനയ്ക്ക് വച്ചിരിക്കുകയാണ്. ബിസിനസ് നഷ്ടമായതിനാൽ കൂടിയ ഡിസ്‌കൗണ്ടുകളിൽ റെസ്റ്റോറന്റ് ലൈസൻസുകൾ ഉടമകൾ വിൽക്കുകയാണെന്നാണ് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ലോക്ഡൗണിൽ അടച്ചു പൂട്ടിയ ഈ റെസ്റ്ററന്റുകൾ ഇനി തുറന്നാലും ഉണ്ടായ സാമ്പത്തിക നഷ്ടം മറികടക്കുന്നത് ബുദ്ധിമുട്ടാണെന്നതാണ് ഈ വ്യാപക വില്പനയ്ക്ക് പിന്നിലെ കാരണം.