nn

ന്യൂഡൽഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ നിന്നും അമേരിക്ക,​ യൂറോപ്പ്,​ മാലി എന്നിവടിങ്ങളിൽ നിന്നും പ്രവാസികൾ അടക്കമുള്ളവരെ തിരികെ എത്തിക്കുന്നതിനുള്ള നടപടികൾക്ക് ഇന്ന് തുടക്കമായിരുന്നു. 189 പ്രവാസികളുമായി അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യവിമാനം പുറപ്പെട്ടു കഴിഞ്ഞു. ഇതിന് പിന്നാലെ ദുബായിൽ നിന്ന് കരിപ്പൂരിലേക്കുള്ള വിമാനവും പുറപ്പെടും. എന്നാൽ മറ്റുള്ള രാജ്യങ്ങളിൽ നിന്ന് പ്രവാസികളെ തിരികെഎത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുമ്പോഴും ഇതുവരെ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കുന്നതിന് നടപടികളായില്ല. നൈജീരിയൻ എംബസികളിൽ പോലും ഇവിടെ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാനുള്ള പ്രാരംഭ നടപടികൾ പോലും തുടങ്ങിയിട്ടില്ലെന്ന് നൈജീരിയയിലെ അബൂജയിൽ താമസിക്കുന്ന ഒറ്റപ്പാലം സ്വദേശി ഡോ.അരുൺ പറയുന്നത്.

നൈജീരിയയിലെ പ്രധാന നഗരങ്ങളായ അബൂജ, ലാഗോസ്, പൊട്ടാക്കോട്ട്, കാനോ എന്നിവിടങ്ങളിലാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 200 ഓളം പേർ കുടുങ്ങിക്കിടക്കുന്നത്. ഇവരിൽ വിസ കഴിഞ്ഞവരും, ജോലി നഷ്ടപ്പെട്ടവരും ഗർഭിണികളും ഉൾപ്പെടുന്നു. ചാർട്ടേർഡ് വിമാനം ഏർപ്പാടാക്കി സ്വന്തം ചെലവിൽ വരാനും സംസ്ഥാന സർക്കാർ പറയുന്നതിനപ്പുറം സ്വന്തം ചെലവിൽ ക്വാറന്റൈനിൽ പോവാനുമൊക്കെ ഈ ഇരുന്നൂറ് പേരും തയ്യാറാണെങ്കിലും കൊച്ചിയിൽ വിമാനമിറങ്ങാനുള്ള അനുമതി നൽകണമെന്ന് കേന്ദ്രസർക്കാരിനോടും സംസ്ഥാന സർക്കാരിനോടും ഇവർ അപേക്ഷിച്ചു. ഇത് സംബന്ധിച്ച നിവേദനയമയച്ചിട്ടുണ്ടെങ്കിലും അനുകൂല മറുപടിയൊന്നും വന്നില്ലെന്നും ഡോ. അരുൺ പറയുന്നു.

ലോക്കൗഡൗണിനെത്തുടർന്ന് രാജ്യത്ത് ദാരിദ്ര്യത്തിലായ നാട്ടുകാർ വിദേശികളിൽ നിന്ന് പണം തട്ടാനായി അവർക്കെതിരെ അക്രമണത്തിനും ഒരുങ്ങുന്നുണ്ട്. ഇതോടെ പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണെന്നും അരുൺ ചൂണ്ടിക്കാട്ടുന്നു.

712 പേരാണ് നൈജീരിയയിൽനിന്ന് മടങ്ങാനുള്ള ആകെ മലയാളികളുടെ കണക്കെങ്കിലും ഇവിടെയുള്ള കോവിഡ് രോഗികളെ കുറിച്ചോ മരണത്തെ കുറിച്ചോ കൃത്യമായ കണക്ക് പോലും ലഭിക്കുന്നില്ല. മാത്രമല്ല ആകെ അഞ്ഞൂറിൽ താഴെ വെന്റിലേറ്റർ സൗകര്യമുള്ള ആശുപത്രി മാത്രമാണ് ഇവിടെയുള്ളത്. അടിയന്തര ചികിത്സയ്ക്കാതെ ആശുപത്രി അധികതർ ചികിത്സ പോലും നല്‍കുന്നില്ലെന്നും ഭക്ഷണം കിട്ടാനാവാത്ത അവസ്ഥവരെ ഉടനുണ്ടാവുമെന്നും അരുൺ പറയുന്നു. അതുകൊണ്ടു തന്നെ അടിയന്തരമായി ഗർഭിണികളെയും കുട്ടികളേയുമെങ്കിലും നാട്ടിലെത്തിക്കാനുള്ള നടപടികൾ അടിയന്തരമായി ചെയ്യേണ്ടതുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

അരുണിന്റെ പരാതിയെത്തുടർന്ന് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടിട്ടുണ്ട്. അടിയന്തര നടപടിക്കായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നൈജീരിയിൽകുടുങ്ങിക്കിടക്കുന്ന മലയാളികളെ അടിയന്തരമായി നാട്ടിലെത്തിക്കാൻ നടപടിയെടുക്കണമെന്ന് കേന്ദ്രവിദേശ കാര്യമന്ത്രിയോടും നൈജീരിയൻ എംബസിയോടും ആവശ്യപ്പെട്ടതായി എൻ.കെ. പ്രേമചന്ദ്രൻ എം.പിയും അറിയിച്ചിട്ടുണ്ട്. സുരേഷ് ഗോപി എം.പിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.