ന്യൂഡൽഹി: കൊവിഡ് ബാധയും ലോക്ക്ഡൗണും മൂലം ഏപ്രിലിൽ 12.2 കോടിപ്പേർക്ക് ഇന്ത്യയിൽ തൊഴിൽ നഷ്ടമായതായി റിപ്പോർട്ട്. ഇതിൽ 75 ശതമാനത്തോളം പേരും ചെറുകിട കച്ചവടക്കാരും ശമ്പളജീവനക്കാരുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടേതാണ് (സി.എം.ഐ.ഇ) ഞെട്ടിപ്പിക്കുന്ന കണക്കുകൾ.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായത് തമിഴ്നാട്ടിലാണ്. തൊഴിൽ മേഖലയിലെ പങ്കാളിത്തം ഏറ്റവും കുറഞ്ഞതും ഇവിടെത്തന്നെ. അതേസമയം, ചെറുകിട കച്ചവടക്കാരിൽ പലർക്കും അവരുടെ തൊഴിലിലേക്ക് തിരികെ വരാൻ കഴിയുമെന്നിരിക്കെ, ശമ്പള ജീവനക്കാരായിരുന്നവർക്ക് അവരുടെ ജോലി തിരികെ കിട്ടാത്ത അവസ്ഥയാണുള്ളത്. തൊഴിൽ നഷ്ടപ്പെട്ടവരിൽ 1.8 കോടി വ്യവസായികളുമുണ്ട്. കൂടാതെ, 6 കോടിയോളം വരുന്ന സ്വയംസംരഭകർക്കും ഈ വർഷം ഏപ്രിലിൽ തൊഴിൽ നഷ്ടപ്പെട്ടു.