gas-leak-

വിശാഖപട്ടണം∙ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കൽ പ്ലാന്റിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെ ചോർന്ന വിഷവാതകം ശ്വസിച്ച് ആറുവയസുള്ള പെൺകുട്ടി ഉൾപ്പെടെ പതിനൊന്ന് പേർ മരണമടഞ്ഞു. അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള അഞ്ച് ഗ്രാമങ്ങളിലേക്ക് വ്യാപിച്ച വാതകം ശ്വസിച്ച ആയിരത്തോളം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 25 ലേറെ പേരുടെ നില ഗുരുതരമാണ്. രണ്ടായിരത്തോളം പേരെ ഒഴിപ്പിച്ചു.

സംസ്ഥാന സർക്കാരിന്റെ കണക്കിൽ മരണം എട്ടാണ്. പതിനൊന്ന് പേർ മരിച്ചതായി ദുരന്തപ്രതികരണ സേന ഡയറക്ടർ ജനറൽ എസ്. എൻ. പ്രധാൻ ഡൽഹിയിൽ അറിയിച്ചതാണ്. വാതകചോർച്ച 'രാസദുരന്ത'മായി പ്രഖ്യാപിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ഒരു കോടി രൂപ വീതം അനുവദിച്ചു.

സ്ഥലത്തെ മലയാളികൾ സുരക്ഷിതരാണ്. ദുരന്തത്തിൽ പെട്ടവരുടെ ചികിത്സ ചെലവ് വഹിക്കുമെന്ന് എൽ ജി പോളിമേഴ്‌സ് അറിയിച്ചു.

വ്യാഴാഴ്ച പുലർച്ചെ രണ്ടരയ്‌ക്കും മൂന്നിനും ഇടയിലായിരുന്നു അപകടം. ആർ.ആർ വെങ്കടപുരം ഗ്രാമത്തിന് സമീപത്തുള്ള എൽ.ജി പോളിമേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്ലാന്റിന്റെ വലിയ ടാങ്കുകളിൽ നിന്ന് സ്റ്റൈറീൻ എന്ന വിഷവാതകമാണ് ചോർന്നത്. കൊവിഡ് ലോക്ക്ഡൗണിനെത്തുടർന്ന് 40 ദിവസമായി അടച്ചിട്ടിരുന്ന ഫാക്ടറി ബുധനാഴ്ച അർദ്ധരാത്രിയോടെ സുരക്ഷാ സജ്ജീകരണങ്ങളില്ലാതെ പ്രവർത്തിപ്പിച്ചതാണ് അപകടമുണ്ടാക്കിയതെന്നാണ് അറിയുന്നത്.

ചോർച്ച പിന്നീട് അടച്ചതോടെ ഭോപ്പാൽ വാതകദുരന്തത്തിന് സമാനമായ കൊടിയ ദുരന്തം ആവർത്തിക്കുന്നത് ഒഴിവായി. പതിനയ്യായിരത്തോളം ജനസംഖ്യയാണ് ഗ്രാമങ്ങളിൽ ഉള്ളത്.

ശ്വാസം മുട്ടി ഓടി,ബോധം കെട്ട് വീണു

ചോർന്ന വാതകം കാറ്റിൽ സമീപ ഗ്രാമങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. പുലർച്ചെ നല്ല ഉറക്കത്തിലായിരുന്ന ആളുകൾ വലിയ അളവിൽ വിഷവാതകം ശ്വസിച്ചു. ശ്വാസം മുട്ടി ഞെട്ടിയുണർന്ന് രക്ഷപ്പെടാൻ ഇറങ്ങിയോടിയവർ വഴിയിൽ കുഴഞ്ഞു വീണു. നേരം പുലർന്നപ്പോൾ റോഡുകളിലും വീടുകൾക്ക് സമീപവും ബോധമില്ലാതെ ആളുകൾ കിടക്കുകയായിരുന്നു.

സ്റ്റൈറിൻ

എതിനൈൽ ബെൻസീൻ,​ വിനൈൽ ബെൻസീൻ,​ ഫിനൈലെത്തീൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ജൈവസംയുക്തം. പെട്രോളിയം ഉൽപ്പന്നമായ ബെൻസീനിൽ നിന്നാണ് സ്റ്റൈറിൻ ഉണ്ടാകുന്നത്.പ്ലാസ്റ്റിക് വ്യവസായത്തിൽ ഉപയോഗിക്കുന്നു. നിറമില്ലാത്ത എണ്ണ പോലുള്ള ദ്രാവകം. പെട്ടെന്ന് ബാഷ്പമായി വാതകം പോലെ പരക്കും. സുഗന്ധമുണ്ട്. പക്ഷേ വിഷമാണ്. ശ്വസിച്ചാൽ പ്രാണവായു എടുക്കാനാവാതെ ശ്വാസം മുട്ടും. കണ്ണിലും നെഞ്ചിലും എരിച്ചിൽ .നാഡീവ്യൂഹം തകരാറിലാവും. മരണത്തിന് കാരണമാകും. പെട്ടെന്ന് തീ പിടിക്കാം. സ്ഫോടനങ്ങളുണ്ടാക്കും.

@ചത്തീസ്ഗഡിലും വിഷവാതക ചോർച്ച

ഛത്തീസ്​ഗഢിലെ റായ്​ഗഢ്​​ ജില്ലയി​ലെ പേപ്പർ മില്ലിൽ വിഷവാതകം ചോർന്നതിനെതുടർന്ന് ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. പേപ്പർ മില്ല്​ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ചോരുകയായിരുന്നു.

2020 മേയ് 7

എൽ.ജി​. പോളി​മേഴ്സ് കമ്പനി​യി​ൽ സ്റ്റൈറി​ൻ വാതകം ചോർന്ന് 11 മരണം. ആയി​രത്തോളംപേർ ആശുപത്രി​യി​ൽ. 25 പേരുടെ നി​ല ഗുരുതരം.

ജീവനെടുത്ത വാതകചോർച്ച

1984 ഡി​സംബർ 2

മദ്ധ്യപ്രദേശിലെ ഭോപ്പാലി​ൽ യൂണി​യൻ കാർബൈഡ് ഫാക്ടറി​യി​ൽ മീഥൈൽ എെസോസൈനൈറ്റ് ശ്വസി​ച്ച് മരി​ച്ചത് 3787 പേർ. ആറുലക്ഷത്തോളം പേർക്ക് മാരക ആരോഗ്യപ്രശ്നങ്ങൾ

2014 ജൂൺ​ 12

ഛത്തി​സ്ഗഡി​ൽ ഭി​ലായ് സ്റ്റീൽ പ്ളാന്റി​ൽ വി​ഷവാതകം ചോർന്ന് രണ്ട് ഡെപ്യൂട്ടി​ ജനറൽ മാനേജർ ഉൾപ്പെടെ ആറുമരണം. 2018 ൽ ഇതേ പ്ളാന്റി​ൽ ഗ്യാസ് പൈപ്പ്ലൈൻ പൊട്ടി​ത്തെറി​ച്ച് 9 മരണം.