karipoor-

കോഴിക്കോട്: ദുബായിൽ നിന്ന് ഇന്ന് രാത്രി കരിപ്പൂരിൽ എത്തുന്ന വിമാനത്തിൽ ആകെ 189 പേർ. ഇതിൽ 52 പുരുഷന്മാരും 22 സ്ത്രീകളുമടക്കം 74 പേർ കോഴിക്കോട് ജില്ലക്കാരാണ്. ഇവരിൽ 85 പേർക്ക് സ്വന്തം വീടുകളിലേക്ക് പോകാനാകും.

എയർ ഇന്ത്യാ എക്സ്പ്രസിന്റെ പ്രത്യേക വിമാനത്തിലാണ് പ്രവാസികളെ എത്തിക്കുന്നത്. പുറത്തിറങ്ങിയ ശേഷം

കർശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ആംബുലൻസിൽ മഞ്ചേരി അല്ലെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റും.

ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികൾ, 75 വയസിന് മുകളിൽ പ്രായമുള്ളവർ എന്നിവരെ സ്വന്തം വീടുകളിൽ പ്രത്യേക നിരീക്ഷണത്തിലേക്ക് അയയ്ക്കും. ഇവരെ ആരോഗ്യവകുപ്പിന്റെ കർശനമായ നിരീക്ഷണത്തിലായിരിക്കും വീടുകളിൽ തുടരാൻ അനുവദിക്കുക. ശേഷിക്കുന്നവരെ പ്രത്യേക നിരീക്ഷണാർത്ഥം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്രവാസികൾക്കായി സജ്ജമാക്കിയ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റും.

ഇന്ന് കരിപ്പൂരിലെത്തുന്ന കോഴിക്കോട് ജില്ലക്കാരിൽ 9 ഗർഭിണികൾ, പത്തു വയസിന് താഴെയുള്ള 5 കുട്ടികൾ, അടിയന്തര ചികിത്സാർത്ഥം എത്തുന്ന 26 പേർ, ഇവരിലുൾപ്പെടാത്ത 75 വയസിന് മുകളിലുള്ള 7 പേർ എന്നിങ്ങനെയുണ്ട്. ഇവർക്കാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാവുന്നത്.

വിവിധ ജില്ലകളിൽനിന്നുള്ള 85 പ്രവാസികൾക്കാണ് വീടുകളിൽ നിരീക്ഷണത്തിന് അനുമതിയുള്ളത്. അടിയന്തര ചികിത്സാർത്ഥം എത്തുന്നത് 51 പേരാണ്. കൂടാതെ 19 ഗർഭിണികൾ, പത്തു വയസിന് താഴെയുള്ള ഏഴ് കുട്ടികൾ, 75 വയസിന് മുകളിലുള്ള ആറ് പേർ, കൊവിഡ് നെഗറ്റീവ് റിപ്പോർട്ടുമായെത്തുന്ന രണ്ട് പേർ എന്നിങ്ങനെയാണ് സ്വയം നിരീക്ഷണത്തിന് വീടുകളിലേക്ക് പോകുന്നത്.