unicef-

ന്യൂയോർക്ക്: കൊവിഡ് 19ന് പിന്നാലെ രാജ്യത്തുണ്ടാകുന്നത് ക്രമാതീതമായ നിരക്കിലുള്ള ജനനമായിരിക്കുമെന്ന് യൂനിസെഫിന്റെ മുന്നറിയിപ്പ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഒൻപത് മാസങ്ങൾക്ക് ശേഷം രണ്ട് കോടി കുട്ടികൾ പിറക്കുന്ന സാഹചര്യമാണ് ഇന്ത്യയിലുണ്ടാകാൻ പോകുന്നതെന്ന് യൂനിസെഫ് പറയുന്നു.

മാർച്ച് കഴിഞ്ഞുള്ള ഒൻപത് മാസം ഇന്ത്യയിൽ ഏറ്റവുമധികം ജനനങ്ങൾ നടക്കുന്ന മാസം കൂടി ആയിരിക്കും. ഈ കാലയളവിൽ.,​ ഗർഭിണിയായ സ്ത്രീകൾക്കും നവജാത ശിശുക്കൾക്കും ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളിൽ കുറവ് അനുഭവപ്പെടുമെന്നും യൂനിസെഫ് വിശദമാക്കുന്നു.

മേയ് 10ന് ആചരിക്കുന്ന മാതൃ ദിനത്തിന് മുന്നോടിയായാണ് യൂനിസെഫിന്റെ മുന്നറിയിപ്പ്. ഇത്തരത്തിൽ ഏറ്റവുമധികം കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത ഇന്ത്യയിലാണെന്നും യൂനിസെഫ് പറയുന്നു.

ഇന്ത്യക്ക് തൊട്ട് പിന്നാലെ ചൈന, നൈജീരിയ, പാകിസ്ഥാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ജനനനിരക്ക് കൂടും. യു.എസ് പോലുള്ള വികസിത രാജ്യങ്ങളിലും ഇതേ അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നത്. ഈ കുഞ്ഞുങ്ങളും അമ്മമാരും നിരന്തര വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും യൂനിസെഫ് വിലയിരുത്തുന്നു.

അതേസമയം നവജാത ശിശുക്കളുടെ മരണ നിരക്കും ഉയരാൻ സാദ്ധ്യതയുണ്ട്. ഗർഭിണികൾക്കും കൊവിഡ് ബാധിക്കാനുള്ള സാധ്യത മറ്റുള്ളവരുടേത് പോലെ തന്നെയാണെന്നും പ്രസവവുമായി ബന്ധപ്പെട്ട പരിശോധനകളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും യൂനിസെഫ് മുന്നറിയിപ്പ് നൽകുന്നു