ജലന്ധർ : വിക്കറ്റിന് പിന്നിൽ തകർപ്പൻ കമന്റുകളുമായി കളം നിറയാറുള്ളമുൻ ഇന്ത്യൻ ക്യാപ്ടൻ മഹേന്ദ്രസിംഗ് ധോണി കരിയറിന്റെ തുടക്കത്തിൽ ലജ്ജാലുവും തീരെ കുറച്ചുമാത്രം സംസാരിക്കുന്ന ആളുമായിരുന്നെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ധോണിയുടെ ആ ശീലം പാടേ മാറ്റിക്കളഞ്ഞത് 2008ലെ ആസ്ട്രേലിയൻ പര്യടനത്തിലെ മങ്കിഗേറ്റ് സംഭവമായിരുന്നുവെന്ന് ഹർഭജൻ പറയുന്നു. ഇൻസ്റ്റഗ്രാം ലൈവിൽ നടത്തിയ സംഭാഷണത്തിലാണ് പഴയകാല ധോണിയെക്കുറിച്ച് ഹർഭജൻ മനസ്സു തുറന്നത്.
ആ പര്യടനത്തിലെ സിഡ്നി ടെസ്റ്റിൽ ഓസീസ് താരം ആൻഡ്രൂ സൈമണ്ട്സിനെ ഹർഭജൻ വംശീയമായി അധിക്ഷേപിച്ചുവെന്ന് വലിയ വിവാദമുയർന്നിരുന്നു.
‘ഞങ്ങളൊരുമിച്ച് ഒട്ടേറെ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. വെസ്റ്റിൻഡീസ്, ശ്രീലങ്ക, ന്യൂസീലൻഡ്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പര്യടനവും നടത്തിയിട്ടുണ്ട്. അന്നൊക്കെ ധോണി വളരെ ലജ്ജാലുവാണ്. അദ്ദേഹം ഒരിക്കലും ഞങ്ങളുടെയൊന്നും റൂമുകളിലേക്ക് വരില്ല. സ്വന്തം റൂമിൽ അടച്ചുപൂട്ടിയിരിക്കും. ഞങ്ങൾ സച്ചിൻ, സഹീർ ഖാൻ, ആശിശ് നെഹ്റ, യുവരാജ് തുടങ്ങിയവരെല്ലാം ആഘോഷമാക്കും. ധോണി ശാന്തനായി മുറിയിൽ ഒതുങ്ങിക്കൂടും’ – ഹർഭജൻ വിവരിച്ചു.
‘ഇതിനിടയിലാണ് 2008 ലെ ഓസീസ് പര്യടനം വരുന്നത്. സിഡ്നി ടെസ്റ്റിലെ വിവാദത്തോടെ ഇന്ത്യൻ ടീമിനുള്ളിൽ വളരെ ഒത്തൊരുമയുണ്ടായി. ഈ ഘട്ടത്തിൽ ഒത്തൊരുമിച്ചു നിൽക്കേണ്ടവരാണ് നമ്മളെന്ന തോന്നൽ ടീമംഗങ്ങളിൽ ഉണ്ടായി. അന്നു മുതലാണ് ധോണി ശരിക്കു വായ തുറന്നു സംസാരിക്കുന്നത് ഞങ്ങൾ കണ്ടത്. മാത്രമല്ല, ഒഴിവുസമയങ്ങളിൽ ഞങ്ങൾക്കൊപ്പം വന്നിരിക്കാനും തുടങ്ങി.’ – ഹർഭജൻ പറഞ്ഞു.
സൈമണ്ട്സിനെ കുരങ്ങൻ എന്ന് വിളിച്ചെന്ന പരാതിയിൽ തന്നെ വിലക്കിയപ്പോൾ ടീമിലെ ഏറ്റവും ശാന്തനായ സച്ചിന്റെ നേതൃത്വത്തിൽ ഇന്ത്യൻ താരങ്ങൾ ശക്തമായ പിന്തുണയാണ് നൽകിയതെന്നും ആ ഒത്തൊരുമ ധോണിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയെന്നും ഹർഭജൻ പറഞ്ഞു.