ഇടയ്കുണ്ടായ അനാരോഗ്യത്തിൽ നിന്ന് മോചിതനായി ഊർജ്ജസ്വലനായി മാറിയിരിക്കുകയാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.എ.കെ.ജി സെന്ററിൽ പോവുകയും സംസ്ഥാന-ജില്ലാ നേതാക്കളുമായി ദൈനംദിന ആശയവിനിമയത്തിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്.
" പാൻക്രിയാറ്റിക് കാൻസറിനുള്ള ശസ്ത്രക്രിയ കഴിഞ്ഞതോടെ അസുഖം ഗണ്യമായി ഭേദപ്പെട്ടു.ചികിത്സ ഇനി രണ്ടുമാസം കൂടി മതിയാകും.ഇപ്പോൾ തിരുവനന്തപുരത്തു തന്നെ കീമോ ചെയ്തു വരികയാണ്.നാലു കീമോ കൂടി ബാക്കിയുണ്ട്.അത് ചെയ്താൽ ചികിത്സ പൂർണമാകുമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെട്ടത്."-കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ കോടിയേരി വ്യക്തമാക്കി.അദ്ദേഹം നൽകിയ മറുപടികളുടെ പ്രസക്ത ഭാഗങ്ങളിൽ നിന്ന്--
പാർട്ടി കോൺഗ്രസ് നീട്ടി വയ്ക്കും
പാർട്ടി കോൺഗ്രസ് നടത്തേണ്ടി വരും.എന്നാൽ അത് ഇലക്ഷന് മുമ്പ് ഉണ്ടാകാൻ സാധ്യത കുറവാണ്.ഇന്നത്തെ നിലയിൽ പൊതു തിരഞ്ഞെടുപ്പിനു ശേഷമെ പാർട്ടി കോൺഗ്രസ് നടത്താൻ സാധ്യമാവുകയുള്ളു. ബ്രാഞ്ച്,ലോക്കൽ സമ്മേളനങ്ങൾ ഇപ്പോഴത്തെ കൊവിഡ് സാഹചര്യം മാറിയാൽ നടത്താനാകും. എന്നാൽ ജില്ല, സംസ്ഥാന സമ്മേളനങ്ങൾ ഇലക്ഷനു ശേഷമെ പ്രായോഗികമായി നടത്താൻ കഴിയുകയുള്ളു.അന്തിമ തീരുമാനം കേന്ദ്രകമ്മിറ്റിയാണ് കൈക്കൊള്ളേണ്ടത് .(സാധാരണഗതിയിൽ ഈ ആഗസ്റ്റിൽ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കുകയും അടുത്തവർഷം ഏപ്രിലിൽ പാർട്ടി കോൺഗ്രസ് നടത്തുകയുമാണ് ചെയ്യേണ്ടിയിരുന്നത്.)
ലീഗിനോടുള്ള നിലപാടിൽ
ഇപ്പോൾ മാറ്റമില്ല
മുസ്ലിംലീഗ് ഇടതുപക്ഷത്തേക്ക് വരുമോയെന്നും ,ലീഗിനെ മതേതര പാർട്ടിയായി സി.പി.എം ഇപ്പോൾ കാണുന്നുണ്ടോയെന്നുമുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ." ലീഗുമായിട്ടുള്ള ബന്ധം സംബന്ധിച്ച് ഇപ്പോൾ ചർച്ചചെയ്തിട്ടില്ല.ചർച്ച ചെയ്യാത്ത ഒരു കാര്യത്തെക്കുറിച്ച് പറയുന്നത് ശരിയല്ല.മുസ്ലിം ലീഗിനെ സംബന്ധിച്ച് ഞങ്ങൾക്ക് നേരത്തെ തന്നെ ഒരു നിലപാടുണ്ട്.ആ നിലപാട് പുനപ്പരിശോധിക്കാൻ ഞങ്ങൾ ഇപ്പോഴും തയ്യാറായിട്ടില്ല.
