gulf

ദുബായ്: മലയാളി പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള ദുബായിൽ നിന്നും അബുദാബിയിൽ നിന്നുമുള്ള രണ്ട് വിമാനങ്ങളും കേരളത്തിലേക്ക് പുറപ്പെട്ടു. ഇന്ന് രാത്രിയോടെ ഇരു വിമാനങ്ങളും കേരളത്തിലേക്ക് എത്തും. അബുദാബിയിൽ നിന്നുമുള്ള വിമാനം രാത്രി 9.40ഓടെ കൊച്ചി നെടുമ്പാശേരി വിമാനത്താളവത്തിലെത്തുമ്പോൾ ദുബായിൽ നിന്നുമുള്ള വിമാനം രാത്രി 10.40നാണ് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെത്തുക.

അബുദാബി വിമാനം ഇന്ത്യൻ സമയം ഏഴു മണിയോടെ പുറപ്പെട്ടപ്പോൾ, ദുബായ് വിമാനം അരമണിക്കൂറിന്‌ ശേഷം 7.30യ്ക്കാണ് പറന്നുപൊങ്ങിയത്. കൊച്ചിയിലേക്കുള്ള അബുദാബിയിലെ വിമാനത്തിൽ 177 യാത്രക്കാരാണ് ഉള്ളത്. ദുബായിൽ നിന്നും കരിപ്പൂരിലേക്ക് വരുന്ന വിമാനത്തിൽ 177 യാത്രക്കാരും അഞ്ച് കുട്ടികളും ഉണ്ട്. കൊവിഡ് റാപ്പിഡ് ടെസ്റ്റ് നടത്തിയ ശേഷമാണ് യാത്രക്കാരെ വിമാനങ്ങളിൽ കയറാൻ അധികൃതർ അനുവദിച്ചത്.

ഇവരിൽ ആർക്കും രോഗം കണ്ടെത്തിയിട്ടില്ല. അതേസമയം കേരളത്തിൽ വിമാനമിറങ്ങുന് യാത്രക്കാർക്കായി എല്ലാ സജ്ജീകരണങ്ങളും തയ്യാറായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വിമാനമിറങ്ങുന്ന പ്രവാസികളെ അവരുടെ അതാത് ജില്ലകളിലെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ എത്തിക്കും. കൊച്ചിയിൽ വിമാനമിറങ്ങുന്ന പ്രവാസികളിൽ കൂടുതൽ പേരും തൃശൂർ ജില്ലക്കാരാണ്.