ദുബായ്: മറ്റേത് വ്യവസായത്തെക്കാളും കൊവിഡ് രോഗബാധ ഏറ്രവുമധികം ലോകത്തിൽ ബാധിച്ച ഒന്നാണ് ഹോട്ടൽ വ്യവസായം. രോഗപ്രതിരോധത്തിനായി ജനങ്ങൾ വീടുകളിലിരിക്കാൻ തുടങ്ങിയതോടെ യുഎഇയിലും ഭക്ഷണശാലകൾ കടുത്ത പ്രതിസന്ധിയിലായി. നിരവധി പ്രവാസി പൗരന്മാരുടെ ജീവിതമാർഗ്ഗമായ ഭക്ഷണശാലകൾ തുറക്കാൻ ശ്രമിച്ചാൽ തന്നെ നിലവിലുള്ളതുപോലും നഷ്ടമായി ഒന്നുമല്ലാതാകുന്ന പരിതാപകരമായ അവസ്ഥയാണ് ഇവിടെ. പ്രതിസന്ധിയിൽ ഭക്ഷണശാല ഉടമകൾക്കും ജോലി ചെയ്യുന്നവർക്കും എന്തെങ്കിലും ആശ്വാസം ലഭിച്ചത് സർക്കാർ മേൽനോട്ടമുള്ളയിടങ്ങളിൽ മാത്രമാണ് ഇവിടെ മൂന്ന് മാസത്തേക്ക് വാടക വാങ്ങാതെയോ വാടക തുക നന്നായി കുറച്ചോ സഹായം ചെയ്തിട്ടുണ്ട്.
11000ത്തോളം ഭക്ഷണശാലകളാണ് ദുബായിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഇവയിൽ 40 ശതമാനത്തോളം മാത്രമേ വരുന്ന മാസങ്ങളിൽ പ്രവർത്തിക്കാൻ സാധ്യതയുള്ളൂ. 30ശതമാനത്തിൽ താഴെ ഹോട്ടലുകൾ മാത്രമേ ഇപ്പോൾ യുഎഇയിൽ പ്രവർത്തിക്കുന്നുള്ളു. നിരവധി റെസ്റ്റോറന്റുകളുള്ള മാളുകൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. എന്നാൽ ഇവിടെയുള്ള ആഹാരശാലകൾക്ക് വാടകയിൽ ഇളവ് നൽകാൻ സ്ഥലം ഉടമകൾ തയ്യാറാകുന്നതേയില്ല. ഇവിടങ്ങളിൽ ആഹാരം കഴിക്കാനെത്തുന്നവർ വളരെ കുറവുമാണ്.
സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളല്ല പല ഭക്ഷണശാലകളുടെയും പ്രവർത്തനത്തിന് വിലങ്ങുതടി.അത് ഈ പ്രതിസന്ധി ഘട്ടത്തിലും വാടകയിൽ കുറവ് നൽകാത്ത സ്ഥലമുടമകളും മാളുകളിൽ സെക്ര്യൂരിറ്റി അടവ്, തണുപ്പ് വെള്ളത്തിനായുള്ള പ്രത്യേക പണം,എന്നിങ്ങനെ പല തരത്തിൽ പണം നൽകേണ്ടി വരുന്നതും ഇതിനു പുറമേ വ്യവസായത്തിനുള്ള വാറ്റ് നികുതി, ജീവനക്കാർക്കുള്ള ശമ്പളം എന്നിവയെല്ലാം നൽകുവാൻ കഴിയാതെ വരുന്നതുമാണ്. 'ഹോട്ടൽ വ്യവസായത്തിന് നിലവിൽ ഏറ്റവും വലിയ ബുദ്ധിമുട്ട് ഭീമമായ വാടക അടവാണ്." ഗോൾഡ് ഫോർക് ഗ്രൂപ്പിന്റെ ഷാനവാസ് മുഹമ്മദ് പറയുന്നു.
കൊവിഡ് രോഗബാധ സമൂഹത്തിന്റെ ജീവിതരീതിയെയും വ്യവസായങ്ങളെയും അതിന്റെ സ്വഭാവത്തെ തന്നെയും വളരെയധികം ദോഷമായി ബാധിച്ചു. ജനങ്ങൾ ഇഷ്ടപ്പെടുന്ന ഭക്ഷണശൃംഖലകൾക്ക് പോലും പ്രതിസന്ധിയെ മറികടക്കാനാകാതെ അടച്ചുപൂട്ടേണ്ടുന്ന അവസ്ഥയിലെത്തിയ വിഷമ സന്ധിയാണ് യുഎഇയിലെങ്ങും കാണാനാകുക.