എന്നാൽ കേരള കോൺഗ്രസിന്റെ ഏതെങ്കിലും വിഭാഗം ഇടതുപക്ഷത്തേക്ക് വരുന്നതിൽ നയപരമായ എതിർപ്പില്ല.ഇപ്പോൾത്തന്നെ മൂന്ന് കേരള കോൺഗ്രസ് വിഭാഗങ്ങൾ ഞങ്ങളോടൊപ്പമുണ്ട്.ഓരോ കക്ഷിയും സ്വീകരിക്കുന്ന രാഷ്ട്രീയമായ നിലപാട് പരിശോധിച്ചാണ്തീരുമാനം കൈക്കൊള്ളുന്നത്. യു.ഡി.എഫിന്റെ വീക്ഷണത്തിൽ നിന്ന് വ്യത്യസ്ഥമായ ഒരു നിലപാട് കേരള കോൺഗ്രസിൽ ഇപ്പോൾ ഞങ്ങൾ കണ്ടിട്ടില്ല.
പ്രതിപക്ഷത്തിന്
നശീകരണ നിലാപാട്
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് കേന്ദ്ര സർക്കാർ തന്നെ അംഗീകരിച്ചു കഴിഞ്ഞു.ലോക തലത്തിൽ തന്നെ അത് ചർച്ച ചെയ്യപ്പെടുന്നു.കേരളത്തിലെ ജനങ്ങളുടെ സാമൂഹിക ബോധം, പൊതു ജനാരോഗ്യത്തിന് നമ്മൾ നൽകുന്ന കരുതലൊക്കെ ഇക്കാര്യത്തിൽ പ്രധാനമാണ്.പല ഘട്ടങ്ങളിലും പൊതുജനാരോഗ്യരംഗം സ്വകാര്യവത്ക്കരിക്കാൻ യു.ഡി.എഫ് ശ്രമിച്ചെങ്കിലും ഞങ്ങളുടെ എതിർപ്പു മൂലം നടന്നില്ല.ഇത്തവണത്തെ ഇടത് സർക്കാർ ആർദ്രം പദ്ധതിയടക്കം ആരോഗ്യപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചു.
കൊവിഡ് സാഹചര്യം നേരിടുന്നതിൽ പ്രതിപക്ഷത്തെ ആദ്യം മുതൽ വിശ്വാസത്തിലെടുത്തുകൊണ്ടാണ് ഗവൺമെന്റ് പ്രവർത്തിച്ചത്.പ്രതിപക്ഷനേതാവിനെ ഒപ്പം കൂട്ടി തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസ് ഏറ്റവും വലിയ തെളിവായിരുന്നു.ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്ത് ഇങ്ങനെയൊരു നടപടി കാണാനാവില്ല.അത്തരം നടപടി സ്വീകരിച്ചു മുന്നോട്ടുപോകുമ്പോൾ യു.ഡി.എഫിന്റെ നേതാക്കൾക്ക് തോന്നി ഇത് അപകടമാണെന്ന്.ഇടതു പക്ഷത്തിന് ഇത് ഗുണം ചെയ്യുമോയെന്ന ആശങ്ക അവരുടെ ഇടയിൽ വളർന്നു.ആദ്യം മുതലേ അവർ നിയമസഭയിൽ സ്വീകരിച്ച നിലപാട് ഗുണകരമായിരുന്നില്ല.ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് എതിരായിരുന്നു അവർ.ക്രിയാത്മകമായി ഇടപെടാൻ പ്രതിപക്ഷം ശ്രമിച്ചില്ല.
