ന്യൂഡൽഹി: കാലാവസ്ഥാ പ്രവചനം നടത്താൻ ഉദ്ദേശിക്കുന്ന സഥലങ്ങളിൽ പാകിസ്ഥാൻ കൈയ്യടക്കി വച്ചിരിക്കുന്ന കശ്മീരിലെ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്(ഐ.എം.ഡി). ഈ തീരുമാനത്തോടെ കാലാകാലങ്ങളായി പിന്തുടർന്നുവന്ന ശീലത്തിനാണ് കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തുന്നത്. ഇതുവരെ പാക് അധീന കാശ്മീരിലെ പ്രദേശങ്ങളിലെ കാലാവസ്ഥ പ്രവചനം ഐ.എം.ഡി ഒഴിവാക്കുകയാണ് ചെയ്തിരുന്നത്.
പാകിസ്ഥാൻ ബലപ്രയോഗത്തിലൂടെ കൈയ്യടക്കി വച്ചിരിക്കുന്ന മുസാഫറാബാദ്, ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍ എന്നീ പ്രദേശങ്ങൾ കൂടിയാണ് ഐ.എം.ഡി തങ്ങളുടെ ദൈനംദിന കാലാവസ്ഥാ പ്രവചനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീരിലെ കാലാവസ്ഥാ ഉപവിഭാഗത്തെ 'ജമ്മു കശ്മീര്‍, ലഡാക്ക്, ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍, മുസാഫറാബാദ്' എന്നാണ് ഇപ്പോൾ ഇന്ത്യ കാലാവസ്ഥാ വകുപ്പ് പരാമർശിക്കുന്നത്. ചൊവ്വാഴ്ച മുതലാണ് പേരിൽ മാറ്റം വരുത്തിയത്.
കഴിഞ്ഞ ആഗസ്റ്റിൽ ജമ്മു കശ്മീരും ലഡാക്കും രണ്ട് കേന്ദ്രഭരണ പ്രദേശമാക്കിയത് മുതൽ പാക് അധീന കാശ്മീരിലെ കാലാവസ്ഥ തങ്ങൾ പ്രവചിക്കാറുണ്ടായിരുന്നുവെന്നും എന്നാൽ പേരുകൾ വ്യക്തമായി പറഞ്ഞുകൊണ്ടുള്ള കാലാവസ്ഥാ പ്രവചനം ആരംഭിച്ചത് ചൊവാഴ്ച മുതലാണെന്നും ഐ.എം.ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പാക് അധീന കാശ്മീർ ഇന്ത്യയുടെ കീഴിൽ തന്നെയുള്ള പ്രദേശങ്ങളാണെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു.
അതിന്റെ ചുവടുപിടിച്ചാണ് ഈ പുതിയ നീക്കം എന്നാണ് വിവരം. പാക് അധീന കാശ്മീരിലെ വടക്കൻ പ്രദേശങ്ങളിൽ(ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍) തിരഞ്ഞെടുപ്പ് നടത്താൻ പാകിസ്ഥാൻ സുപ്രീം കോടതി അടുത്തിടെ പാക് ഭരണകൂടത്തിന് അനുമതി നൽകിയിരുന്നു. നിയമവിരുദ്ധമായ ഈ നീക്കത്തിനുള്ള ശക്തമായ മറുപടിയാണ് ഇപ്പോൾ ഇന്ത്യ പാകിസ്ഥാന് നൽകിയിരിക്കുന്നത്.