ജനീവ: പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ട ലോകമെമ്പാടുമുള്ള 90,000 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചെന്ന് ഇൻ്റർനാഷണൽ കൗൺസിൽ ഒഫ് നഴ്‌സസിൻ്റെ റിപ്പോർട്ട്. കൊവിഡ് ബാധിച്ച് 260 നഴ്‌സുമാർ മരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യപ്രവർത്തകർ സുരക്ഷാ വസ്ത്രങ്ങളുടേയും മറ്റ് സംവിധാനങ്ങളുടേയും ദൗർലഭ്യം നേരിടുന്നുണ്ടെന്ന റിപ്പോർട്ടും ഐ.സി.ഒ.എൻ പുറത്തുവിട്ടു.
നാഷണൽ നഴ്സിംഗ് അസോസിയേഷൻ്റെ സഹായത്തോടെ 30 രാജ്യങ്ങളിലെ കണക്കാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുക്കുന്നത്. എന്നാൽ ചില കണക്കുകൾ വിട്ടുപോയിട്ടുണ്ടെന്നും യഥാർത്ഥ സംഖ്യ ഇതിനേക്കാൾ കൂടുതലാണെന്നും കൗൺസിൽ ചീഫ് എക്‌സിക്യൂട്ടീവ് ഹോവാർഡ് കാട്ടൺ പറഞ്ഞു. 130 രാജ്യങ്ങളിലായി രണ്ട് കോടി നഴ്‌സുമാരാണ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആരോഗ്യപ്രവർത്തകരിലെ അണുബാധാനിരക്ക് ആറ് ശതമാനമാണ്. ഇത് അടിസ്ഥാനമാക്കി നോക്കിയാൽ 200,000 പേർക്ക് രോഗബാധയുണ്ടാവാം. എന്നാൽ പല രാജ്യങ്ങൾക്കും ഇത് സംബന്ധിച്ച കൃത്യമായ കണക്കുകൾ റിപ്പോർട്ട് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇത് സ്വീകര്യമല്ലെന്നും കാട്ടൺ പറഞ്ഞു.
അംഗങ്ങളായ 194 രാജ്യങ്ങളും ആരോഗ്യപ്രവർത്തകരുടെ രോഗബാധയുള്‍പ്പെടെയുള്ള വിവരങ്ങൾ അടങ്ങുന്ന സമഗ്രമായ റിപ്പോർട്ട് നൽകുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയും നേരത്തെ ആരോപിച്ചിരുന്നു.