kylian-mbapp

പാരീസ്: വമ്പൻ ക്ലബുകൾ വലിയ ഒാഫറുകളുമായി രംഗത്തിറങ്ങിയതോടെ എന്തുവിലകൊടുത്തും യുവതാരം കൈലിയൻ എംബാപ്പയെ നിലനിറുത്താനൊരുങ്ങി ഫ്രഞ്ച് ക്ളബ് പി.എസ്.ജി. ആഴ്ചയിൽ 5.65 കോടി രൂപ പ്രതിഫലം നൽകാമെന്നാണ് പി.എസ്.ജിയുടെ വാഗ്ദാനം. നിലവിൽ ലഭിക്കുന്നതിന്റെ ഇരട്ടി വരുമിത്. ടീമിലെ സൂപ്പർ താരം നെയ്മറിന് നൽകുന്ന അതേ പ്രതിഫലമാണിത്. നെയ്മർ ബാഴ്സലോണയിലേക്ക് പോകുമെന്ന സൂചനകൾക്കിടെയാണ് എംബാപ്പെയെ നിലനിറുത്താൻ ഫ്രഞ്ച് ക്ളബ് ശ്രമം ഉൗർജിതമാക്കിയത്.2022 വരെയാണ് താരവുമായി ക്ലബ്ബിന് കരാറുള്ളത്.

ക്രിസ്റ്റ്യാനോ - മെസ്സി യുഗത്തിനുശേഷം അവരുടെ സ്ഥാനത്തേക്കുയരുമെന്ന് ഫുട്ബാൾ വിദഗ്ധർ വിലയിരുത്തുന്ന താരമാണ് എംബാപ്പെ. കഴിഞ്ഞ ലോകകപ്പിൽ ഫ്രഞ്ച് വിജയത്തിന് ചുക്കാൻ പിടിക്കുകയും മികച്ച യുവതാരമാകുകയും ചെയ്ത എംബാപ്പെ പി.എസ്.ജി.ക്കുവേണ്ടിയും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

നിലവിൽ ക്ലബ്ബ് ഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ താരമാണ്. 1500 കോടിയോളം രൂപയ്ക്കാണ് മൊണോക്കോയിൽ നിന്ന് 2018-ൽ 21-കാരനായ താരത്തെ പി.എസ്.ജി. സ്വന്തമാക്കിയത്.

എംബാപ്പെയെ റാഞ്ചാൻ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡും ഇംഗ്ലീഷ് ക്ലബ്ബ് ലിവർപൂളുമാണ് രംഗത്തുള്ളത്.