കൊച്ചി∙ രാജ്യത്ത് ലോക്ഡൗൺ ഒരു മാസം കഴിഞ്ഞപ്പോൾ ബോറടിച്ചെങ്കിൽ ക്രിക്കറ്റ് കരിയറിൽ കഴിഞ്ഞ ആറര വർഷമായി ലോക്ഡൗണിൽ കഴിയുന്ന തന്റെ അവസ്ഥയെന്തായിരിക്കുമെന്ന് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ഐപിഎൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് 2013 മുതൽ ബിസിസിഐ വിലക്കിയ സാഹചര്യത്തിലാണ് ക്രിക്കറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറര വർഷമായി താൻ ലോക്ഡൗണിലാണെന്ന ശ്രീശാന്തിന്റെ വാക്കുകൾ. ലോക്ഡൗണിൽ അകപ്പെട്ട് കൊച്ചിയിലെ വീട്ടിൽ കഴിയുന്ന ശ്രീശാന്ത് ഒരു ദേശീയ ചാനലിന് അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.
‘എല്ലാവരും കഴിഞ്ഞ ഒരു മാസമായിട്ടാണ് ലോക്ഡൗണിലായത്. പക്ഷേ, ഞാൻ എന്റെ പ്രൊഫഷന്റെ കാര്യത്തിൽ ആറര വർഷമായി ലോക്ഡൗണിലാണ്. ഈ സമയത്ത് സിനിമയുമായും ടെലിവിഷൻ പരിപാടികളുമായും ബന്ധപ്പെട്ടു മാത്രമേ ഞാൻ പ്രവർത്തിച്ചിട്ടുള്ളൂ. പക്ഷേ, ഞാൻ ഏറെ സ്നേഹിച്ചിരുന്ന ക്രിക്കറ്റ് എന്നിൽനിന്ന് എടുത്തുമാറ്റപ്പെട്ടു. ഒരു കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്. ക്രിക്കറ്റ് മൈതാനത്ത് പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നില്ലെങ്കിലും വീട്ടിൽ പരിശീലിക്കാൻ സ്വന്തമായൊരു സംവിധാനം തയാറാക്കി’ – ശ്രീശാന്ത് വിശദീകരിച്ചു.
വിലക്ക് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ഈ വർഷം സെപ്റ്റംബർ മുതൽ താൻ ക്രിക്കറ്റിൽ സജീവമാകുമെന്നും ശ്രീശാന്ത് പ്രഖ്യാപിച്ചു. അതുകൊണ്ടുതന്നെ ഈ സമയമത്രയും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.
‘കായികക്ഷമത നിലനിർത്താൻ ഇക്കാലമത്രയും വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. യുവതാരങ്ങളെല്ലാം കായികക്ഷമതയുടെ കാര്യത്തിൽ വലിയ ശ്രദ്ധ പുലർത്തുന്നതിനാൽ 37–ാം വയസ്സിലും 25കാരന്റെ കായികക്ഷമത നിലനിർത്താനാണ് ശ്രമം. ഞാൻ ക്രിക്കറ്റിൽനിന്ന് വിലക്കപ്പെട്ട കാലത്ത് 30 വയസായിരുന്നു പ്രായം. തിരിച്ചുവരുമ്പോൾ 30കാരനെപ്പോലെ കളിക്കാൻ തന്നെയാണ് ഇഷ്ടം’ – ശ്രീശാന്ത് പറഞ്ഞു.
പന്തിൽ തുപ്പൽ പുരട്ടുന്നതുൾപ്പെടെയുള്ള പതിവുകൾ കൊവിഡ് പശ്ചാത്തലത്തിൽ നിർത്തലാക്കാനുള്ള നീക്കത്തെ ശ്രീശാന്ത് എതിർത്തു.
‘ പന്തിൽ തുപ്പൽ പുരട്ടാൻ പാടില്ലെന്ന തീരുമാനം വരില്ലെന്നാണ് ഞാൻ കരുതുന്നത്. കാരണം തുപ്പൽ പുരട്ടുന്നത് നിരോധിച്ചാൽ റിവേഴ്സ് സ്വിംഗ് കിട്ടാതെ വരും. അല്ലെങ്കിലും ഈ പ്രതിസന്ധിക്കെല്ലാം ഒടുവിൽ മത്സരം പുനഃരാരംഭിക്കുമ്പോൾ വൈറസ് ബാധയുള്ളവർ എങ്ങനെയാണ് കളിക്കാനിറങ്ങുക? തീർച്ചയായും കളിക്കാരെ പരിശോധനകൾക്ക് വിധേയമാക്കി പ്രശ്നമില്ലെന്ന് ഉറപ്പാക്കിയശേഷമാകും കളിക്കാൻ അനുവദിക്കുക. രോഗമില്ലാത്തവരാണ് കളിക്കുന്നതെന്നിരിക്കെ തുപ്പൽ പുരട്ടുന്നതിൽ എന്താണ് പ്രശ്നം?’ – ശ്രീശാന്ത് ചോദിച്ചു.