മുംബയ്: മഹാരാഷ്‌ട്രയിൽ ട്രാക്കിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 15 പേർ ട്രെയിനിടിച്ച് മരിച്ചു. എല്ലാവരും കുടിയേറ്റ തൊഴിലാളികളാണ്. ഇന്ന് പുലർച്ചെ 5.15ന് ഔറംഗബാദ്- ജൽന റെയിൽപാതയിലായിരുന്നു അപകടം. മദ്ധ്യപ്രദേശിലേക്ക് റെയിൽ ട്രാക്ക് വഴി നടന്നു പോവുകായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. വിശ്രമിക്കാനായി ഇവർ ട്രാക്കിൽ കിടന്ന് ഉറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ചരക്ക് കയറ്റി വന്ന ട്രെയിനാണ് തൊഴിലാളികളുടെ മേൽ കയറിയിറങ്ങിയത്. സംഭവസ്ഥലത്ത് ആർ.പി.എഫും പൊലീസും എത്തിയതായി റെയിൽവേ അധികൃതർ അറിയിച്ചു.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ പൊതുഗതാഗതം ലഭ്യമല്ലാത്തതിനാൽ കുടിയേറ്റ തൊഴിലാളികളിൽ അധികവും നടന്നാണ് സ്വദേശത്തേക്ക് പോകുന്നത്. ഏറെ ദൂരമുള്ള ഇത്തരം യാത്രയ്‌ക്ക് ഇവരിൽ പലരും തിരഞ്ഞെടുക്കുന്നത് റെയിൽ പാളമാണ്. പല സംസ്ഥാനങ്ങളും കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ സർവീസ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, വളരെ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് സേവനം ലഭ്യമാകുന്നത്. ഈ സാഹചര്യമാണ് കാൽനടയായി യാത്രചെയ്യാൻ തൊഴിലാളികളെ നിർബന്ധിതരാക്കുന്നതും.
അന്യസംസ്ഥാന തൊഴിലാളികൾക്കായി ശ്രമിക് എന്ന പേരിൽ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഈ വിവരങ്ങൾ നഗരപ്രാന്തങ്ങളിൽ താമസിക്കുന്ന ധാരാളം തൊഴിലാളികൾ അറിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.