ഗവൺമെന്റിന് അത്യാവശ്യമായ കാര്യങ്ങൾക്കു വേണ്ടി പണം ചെലവഴിക്കുന്നതിനെ വിമർശിക്കുന്നത് വിവാദമുണ്ടാക്കാനാണ്.ഹെലിക്കോപ്റ്ററൊക്കെ അത്യാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കേണ്ടി വരും. യു.ഡി.എഫിന്റെ കാലത്തും ഉപയോഗിച്ചിട്ടുണ്ട്.പാർട്ടി കേസ് നടത്താൻ സർക്കാർ പണം ഉപയോഗിക്കുന്നുവെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്.പാർട്ടി കേസുകൾ നടത്താനുള്ള പണം ജനങ്ങൾ പാർട്ടിക്കു നൽകുന്നുണ്ട്.സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സി.ബി.ഐ ക്കു വിടാൻ തീരുമാനിച്ചപ്പോഴാണ് സർക്കാർ അഭിഭാഷകരെ കൊണ്ടുവന്നത്.പാർട്ടിക്ക് കേസ് നടത്താൻ സർക്കാർ പണം നൽകാറില്ല .
പ്രത്യേകതരം മാനസികാവസ്ഥ ഉണ്ടാകുന്നതിനാലാണ് ഇത്തരം വിമർശനമെന്ന് മുഖ്യമന്ത്രി പറയുന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പ്രതിപക്ഷം ഇപ്പോഴും നിഷേധാത്മകമായ നിലപാട് തന്നെയാണ് തുടർന്നുകൊണ്ടിരിക്കുന്നതെന്നായിരുന്നു മറുപടി.എല്ലാത്തിനെയും എതിർക്കുക എന്നൊരു നശീകരണ നിലപാട് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നു.ഇത് ശരിയല്ല.പ്രതിപക്ഷത്തെ അവഗണിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല.പ്രതിപക്ഷത്തെ ഇപ്പോഴും സഹകരിപ്പിക്കാനാണ് ഗവൺമെന്റ് ശ്രമിക്കുന്നത്.മുഖ്യമന്ത്രിക്ക് അഹങ്കാരത്തിന്റെ ഭാഷയാണെന്ന് പ്രതിപക്ഷനേതാവ് പറയുന്നതിൽ വസ്തുതയില്ല.മുഖ്യമന്ത്രി ഇത്തരം വിമർശനങ്ങൾ മുമ്പും കേട്ടിട്ടുണ്ട്.അതിൽ കഴമ്പില്ല.
ഐസക്കിന്
വീഴ്ചയില്ല
ജി.എസ്.ടി വന്നതോടെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി വന്നു.അത് കേരളത്തെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്.ജി.എസ്.ടിയിൽ ഉണ്ടാകുന്ന നഷ്ടം നികത്തുമെന്ന് പറഞ്ഞ കേന്ദ്ര സർക്കാർ ഇപ്പോൾ കൈമലർത്തുകയാണ്.ധനമന്ത്രി തോമസ് ഐസക്കിന് ധന മാനേജ്മെന്റിന്റെ കാര്യത്തിൽ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. മാത്രമല്ല അദ്ദേഹം ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന ഒരു മന്ത്രിയാണ്.പുതിയ ആശയങ്ങൾ കൊണ്ടുവരുന്നുണ്ട്.കേരളത്തിനാവശ്യമായ വിഭവങ്ങൾ ഇല്ലെന്നതിനാലാണ് കിഫ്ബി പദ്ധതി അദ്ദേഹം സജീവമാക്കിയത്. കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ വ്യക്തമായ ആശയം കൊണ്ടുവരാൻ ഐസക്കിന് കഴിഞ്ഞു.
