കാബൂൾ: കാസർകോട് സ്വദേശിയായ ഐ.എസ് ഭീകരൻ അബു ഖാലിദ് അൽ ഹിന്ദിയുടെ നേതൃത്വത്തിൽ അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാര ആക്രമിച്ചത് താലിബാൻ പിന്തുണയുള്ള ഹഖാനി ഗ്രൂപ്പും പാക് അനുകൂല ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറസാൻ പ്രൊവിൻസുമാണെന്ന് അഫ്ഗാനിലെ ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് അറിയിച്ചു. ഐ.എസ്.കെ.പി തലവൻ അസ്‌ലം ഫാറൂഖിയെയും അബു ഖാലിദ് അൽ ഹിന്ദിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഐ.എസ്.കെ.പിയിലേക്കും ഹഖാനി നെറ്റ്‌വർക്കിലേക്കും ആളെ ചേർക്കുന്ന സംഘത്തെയും അഫ്‍ഗാൻ പ്രസിഡന്റ് അഷ്റഫ് ഘാനിയുടെ സ്ഥാനമേൽക്കൽ ചടങ്ങിനിടെയുണ്ടായ ആക്രമണത്തിനും ബഗ്രാമിലെ യു.എസ് സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ റോക്കറ്റാക്രമണത്തിനും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടിയെന്ന് അഫ്ഗാൻ വൃത്തങ്ങൾ അറിയിച്ചു. അതേസമയം താലിബാൻ ഇത് തള്ളി. ഐ.എസ്.കെ.പിയുമായി സംഘടനയ്ക്ക് ഒരു ബന്ധവുമില്ലെന്നും ഇസ്ലാമിക് സ്റ്റേറ്റിനെ രാജ്യത്ത് നിന്ന് തുരത്തിയെന്നും താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.
മാർച്ച് 25നാണ് കാബൂളിലെ ഓൾഡ് സിറ്റിയിലെ ഗുരു ഹർ രായ് ഗുരുദ്വാരയ്ക്ക് നേരെ ഭീകരാക്രമണമുണ്ടായത്. 28 പേർ കൊല്ലപ്പെട്ടിരുന്നു.