newdelhi-

ന്യൂഡൽഹി: കൊവിഡ് രോഗത്തെ നേരിടാൻ സർക്കാർ പൂർണ സന്നദ്ധമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാൾ ഏപ്രിൽ മാസം അവസാനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ മെയ്1 മുതൽ ഒരാഴ്ചയ്ക്കിടെ ഡൽഹിയിൽ റിപ്പോർട് ചെയ്തത് 2465 കൊവിഡ് കേസുകളാണ്. മാർച്ച് മാസം മുതൽ രണ്ട് മാസം രേഖപ്പെടുത്തിയ ആകെ രോഗികളുടെ എണ്ണത്തിന്റെ 40 ശതമാനത്തിൽ അധികം വരുമിത്.

കൊവിഡ് ലോക്ഡൗണിന് ശേഷം സംസ്ഥാനം വിവിധ മേഖലകളിൽ ഇളവ് നൽകാൻ ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജിരിവാൾ അറിയിച്ചതിന് പിറകെയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ഈ കണക്ക് പുറത്തുവിട്ടത്. കൊവിഡ് കേസുകൾ ഇരട്ടിക്കാൻ 13 ദിവസം എന്നത് 11 ദിവസമായി ഡൽഹിയിൽ ചുരുങ്ങിയിരിക്കുന്നു. രോഗം കുറയുന്നില്ല എന്നതിന്റെ മികച്ച ഉദാഹരണമാണിത്. എന്നാൽ കണ്ടെയ്മെന്റ് സോണുകൾ 100എണ്ണമായിരുന്നത് സർക്കാർ 83ആയി കുറച്ചു.

തെക്കുകിഴക്കൻ ഡൽഹിയിൽ സ്ഥിതി രൂക്ഷമാണ് 1600കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. തെക്കൻ ഡൽഹിയിലാണ് രണ്ടാമത് 237 എണ്ണം. ഇവിടെ 14 കണ്ടെയ്ൻമെന്റ് മേഖലകളുണ്ട്. ഇവിടങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കാണ് 30 ശതമാനത്തോളം രോഗം ബാധിച്ചത്.

ഡൽഹി ആരോഗ്യ വകുപ്പ് മേയ്1ന് നൽകിയ കണക്ക് പ്രകാരം 223 കേസുകളിലായി 383 പേർക്കും മേയ് 2ന് 384 കേസുകളിൽ 1015 പേ‌ർക്കും രോഗം സ്ഥിരീകരിച്ചു. പിറ്റേന്ന് 1071 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. മേയ് 4 മുതൽ കണ്ടെയ്ൻമെന്റ് മേഖലകളിലെ കണക്ക് വകുപ്പ് പുറത്തുവിടുന്നില്ല. ഇതിനുകാരണം സ‌ർക്കാ‌ർ സംവിധാനം ഫലപ്രദമാകാത്തതോ കണക്കുകളിൽ വന്ന വീഴ്ചയോ ആകാം. എന്നാൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്രനാഥ ജെയിൻ അവിടെ രോഗബാധ കുറയുകയാണെന്ന് വാദിക്കുന്നു. മുൻപ് രോഗബാധ നിരക്ക് 20 ശതമാനമായിരുന്നത് ഇപ്പോൾ 8 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ജൂൺ ജൂലായ് മാസത്തിൽ ഇന്ത്യയിൽ രോഗബാധ വർദ്ധിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെട്ടിരിക്കുന്നത്. വിവിധ സർക്കാർ സ്വകാര്യ ആശുപത്രികളിലായി 4500 കിടക്കകളാണ് ഡൽഹിയിൽ തയ്യാറായിരിക്കുന്നത്. അത്യാവശ്യ ഘട്ടത്തിൽ 30000 കിടക്കകൾ ആശുപത്രികളിലും, ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലുമായി തയ്യാറാക്കാൻ അറിയിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ 306 വെന്റിലേറ്ററുകളും സ്വകാര്യ ആശുപത്രികളിൽ 800എണ്ണവും തയ്യാറാക്കാൻ പ്രാപ്തമാണെന്ന് മുഖ്യമന്ത്രി കെജിരിവാൾ അറിയിച്ചിട്ടുണ്ട്. പിപിഇ കിറ്റുകളും വേണ്ടത്ര സ്റ്രോക്കുണ്ട്.

എന്നാൽ ഡൽഹിയിൽ ലോക്ഡൗൺ നിർദ്ദേശങ്ങളോട് ജനങ്ങൾ വേണ്ടത്ര ക്രിയാത്മകമായി പ്രതികരിക്കുന്നില്ലെന്ന് ഐഎംഎ മുൻപ്രസിഡന്റ് ഡോ.കെ.കെ.അഗർവാൾ അഭിപ്രായപ്പെട്ടു. ഇത് വൈറസ് ബാധ അതിവേഗമാകാൻ പ്രധാന കാരണമായതായി അഗർവാൾ കാണുന്നു.

ബുദ്ധിമുട്ടിന്റെ ഈ സമയത്തും ഡൽഹിയിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പരസ്പരം പഴിചാരുന്നതിലും വഴക്കിനും കുറവില്ല. ഇത്തരം പ്രയാസങ്ങളെ മറികടന്ന് ഡൽഹി തിരിച്ചുവരുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.