corporation

തിരുവനന്തപുരം : മാസ്ക് ഉപയോഗം ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ കൊവിഡിനെതിരെ ശക്തമായ പ്രതിരോധം തീർക്കാനൊരുങ്ങി നഗരസഭ. അഞ്ചുലക്ഷം പുനരുപയോഗിക്കാൻ കഴിയുന്ന മാസ്കുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന 'എനിക്കായ്,നിനക്കായ്,നമുക്കായ്' കാമ്പെയിനിന് നഗരസഭയിൽ തുടക്കമായി. നടൻ ഇന്ദ്രൻസാണ് ബ്രാൻഡ് അംബാസഡർ. നഗരസഭാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ പരിധിയിൽ തയ്യൽ അറിയാവുന്ന ആളുകൾക്ക് പങ്കാളികളാകാം. നഗരസഭ നിർദ്ദേശിക്കുന്ന അളവിൽ മാസ്ക് നിർമ്മിച്ച് നൽകുന്നവരിൽ നിന്നും ഒരെണ്ണത്തിന് 10 രൂപ നൽകി വാങ്ങും. സൗജന്യമായും മാസ്ക് നിർമ്മിച്ചു നൽകാം. ഇത് തീരപ്രദേശത്ത് ഉൾപ്പെടെ സൗജന്യമായി വിതരണം ചെയ്യുന്നതാണ് കാമ്പെയിൻ. മാസ്ക് എങ്ങനെ നിർമ്മിക്കണമെന്ന് നടൻ ഇന്ദ്രൻസ് കാണിച്ചു നൽകുകയും മിനിട്ടുകൾക്കുള്ളിൽ തുന്നിയ മാസ്ക് മേയർ കെ.ശ്രീകുമാറിന് നൽകുകയും ചെയ്തു. ഇന്ദ്രൻസ് മാസ്ക് തുന്നുന്ന വീഡിയോ ചിത്രീകരിച്ച് മേയറുടെ ഫേസ്ബുക്കിൽ ലഭ്യമാക്കിയിട്ടുണ്ട്. കാമ്പെയിനിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് കണ്ട് മനസിലാക്കാം.തയ്യാറാക്കിയ മാസ്കുകൾ നഗരസഭ മെയിൻ ഓഫീസിലെ പ്രോജക്ട് സെക്രട്ടേറിയറ്റിലാണ് കൈമാറേണ്ടത്. വ്യക്തികൾക്ക് പുറമേ സന്നദ്ധ സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, മഹിളാ സംഘടനകൾ യുവജന സംഘടനകൾ എന്നിവ‌‌ർക്കും കാമ്പെയിനിന്റെ ഭാഗമാകാം. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ പാളയം രാജൻ, എസ്.പുഷ്‌പലത, ഐ.പി.ബിനു, എസ്.എസ്.സിന്ധു, എസ്.സുദർശനൻ, നഗരസഭാ സെക്രട്ടറി എൽ.എസ്.ദീപ, ഹെൽത്ത് ഓഫീസർ ഡോ.എ.ശശികുമാർ എന്നിവ‌‌ർ പങ്കെടുത്തു.