sister
ദിവ്യ പി. ജോൺ

തിരുവല്ല: മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള പാലിയേക്കര ബസീലിയൻ സിസ്റ്റേഴ്സ് മഠത്തിലെ വിദ്യാർത്ഥിനിയുടെ മൃതദേഹം മഠത്തിലെ കിണറ്റിൽ കണ്ടെത്തി. പത്തനംതിട്ട ചുങ്കപ്പാറ തടത്തേമലയിൽ പള്ളിക്കപ്പറമ്പിൽ ജോൺ ഫിലിപ്പോസിന്റെയും കൊച്ചുമോളുടെയും ഇളയ മകൾ ദിവ്യ പി. ജോൺ (21) ആണ് മരിച്ചത്.

ഇന്നലെ രാവിലെ 11.30 നാണ് മൃതദേഹം കണ്ടത്. രാവിലെ ഭക്ഷണശേഷം മഠത്തിലെ പഠനം കഴിഞ്ഞ് എല്ലാവരും വിശ്രമത്തിനു പിരിഞ്ഞപ്പോഴാണ് സംഭവം നടന്നതെന്ന് മഠം അധികൃതർ പറഞ്ഞതായി പൊലീസ് അറിയിച്ചു.

മഠത്തിനോട് ചേർന്ന് പിറകുവശത്താണ് ആൾമറയുള്ള കിണർ. പത്തടിയോളം വെള്ളമുണ്ട്. കിണറ്റിൽ എന്തോ വീഴുന്ന ശബ്ദംകേട്ട് മഠത്തിലുണ്ടായിരുന്നവർ ഓടിയെത്തിയപ്പോൾ ദിവ്യ മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചെരുപ്പ് വെള്ളത്തിൽ പൊങ്ങിക്കിടപ്പുണ്ടായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേന എത്തി കിണറ്റിലിറങ്ങിയാണ് മൃതദേഹം കരയ്‌ക്കെടുത്തത്. ഉടൻ പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വിവരങ്ങളിൽ വ്യക്‌തത വരുത്താനാകൂവെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയാണോയെന്ന് അന്വേഷിക്കുന്നുണ്ട്. ആത്മഹത്യക്കുറിപ്പൊന്നും ലഭിച്ചിട്ടില്ല. ദിവ്യ താമസിച്ചിരുന്ന മുറി സീൽ ചെയ്തിരിക്കുകയാണ്.

പത്താംക്ലാസ് കഴിഞ്ഞ് അഞ്ച് വർഷം മുമ്പാണ് മഠത്തിലെ അന്തേവാസിയായത്. പഠനം ഒരുവർഷം കൂടി പൂർത്തിയാകാനുണ്ട്. മൂന്ന് മാസം മുമ്പ് വീട്ടിലെത്തിയിരുന്നു. പിതാവ് ജോൺ ഫിലിപ്പോസ് ഹൈദരാബാദിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനാണ്. സഹോദരിമാർ: ദീന പി.ജോൺ (നഴ്സ്, സൗദി), ഡയാന പി.ജോൺ (അക്കൗണ്ടന്റ്, മുത്തൂറ്റ് ഫിനാൻസ് ).

ദിവ്യയ്ക്ക് മഠത്തിൽ നിന്ന് ശാരീരികമോ മാനസികമോ ആയ പീഡനം നേരിട്ടിട്ടില്ലെന്നും മരണകാരണം അറിയില്ലെന്നും സിസ്റ്റേഴ്സ് മഠം മദർ സുപ്പീരിയർ ജോർജിയ പറഞ്ഞു.