beena-antony

വിവാഹശേഷം തങ്ങൾ അനുഭവിക്കേണ്ടിവന്ന വേദനകളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ബീനാ ആന്റണിയുടെ ഭർത്താവും നടനുമായ മനോജ്. വിവാഹിതരായ ശേഷം തങ്ങൾ അപവാദകഥകളും വ്യാജപ്രചാരണങ്ങളും ഒരുപാട് നേരിടേണ്ടി വന്നുവെന്ന് മനോജ്ഉം ബീനയും വെളിപ്പെടുത്തുന്നു. പലതവണ തങ്ങളെ ചിലർ വിവാഹമോചിതരാക്കികൊണ്ടിരുന്നുവെന്നും വളരെ പെട്ടെന്നാണ് ഇത്തരത്തിലുള്ള വാർത്തകൾക്ക് പ്രചാരണം ലഭിച്ചതെന്നും താരദമ്പതികൾ ഓർക്കുന്നു.

ഒരു മലയാള മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനാണ് ഇരുവരും ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. വ്യാജവാർത്തകളെ കുറിച്ച് ആരാഞ്ഞുകൊണ്ട് നിരവധി പേർ തങ്ങളെ ഫോൺ ചെയ്യാറുണ്ടായിരുന്നുവെന്നും മനോജ് പറയുന്നു. ആദ്യമൊക്കെ ഇതിൽ വലിയ വേദന തോന്നി. പക്ഷെ പിന്നീട് അതൊരു ശീലമായി മാറുകയായിരുന്നു. വിവാഹത്തിന് മുൻപ് ബീന നേരിടേണ്ടി വന്ന അപവാദകഥകൾ തങ്ങളെ ഇരുവരെയും ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. ബീന ഒരുപാട് വേദനിച്ചിട്ടുണ്ട്. തിളങ്ങി നിൽക്കുന്ന സമയത്ത് എന്തെല്ലാം കഥകളാണ് പ്രചരിച്ചത്. മനോജ് പറയുന്നു.

'ബീനയുടെ അപ്പൻ വളരെ കാർക്കശ്യത്തോടെയാണ് മക്കളെ വളർത്തിയത്. അമ്മയോ അപ്പനോ ഇല്ലാതെ ബീന പുറത്തിറങ്ങുന്നതു ഞാൻ കണ്ടിട്ടില്ല. അങ്ങനെ ഒരു പെൺകുട്ടിയെ കുറിച്ചാണ് ഇത്തരം കഥകള്‍. മറ്റുള്ളവരെ വേദനിപ്പിച്ച് ആസ്വദിക്കുന്ന ചില മനുഷ്യരുണ്ട്. അവർ എന്തും പറയും. അത് ശ്രദ്ധിക്കാതിരുന്നാൽ മതി.' മനോജ് വ്യക്തമാക്കി. തങ്ങളുടെ പതിനേഴാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ഇരുവരും.