ന്യൂയോർക്ക് : ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലും ബാധിച്ച മഹാമാരിയായ കൊവിഡിന്റെ പേരിൽ മറ്റ് രാജ്യങ്ങൾക്ക് നേരെയുള്ള വെറുപ്പിന്റെയും ഭയത്തിന്റെയും സംഭ്രമകരമായ വാർത്തകൾ പ്രചരിപ്പിക്കുന്നതും, ബലിയാട് ചമയുന്നതും ലോകരാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് യുണൈറ്റഡ് നേഷൻസ് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെർസ്.
ലോകമാകെ പ്രത്യക്ഷത്തിലും സാമൂഹ്യമാദ്ധ്യമങ്ങളിലും അത്തരം സിദ്ധാന്തങ്ങളും കഥകളും വർദ്ധിക്കുന്നു. .യഹൂദരും മുസ്ലീങ്ങളുമെല്ലാം കൊവിഡ് 19നു മായി ബന്ധിപ്പിച്ച് ആ കഥകളിൽ അപമാനിക്കപ്പെടുന്നു.
കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും വൈറസ് പ്രചാരകരാക്കി അധിക്ഷേപിക്കുന്നുണ്ട്. അതുമൂലം ഇവർക്ക് വൈദ്യപരിശോധന പോലും പലയിടത്തും നിഷേധിക്കപ്പെടുന്നു. വൃദ്ധരെ വൈറസ് ബാധക്ക് കൂടുതൽ സാധ്യതയുള്ളതായി കാട്ടി മീമുകളുണ്ടാക്കി അവഹേളിക്കുന്നു.
'ഔദ്യോഗികമായി സംഭവിക്കുന്ന നിയമ വിരുദ്ധമായ കാര്യങ്ങൾ അറിയിക്കുന്നവരെയും,ആരോഗ്യ പ്രവർത്തകരെയും, മനുഷ്യാവകാശ പ്രവർത്തകരെയും, മാദ്ധ്യമ പ്രവർത്തകരെയും അവർ തങ്ങളുടെ ജോലി ഭംഗിയായി ചെയ്യുമ്പോൾ അധിക്ഷേപിക്കുകയാണ്. സാമൂഹ്യമാദ്ധ്യമങ്ങൾ ഇത്തരം വംശീയ, മത,വെറുപ്പ് വരുന്ന വസ്തുക്കൾ തടയണം. സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും യുവജനങ്ങൾക്കിടയിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ പെരുമാറാനുള്ള ഡിജിറ്റൽ വിദ്യാഭ്യാസം നൽകണം.' ഗുട്ടെർസ് അഭ്യർത്ഥിച്ചു.