ഹൈദരാബാദ്∙ നമ്മുടെ നാട്ടിൽ കായിക താരങ്ങളുടെ ഭാര്യമാരെ ‘ശല്യങ്ങളായി’ കാണുന്ന രീതിയുണ്ടെന്ന് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. പുരുഷ കായിക താരങ്ങൾക്കൊപ്പം ഭാര്യമാർ ഉണ്ടെങ്കിൽ അവരെ ശല്യങ്ങളായാണ് ആരാധകർ കാണുക. കളിയിൽ അവരുടെ പ്രകടനം മോശമാകുകകൂടി ചെയ്താൽ കുറ്റം മൊത്തം ഭാര്യമാർക്കാകുമെന്നും സാനിയ ചൂണ്ടിക്കാട്ടി. യുട്യൂബിലെ ‘ഡബിൾ ട്രബിൾ’ എന്ന ഷോയിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളായ ജമീമ റോഡ്രിഗസ്, സ്‌മൃതി മന്ദാന എന്നിവരുമായി സംസാരിക്കുമ്പോഴാണ് സാനിയ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഇക്കഴിഞ്ഞ വനിതാ ട്വന്റി-20 ലോകകപ്പ് ഫൈനലിന്റെ സമയത്ത് ഓസ്ട്രേലിയൻ വനിതാ ടീമംഗമായ അലീസ ഹീലിയെ പ്രോത്സാഹിപ്പിക്കാൻ ഭർത്താവും പുരുഷ ക്രിക്കറ്റ് താരവുമായ മിച്ചൽ സ്റ്റാർക്ക് ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടയിൽ നിന്ന് ദീർഘദൂരം സഞ്ചരിച്ചെത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ ‘ഭാര്യയുടെ സാരിത്തുമ്പിൽ പിടിച്ചു നടക്കുന്നയാൾ’ എന്നായിരിക്കും പരിഹാസമെന്ന് അന്ന് സാനിയ ട്വീറ്റ് ചെയ്തിരുന്നു. സ്റ്റാർക്കിനെ അഭിനന്ദിക്കുകയും ചെയ്തു.
‘പാതി തമാശയെന്ന നിലയ്ക്കാണ് ഞാൻ ആ ട്വീറ്റ് പോസ്റ്റ് ചെയ്തത്. അതിന്റെ സത്യാവസ്ഥ എനിക്കും വിരാട് കൊഹ്‌ലിയുടെ ഭാര്യ അനുഷ്‌ക ശർമയ്ക്കും ശരിക്കു മനസിലാകും. ഞങ്ങളുടെയൊക്കെ ഭർത്താക്കൻമാർ കളത്തിൽ മികച്ച പ്രകടനം കാഴ്‌ചവച്ചാൽ അത് അവരുടെ മാത്രം മികവാണ്. പ്രകടനം മോശമായാൽ കുറ്റം ഞങ്ങൾ ഭാര്യമാരുടേതു മാത്രമാകും. ഇതെന്താണ് ഇങ്ങനെയെന്നു മാത്രം എനിക്കറിയില്ല’ – സാനിയ പറഞ്ഞു.
‘ഇപ്പോൾ നമ്മളിത് തമാശരൂപേണയാണ് പറയുന്നതെങ്കിലും ഇതിനു പിന്നിൽ വളരെ ഗൗരവമുള്ളൊരു പ്രശ്നമുണ്ട്. സ്ത്രീകൾക്ക് ഒരിക്കലും പുരുഷൻമാർക്കു പിന്നിലെ ശക്തിയാകാൻ കഴിയില്ലെന്നും അവർ ശല്യക്കാരാണെന്നുമുള്ള പൊതു ധാരണയാണ് പ്രശ്‌നം. ഭാര്യയോ കാമുകിയോ ഒപ്പമുണ്ടെങ്കിൽ അവർ ഇടയ്ക്കിടെ കറങ്ങാൻ പോകും, ഇടയ്ക്ക് പുറത്ത് ഭക്ഷണം കഴിക്കാൻ പോകും. ഇതെല്ലാം കളിക്കാരുടെ ശ്രദ്ധ തെറ്റിക്കുമെന്നാണ് ചിലർ പറയുന്നത്. എന്തൊരു വിഡ്ഢിത്തമാണിത്’ – സാനിയ ചോദിച്ചു. ഇതേക്കുറിച്ച് താൻ അനുഷ്കയുമായി സംസാരിച്ചിരുന്നതായും താൻ പറഞ്ഞ കാര്യം അനുഷ്ക ശരിവച്ചതായും സാനിയ വെളിപ്പെടുത്തി