പാർട്ടിയും ഗവൺമെന്റും
തമ്മിൽ നല്ല ബന്ധം
ഗവൺമെന്റിന്റെ കാര്യങ്ങൾ മുഖ്യമന്ത്രിയിലാണ് നിക്ഷിപ്തമായിരിക്കുന്നത്.പാർട്ടിയും സർക്കാരും തമ്മിൽ നല്ല ബന്ധമാണ്.കൂടിയാലോചനകൾ ഉണ്ട്.അങ്ങനെ ഇല്ലാതിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇങ്ങനെ വിമർശിക്കുന്നത്.പാർടി ഒരു ഭാഗത്തു നിൽക്കണം, ഗവൺമെന്റ് മറുഭാഗത്ത് നിൽക്കണം,എപ്പോഴും വിവാദങ്ങൾ ഉണ്ടാകണം.അതായിരുന്നല്ലോ വി.എം.സുധീരനും ഉമ്മൻചാണ്ടിയും തമ്മിലുണ്ടായത്.വി.എസിന്റെ കാലത്ത് ഇത്തരത്തിൽ ചില പ്രശ്നങ്ങളുണ്ടായത് ഞങ്ങൾ ചർച്ച ചെയ്ത കാര്യങ്ങളാണ്. അങ്ങനെ ഉണ്ടാകാൻ പാടില്ലെന്ന് ഞങ്ങൾ തീരുമാനിച്ചതാണ്.ആ അനുഭവം ഞങ്ങൾക്കുണ്ട്.സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അഭിപ്രായ വ്യത്യാസമുള്ളവർക്ക് അത് പാർട്ടിയിൽ ഉന്നയിക്കാം.പാർട്ടിക്ക് പുറത്ത് ഉന്നയിക്കുന്നത് അനുവദനീയമല്ല.സ്പ്രിങ്ക്ളർ കരാറിന്റെ കാര്യത്തിൽ പാർട്ടിയെന്ന നിലയിൽ ആവശ്യമായ കൂടിയാലോചന നടത്തിയിട്ടുണ്ട്.പാർട്ടിയുടെയും ഭരണത്തിന്റെയും കടിഞ്ഞാൺ മുഖ്യമന്ത്രിയിലാണെന്ന് ചിലർ വിമർശിക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി.
ഭരണത്തുടർച്ച
ഇത്തവണ അതിന് സാധ്യതയുണ്ട്.ഇടത് മുന്നണി വളരെ ശക്തിപ്പെട്ടിട്ടുണ്ട്.കഴിഞ്ഞകാലത്തുണ്ടായതിനേക്കാൾ കൂടുതൽ പ്രസ്ഥാനങ്ങൾ ഇടതുപക്ഷത്തേക്ക് വന്നിട്ടുണ്ട്.കൂടുതൽ പ്രസ്ഥാനങ്ങൾ ഇനിയും വരുമോയെന്ന ചോദ്യത്തിന് സാധ്യതയുണ്ടെന്നായിരുന്നു മറുപടി.കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണം ലഭിക്കണമെന്ന ആഗ്രഹം മലയാളികളിൽ ശക്തമായിട്ടുണ്ട്.അതിനുള്ള സാധ്യത ഞങ്ങൾ പ്രയോജനപ്പെടുത്തുന്നതിനെ ആശ്രയിച്ചിരിക്കും. പ്രതിപക്ഷത്തിനെ അതാണ് അലോസരപ്പെടുത്തുന്നത്.കേരളത്തിലെ രാഷ്ട്രീയ ചിന്തയിൽത്തന്നെ മാറ്റം വന്നിട്ടുണ്ട്.കേരളത്തിന്റെ ഭാവിക്കു ഗുണകരമായ നിലപാടെടുക്കുന്ന പാർട്ടി ഏതെന്ന് ജനങ്ങൾ വിലയിരുത്തുന്നുണ്ട്.
ഒരു വർഷം മാത്രം ബാക്കി നിൽക്കെ മന്ത്രിസഭയിൽ യാതൊരു അഴിച്ചുപണിയോ മിനുക്കുപണിയോ ആലോചിച്ചിട്ടില്ല.മന്ത്രിമാർ എല്ലാവരും നല്ലനിലയിലാണ് പ്രവർത്തിക്കുന്നത്.തദ്ദേശ തിരഞ്ഞെടുപ്പ് നേരിടാൻ പാർട്ടി സജ്ജമാണെന്നും കോടിയേരി പറഞ്ഞു.
( അഭിമുഖത്തിന്റെ പൂർണ്ണരൂപം കൗമുദി ടിവിയിൽ നാളെ രാത്രി ഒമ്പത് മണിക്ക് )