അബുദാബി: പോകാൻ എളുപ്പമാണ് പക്ഷേ, തിരിച്ചുവരാനാകുമാേ. ഈ ചിന്ത അലട്ടിയപ്പോൾ പലരും അവസാന നിമിഷം യാത്ര ഒഴിവാക്കി. ഇല്ല നാട്ടിലേക്ക് പോകുന്നില്ല, ഇവിടെ തന്നെ കഴിഞ്ഞുകൊള്ളാമെന്നായി. യു.എ.ഇയിൽ നിന്ന് മലയാളികളെ കൊണ്ടുവരാൻ കേരളത്തിൽ നിന്ന് വിമാനമെത്തിയപ്പോഴാണ് പലരും നിലപാട് മാറ്റിയത്. കൊവിഡ് അങ്ങ് പോകും. പിന്നെ നമ്മള് വലഞ്ഞതു തന്നെ. തിരിച്ച് ആരുകൊണ്ടു വരും ഈ ചിന്ത പലരിലേക്ക് പടർന്നപ്പോൾ മനസില്ലാ മനസോടെ പോകാൻ നിന്നവർ പോണില്ലെന്നങ്ങ് തീരുമാനിച്ചു. ഇതോടെ വിഷമത്തിലായത് എംബസിയും.. അവർ തയ്യാറാക്കി വച്ച ലിസ്റ്റ് അഴിച്ച് പണിയാൻ തുടങ്ങി. വരാത്തവരെ മാറ്റി നിറുത്തി പോകാൻ കാത്ത് നിന്നവരുടെ പട്ടികയുണ്ടാക്കി. ലിസ്റ്റിലുണ്ടായിരുന്നവരിൽ പലരും പിൻമാറിയതോടെ വെയിറ്റിംഗ് ലിസ്റ്റിലുള്ളവരും മാറി ചിന്തിക്കാൻ തുടങ്ങി. അങ്ങനെ അവരിൽ ചിലരും യാത്ര വേണ്ടെന്ന് വച്ചു.
പുതിയ പട്ടികയിലുള്ള മുഴുവൻ യാത്രക്കാർക്കും ടിക്കറ്റ് നൽകിയതായി അബുദാബി എയർ ഇന്ത്യ എക്സ്പ്രസ് ഓഫിസ് അറിയിച്ച വെയിറ്റിംഗ് ലിസ്റ്റിലുള്ളവരോട് വിമാനത്താവളത്തിൽ വരാനും സീറ്റ് ഒഴിവുണ്ടെങ്കിൽ പോകാമെന്നും അറിയിച്ചിട്ടുണ്ട്. സീറ്റ് ലഭിച്ചവർ ടിക്കറ്റിനായി രാവിലെ മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ഓഫിസിൽ എത്തിയിരുന്നു.