ജർമ്മൻ ബുണ്ടസ് ലിഗ ഇൗ മാസം 15ന് പുനരാരംഭിക്കും
സ്‌പാനിഷ് ലാലിഗയിൽ പരിശീലനം തുടങ്ങി
സെരി എ, പ്രിമിയർ ലീഗ് തീരുമാനം ഉടൻ
ബെർലിൻ : കൊവിഡിൽ വാടിവീണ യൂറോപ്പിലെ ഫുട്ബാൾ വീണ്ടും തളിരണിയുന്നു. മിക്ക രാജ്യങ്ങളിലെയും ദേശീയ ലീഗുകൾ തിരിച്ചുവരവിന്റെ പാതയിലാണ്. ജർമ്മൻ ബുണ്ടസ് ലിഗയിൽ ഇൗ മാസം 16 മുതൽ മത്സരങ്ങൾ പുനരാരഭിക്കാൻ ചാൻസലർ ഏൻജല മെർക്കൽ അനുമതി നൽകിക്കഴിഞ്ഞു. സ്പാനിഷ് ലാ ലിഗയിൽ കളിക്കാരുടെയും സ്റ്റാഫുകളുടെയും കൊവിഡ് ടെസ്റ്റിംഗ് കഴിഞ്ഞതോടെ വ്യക്തിഗത പരിശീലനത്തിന് അനുമതി നൽകി. ഇംഗ്ളീഷ് പ്രിമിയർ ലീഗിലും ഇറ്റാലിയൻ സെരി എയിലും തിരിച്ചുവരവിന്റെ സാദ്ധ്യതകളെപ്പറ്റിയുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്.
ശനിയാഴ്ച മുതൽ ബുണ്ടസ് ലിഗ
കളിക്കാരുടെയും സ്റ്റാഫുകളുടെയും കൊവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് ജർമ്മനിയിൽ കഴിഞ്ഞ മാസം അവസാനത്തോടെ പരിശീലനത്തിന് അനുമതി നൽകിയത്. ഇൗ പരിശോധനയിൽ കൊളോൺ ക്ളബിന്റെ മൂന്ന് കളിക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരെ ഒഴിവാക്കിയശേഷം മറ്റുള്ളവർക്ക് പരിശീലനത്തിന് അനുമതി നൽകുകയായിരുന്നു.
വ്യക്തമായ സുരക്ഷാനിർദ്ദേശങ്ങൾ പരിശീലനത്തിനെത്തുന്ന താരങ്ങൾക്ക് നൽകിയിട്ടുണ്ട്. സാമൂഹ്യഅകലം പാലിക്കുന്നതും കർശനമാക്കിയിട്ടുണ്ട്.സ്റ്റേഡിയങ്ങളിലും ഡ്രെസിംഗ് റൂമിലും താരങ്ങൾ എത്തുന്നതിന് മുമ്പും ശേഷവും അണുനശീകരണമുണ്ടാകും. ഗാലറികളിൽ കാണികളെ പ്രവേശിപ്പിക്കാതെ മത്സരങ്ങൾ നടത്താനാണ് ജർമ്മൻ സർക്കാർ തത്കാലം അനുമതി നൽകിയിരിക്കുന്നത്.ഒാരോ ടീമിനൊപ്പം ആരോഗ്യസുരക്ഷാ ഒാഫീസറെയും നിയമിച്ചിട്ടുണ്ട്.
മാസ്‌കിട്ട് മെസിയെത്തി
സ്പാനിഷ് ലാലിഗയിൽ താരങ്ങളുടെ പരിശോധന പൂർത്തിയായതോടെ ഗ്രൗണ്ടിൽ വ്യക്തിഗത പരിശീലനം പുനരാരംഭിച്ചു. ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസി ഇന്നലെ കാംപ് നൗ സ്റ്റേഡിയത്തിൽ പരിശീലനം നടത്താനിറങ്ങിയത് മാസ്ക് ധരിച്ചാണ്. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കളിക്കാർ ഗ്രൗണ്ടിലിറങ്ങുന്നത്. മാർച്ച് 12നാണ് ലാ ലിഗയിൽ അവസാനമായി മത്സരം നടന്നത്. ജൂൺ ആദ്യ വാരം ലാ ലിഗ പുനരാരംഭിക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഇറ്റലിയിൽ ചർച്ച
ഇറ്റാലിയൻ സെരി എ അധികൃതരും ആരോഗ്യവിദഗ്ധരും തമ്മിൽ ഇന്ന് നടക്കുന്ന ചർച്ചയിൽ ലീഗിന്റെ ഭാവിയെക്കുറിച്ച് തീരുമാനമുണ്ടായേക്കും. പരിശോധന നടത്തിയ ശേഷം പരിശീലനം നടത്താൻ അനുമതി നൽകാമെന്ന് ഇറ്റാലിയൻ കായിക മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊവിഡ് ഫുട്ബാളിനെ കാര്യമായി ബാധിച്ചത് ഇറ്റലിയിലാണ്. അറ്റ്ലാന്റ, യുവന്റസ് തുടങ്ങിയ ക്ളബുകളിലെ താരങ്ങൾക്ക് രോഗബാധയുണ്ടായി.അതേസമയം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ടോറിനോ ക്ളബിന്റെ കളിക്കാരനെ പോസിറ്റീവായി കണ്ടെത്തിയത് അധികൃതരെ കുഴപ്പിക്കുന്നുണ്ട്.