വിറ്റാമിനുകൾ ധാരാളം അടങ്ങിയിട്ടുള്ള മുന്തിരി ആരോഗ്യസംരക്ഷണം പ്രദാനം ചെയ്യുന്നതിൽ ഒരു പ്രധാനിയാണ് എന്ന് ചിലർക്കെങ്കിലും അറിയാവുന്ന കാര്യമാണ്. മുന്തിരിയിൽ ജലാംശം കൂടുതൽ അടങ്ങിയിരിക്കുന്നതിനാൽ ആമാശയത്തിന്റെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. മുന്തിരിയിലെ ക്യുവർസെറ്റിൻ എന്ന ഘടകം കൊളസ്‌ട്രോൾ കുറയ്ക്കാനും ക്യാൻസറിനെ പ്രതിരോധിക്കാനും സഹായിക്കുന്നു. എന്നാൽ, ആരോഗ്യസംരക്ഷണത്തോപ്പം മുഖസൗന്ദര്യത്തെയും മുന്തിരി സംരക്ഷിക്കും എന്ന് എത്രപേർക്കറിയാം? മുഖസൗന്ദര്യത്തിന്റെ സംരക്ഷണത്തിൽ മുന്തിരി എങ്ങനെയെല്ലാം ഗുണകരമാണെന്ന് നോക്കാം.
മുന്തിരി നീര് മുഖത്ത് പുരട്ടുന്നത് മുഖം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന റിസ്‌വെറാട്രോളിൻ മുഖക്കുരു നിയന്ത്രിക്കുന്നു. അതിനാൽ ചുവന്ന മുന്തിരിയുടെ നീര് മുഖത്ത് പുരട്ടുന്നത് വളരെ നല്ലതാണ്. മുന്തിരിയുടെ നീര് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയുക. തൈരും തേനും മുന്തിരിനീരും ചേർത്ത് മുഖത്ത് പുരട്ടുന്നതും നല്ലതാണ്.
മുന്തിരിയും സ്‌ട്രോബെറിയും ആന്റിഓക്‌സിഡന്റ് അടങ്ങിയ പഴങ്ങളാണ്. കുറച്ച് സ്‌ട്രോബെറി എടുത്ത് വലുപ്പമുള്ള കഷണങ്ങളാക്കി കുറച്ച് മുന്തിരിക്കൊപ്പം ചേർക്കുക. ഒരു പൾപ്പ് മിശ്രിതം ലഭിക്കുന്നതുവരെ ഈ രണ്ട് ചേരുവകളും യോജിപ്പിക്കുക. ഈ മിശ്രിതം പുരട്ടി ഏകദേശം 15 മിനിറ്റിന് ശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകുക.
തക്കാളിയും മുന്തിരിയും മുഖത്തെചുളിവുകൾ, നേർത്ത വരകൾ, പ്രായമായതിന്റെ പാടുകൾ എന്നിവ അകറ്റി മുഖത്തെ ഭംഗിയുള്ളതാക്കി മാറ്റാൻ സഹായിക്കുന്നു. ഒരു ചെറിയ വലിപ്പത്തിലുള്ള തക്കാളിയും 8 - 10 മുന്തിരിയും എടുത്ത് അല്പം കട്ടിയുള്ള മിശ്രിതം ലഭിക്കുന്നതുവരെ ബ്ലെൻഡറിൽ അടിക്കുക.അതിന് ശേഷം ഈ പേസ്റ്റ് മുഖത്ത് പുരട്ടുക. കണ്ണിന് ചുറ്റും ഇരുണ്ട വൃത്തങ്ങളും സൂര്യപ്രകാശം തട്ടിയ പാടുകളും ഉണ്ടെങ്കിൽ ആ ഭാഗങ്ങളിലും പേസ്റ്റ് കട്ടിയായി പുരട്ടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.