തണ്ണിത്തോട് (പത്തനംതിട്ട) : പ്ലാന്റേഷൻ കോർപ്പറേഷന്റെ മേടപ്പാറയിലെ റബർത്തോട്ടത്തിൽ ടാപ്പിങ്ങ് നടത്തിക്കൊണ്ടിരുന്ന യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇടുക്കി കഞ്ഞിക്കുഴി വടക്കേതിൽ മാത്യു തോമസിന്റെ മകൻ ബിനീഷ് മാത്യുവാണ് (36) മരിച്ചത്. എസ്റ്റേറ്റിലെ സി.ഡിവിഷനിലെ പുള്ളിപ്പാറയിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം
റബർ മരങ്ങൾ സ്ലോട്ടർ കരാറെടുത്ത് ടാപ്പു ചെയ്തുവരുകയായിരുന്നു ബിനീഷ് . തോട്ടത്തോട് ചേർന്നുള്ള മലയിലെ കാട്ടിൽ നിന്ന് ചാടിവീണ കടുവ ബിനീഷിന്റെ കഴുത്ത് കടിച്ച് മുറിച്ചു. സമീപമുള്ള മമ്പിലാവ് ഭാഗത്തെ സ്വാമിമലയിൽ ടാപ്പു ചെയ്തുകൊണ്ടിരുന്ന തൊഴിലാളികൾ ബിനീഷിന്റെ നിലവിളി കേട്ട് ഓടിയെത്തിയപ്പോഴേക്കും കടുവ പൊന്തക്കാട്ടിൽ മറഞ്ഞു. ഉച്ചയോടെ വനപാലകരെത്തി പരിശോധന നടത്തുമ്പോൾ വീണ്ടും കടുവയെത്തി. ആൾക്കൂട്ടം ബഹളം വച്ചതോടെ ഇവിടെയിരുന്ന ബൈക്കിന്റെ സീറ്റ് കടിച്ചുകീറിയ ശേഷം പൊന്തക്കാട്ടിലേക്ക് മറഞ്ഞു. വനപാലകർ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നാലു വർഷത്തിലേറെയായി എസ്റ്റേറ്റിലെ ക്വാർട്ടേഴ്സിൽ താമസിക്കുകയാണ് ബിനീഷ്. ഭാര്യ സിനി എഴ് മാസം ഗർഭിണിയാണ്.റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽപ്പെട്ട വനമേഖലയോട് ചേർന്ന പ്രദേശമാണിത്. മുണ്ടക്കയം, കട്ടപ്പന ഭാഗങ്ങളിലുള്ളവർ 1000 റബ്ബർ മരങ്ങൾ വീതമുള്ള ബ്ലോക്കുകൾ സ്ലോട്ടർ ടാപ്പിങ്ങിനായി കരാരെടുത്തിരിക്കുകയാണ്.