ഡൽഹി: ലോകത്തെയാകെ പിടിച്ചുകുലുക്കിയ കൊവിഡിന് പിന്നാലെ ഇന്ത്യ നേരിടാൻ പോകുന്നത് വലിയ തോതിലുള്ള ജനന നിരക്കാണെന്ന് യൂണിസെഫിന്റെ മുന്നറിയിപ്പ്. ലോക്ക്ഡൗണിന് ഒൻപത് മാസങ്ങൾക്ക് ശേഷം രണ്ട് കോടി കുട്ടികൾ പിറക്കുന്ന സാഹചര്യം രാജ്യത്തുണ്ടാവുമെന്നാണ് യൂണിസെഫിന്റെ മുന്നറിയിപ്പ്. മേയ് 10 ന് ആചരിക്കുന്ന മാതൃദിനത്തിന് മുന്നോടിയായാണ് യു.എൻ ഏജൻസിയുടെ പ്രവചനം.മാർച്ച് മുതൽ ഡിസംബർ വരെയുള്ള ഒൻപതുമാസത്തിലാണ് ജനന നിരക്ക് കൂടുന്നത്.ഈ കാലയളവിൽ ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും ആരോഗ്യ പരിരക്ഷ സംവിധാനങ്ങളിൽ കുറവുണ്ടാകും. ഇത്തരത്തിൽ ഏറ്റവുമധികം കുഞ്ഞുങ്ങൾ ഉണ്ടാവാനുള്ള സാധ്യത ഇന്ത്യയിലാണെന്നും യൂണിസെഫ് വിശദമാക്കി.ഇന്ത്യക്ക് തൊട്ട് പിന്നാലെ ചൈന, നൈജീരിയ, പാകിസ്ഥാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും വലിയ രീതിയിൽ ജനനം ഉണ്ടാവുമെന്നും യൂണിസെഫ് കണക്കുകൾ പറയുന്നു. യുഎസ് പോലുള്ള വികസിത രാജ്യങ്ങളും നേരിടാൻ പോകുന്നത് സമാന സാഹചര്യമാണ്. ഈ കുഞ്ഞുങ്ങളും അമ്മമാരും നിരന്തര വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും വിലയിരുത്തലുണ്ട്. നവജാത ശിശുക്കളുടെ മരണ നിരക്കും ഉയർന്നേക്കും. ഗർഭിണികൾക്കും കൊവിഡ് ബാധിക്കാനുള്ള സാധ്യത മറ്റുള്ളവരുടേത് പോലെ തന്നെയാണെന്നും അതിനാൽ തന്നെ പ്രസവ സംബന്ധിയായ പരിശോധനകളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും യൂണിസെഫ് മുന്നറിയിപ്പ് നൽകുന്നു.