modi

അഹമ്മദാബാദ്: പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏഴായിരം കടന്നു. ഇന്ന് മാത്രം 388 പേരിൽ കൊവിഡ് രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ എണ്ണം 7013 ആയി ഉയരുകയായിരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ സംസ്ഥാനത്ത് 29 പേരാണ് രോഗം മൂലം മരണമടഞ്ഞത്. ഇതുവരെ രോഗമുക്തരായത് 1709 പേരാണ്. സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ആകെ 425. രോഗികളുടെ വ്യാപനം കണക്കിലെടുത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

ഗുജറാത്തിൽ രോഗബാധിതരുടെ എണ്ണവും മരണനിരക്കും വർദ്ധിക്കുന്നത് കേന്ദ്ര സർക്കാരിലും ബി.ജെ.പി നേതൃത്വത്തിലും കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനത്ത് കൊവിഡ് ബാധ നിയന്ത്രിക്കാനായില്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമേൽക്കുമെന്ന ചിന്തയിൽ കേന്ദ്ര സർക്കാരും വിഷയത്തിൽ ഊർജ്ജിതമായി ഇടപെടുകയാണ്.

ഇതിന്റെ തുടക്കമെന്നോണം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശിച്ചതനുസരിച്ച്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനിയുമായി അടുപ്പമുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരെ കേന്ദ്രം മാറ്റിയിരുന്നു. ഇവരുടെ സ്ഥാനത്ത് അനുഭവ പരിചയമുള്ള, മുതിർന്ന ഉദ്യോഗസ്ഥരെയും കേന്ദ്രം നിയമിച്ചു. രോഗബാധ തടഞ്ഞുനിർത്താൻ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് പുതിയ ഉദ്യോഗസ്ഥർ നിർദേശിച്ചിരിക്കുന്നത്.