കൊച്ചി/ കോഴിക്കോട് : കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രവാസികളുമായി യു.എ.ഇയിൽ പുറപ്പെട്ട വിമാനങ്ങൾ കേരളത്തിലെത്തി. അബുദാബിയിൽ നിന്നുള്ള ആദ്യവിമാനം നെടുമ്പാശ്ശേരിയിൽ രാത്രി 10.08നാണ് എത്തിയത്. 181 യാത്രക്കാരാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ lX452 എന്ന പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ എത്തിയത്. തിരികെ എത്തിച്ചവരുടെ വൈദ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങൾ വിമാനത്താവളത്തിൽ പുരോഗമിക്കുകയാണ്.
ദുബായിൽ നിന്നുള്ള വിമാനം രാത്രി 10.32നാണ് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. 182 പേരാണ് വിമാനത്തിലുള്ളത്. 20 പേരെ വീതം ഘട്ടം ഘട്ടമായി പുറത്തിറക്കും.
പരിശോധനയിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് ആശുപത്രിയിലേക്ക് മാറ്റും. പ്രശ്‌നങ്ങൾ ഇല്ലാത്തവരെ അവരവരുടെ ജില്ലകളിലെ ക്വാറന്റയ്നുകളിലേക്ക് കൊണ്ടുപോകും. ഇതിനായി എട്ട് കെ.എസ്.ആർ.ടി.സി ബസുകളും 40 ടാക്‌സികളും നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.