alva

ലിമ:- നാട്ടിലെ ജനങ്ങൾക്ക് അവൾ 'ടോണി' യാണ്. ചിത്രകാരന്മാർ അവളുടെ രേഖാചിത്രങ്ങൾ വരച്ച് സാമൂഹ്യമാധ്യമങ്ങൾ വഴി അവരുടെ നന്മയെ പുകഴ്ത്തുന്നു. കുട്ടികളുമായി വന്ന് അമ്മമാർ അവരോടൊപ്പം സെൽഫി എടുക്കുന്നു. 35കാരിയായ മരിയ ആന്റോണിയേറ്റ ആൽവ എന്ന പെറുവിന്റെ ധനമന്ത്രിയാണ് സാധാരണക്കാരുടെ പ്രിയപ്പെട്ട 'ടോണി'. മറ്റ് രാജ്യങ്ങളെന്നപോലെ പെറുവിനെയും കൊവിഡ് മഹാമാരി ആക്രമിച്ചപ്പോൾ ചെറുകിട കച്ചവടക്കാർക്കും സാധാരണക്കാർക്കും അനുകൂലമായ നടപടികളിലൂടെ ജനഹൃദയങ്ങളിൽ കുടിയേറിയിരിക്കയാണ് ആൽവ.

പ്രസിഡന്റ് മാ‌ർട്ടിൻ വിസ്കാരയുടെ മന്ത്രിസഭയിൽ കഴിഞ്ഞ ഒക്ടോബറോടെയാണ് പുതുതലമുറയെ രാജ്യത്ത് ഉയർത്തിക്കൊണ്ടു വരുന്നതിനായി ആൽവയെ ധനമന്ത്രിയായി നിയമിച്ചത്. ഇതോടെ അയൽരാജ്യങ്ങളിലെ പോലെ പെറുവിലും പുതിയ ധനമന്ത്രിയുണ്ടായി. അർജന്റീനയുടെ 37കാരനായ മാർട്ടിൻ ഗുസ്മാൻ, ഡൊമിനിക്കൻ റിപ്പബ്ളിക്കിലെ ജൊവാൻ അരിയേൽ ജിമനസ്(35) ഇക്വഡോറിന്റെ റിച്ചാർഡ് മാർട്ടിനെസ്(35) എന്നിവരാണ് ആൽവയ്ക്കൊപ്പം ധനമന്ത്രിയായിട്ടുള്ള മറ്റുള്ളവർ.

കൊവിഡ് പ്രതിസന്ധി ഉലച്ച പെറുവിൽ പക്ഷെ ആൽവയുടെ ജോലി ഒട്ടും എളുപ്പമല്ല. പത്ത് ശതമാനത്തിലധികം ജി.ഡി.പിയിൽ താഴ്ചയും വലിയ തൊഴിലില്ലായ്മയും പെറുവിനെ കാത്തിരുപ്പുണ്ട്. ഒരുവർഷത്തിനകം തിരഞ്ഞെടുപ്പിനെയും നേരിടണം. അതിനെയൊന്നും മറികടക്കുക ആൽവക്ക് എളുപ്പമാകില്ല.

അടിസ്ഥാന സൗകര്യങ്ങൾ ,ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങൾ ഇവയുടെ വികസനം ഉറപ്പാക്കാൻ ആൽവ പ്രവർത്തിച്ചു. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പൊതുഭരണത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആൽവ ഇന്ത്യയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങളെ കുറിച്ച് അറിയാൻ ഇവിടെ രണ്ടുമാസത്തോളം താമസിച്ചിട്ടുമുണ്ട്. ദുരിതങ്ങളുടെ വാർത്തകൾക്കിടയിൽ പ്രത്യാശയേറുന്ന ഇത്തരം പ്രവർത്തനങ്ങളാണ് ആൽവയെ ജനസമ്മതയാക്കിയത്.